Skip to main content

നീയും നിന്റെ മേഘങ്ങളും കൊന്തുന്നു

പോകുന്നിടത്തൊക്കെ ഞാൻ
ഒരാകാശം കൊണ്ടുപോകുന്നു
നിലത്തിറക്കി വെയ്ക്കുവാൻ, 
മാത്രം ഒരു തുമ്പിയെ വിളിക്കുന്നു.

എന്തോ എന്ന വിളികേൾക്കുവാൻ കൊതിക്കും
വാക്കിന്റെ ഏകാന്തത,
ഒരു തുമ്പിക്കുഴമ്പെടുത്തു പുരട്ടുന്നു
തുമ്പിയാവുന്നു

കേൾവിയുടെ 
നിലാവിലേയ്ക്ക് നീളും വിരലുകൾ 

കാതുകൾ 
നിലാവെടുത്തു വെയ്ക്കുമ്പോൾ,
കേൾക്കും ശബ്ദം 
എന്ന് വിശദീകരിക്കുമ്പോൾ
അതിൽ ചിറകുകൾ പുരളുന്നു
എഴുതിയ കണ്ണിലെ 
വാക്കിലെന്നോണ്ണം വാലും നീളുന്നു

കാറ്റഴിയ്ക്കും ചാറ്റൽമഴച്ചുരുളുകൾ 
ദൂരം എന്ന അതിന്റെ പേരിന്നരികിൽ
ഒരു ഇലയിലിരുന്നുരുളും
മഞ്ഞുകണത്തെ 
എന്റെ തുമ്പി ചെന്നുതൊടുന്നു

മഞ്ഞുകണത്തെ മഞ്ഞ് പിൻവലിയ്ക്കുന്നു

ശാന്തത ഇപ്പോൾ ചന്ദ്രന്റെ പാതി

2

ഒരു ചതുരംഗത്തിലും 
കരുവാകുന്നില്ല മഞ്ഞ്,
അരിച്ചുകയറുന്ന സ്വരത്തിൽ 
ഓരോ മഞ്ഞുതുള്ളിയും പാടുന്നു

ഹസ്തരേഖകൾ അഴിച്ചെടുക്കും
ആകാശം

ഒരിലയിൽ,
മറ്റൊരു മഞ്ഞുകണത്തെ 
ഇറക്കിവെച്ച പാൻഥന്റെ കൈ,
ഇലകൾ നോക്കുന്നു

കടുത്ത മഴയുണ്ടായിരുന്നു
ആരോടും പറഞ്ഞില്ല
ആരും നനഞ്ഞില്ല

മായ്ച്ചുകളയുവാൻ മാത്രം 
മഴക്കരികിൽ എഴുതി
ആരും അറിഞ്ഞില്ല എന്ന വരി
ആരും വായിച്ചില്ല
ആയതിനാൽ ഒന്നും മാഞ്ഞില്ല

ഒരാൾക്ക് വേണ്ടി മാത്രം പെയ്യുന്ന മഴ 
എന്ന ലേബലിൽ
നിന്നു പെയ്തു മഴ,
ചെന്നു നനഞ്ഞൂ അതിൽ 
വന്നു നനഞ്ഞു തുമ്പിയും

ശൂന്യതകൊണ്ട് നിർമ്മിച്ച മുത്ത്
കൊരുക്കപ്പെടുവാൻവേണ്ടി മാത്രം
ഉള്ളിൽ,
സുഷിരം സൂക്ഷിക്കുമ്പോലെ
ജീവിതവുമായി 
കൊരുക്കപ്പെടുവാൻ വേണ്ടി മാത്രം ഉള്ളിൽ സൂക്ഷിച്ചു,
കവിത

3

എന്റെ ഏകാന്തത, 
തുമ്പി സൂക്ഷിയ്ക്കുന്നു.

കിളികൾക്ക് വേണ്ടി മാത്രം
കൊരുക്കപ്പെടും മുത്താവും
ആകാശം

അത് പൊട്ടിവീഴുമെന്ന്,
മഴ മാത്രം ഭയപ്പെടുന്നു
ഭയത്തിന്റെ മുത്തായി മഴ.
തുമ്പി, നനഞ്ഞ മഞ്ഞിന്റെ കാവൽക്കാരൻ

4

നിലത്ത് വീണ് 
ആകാശത്തേയ്ക്ക് മാത്രം കുതിയ്ക്കും
മുത്ത്,
ശൂന്യതയിൽ സുഷിരങ്ങളിടും കവിത

താളിന്നൊപ്പം മറിയുമാകാശം
വിരലിന്നൊപ്പം മറിയും കിളികളും

ഒരു വെള്ളാരങ്കല്ലിന്റെ രൂപപ്പെടലിനെ
തെളിനീരരുവിയിലെ ജലം
കളങ്ങൾ പോലെ ഓളങ്ങൾ വരച്ച്
അതിന്റെ നിശ്ചലത കൊണ്ട്,
ചെന്ന്, 
കൊന്തിത്തൊടുമ്പോലെ
മഴയെ കൊന്തിത്തൊട്ടുകളിച്ചു,
എന്റെ കാട്ടുകുറിഞ്ഞിയുടൽ.
കളം വരച്ചു ധനുമാസവും

മുകളിൽ
നിലാവിന്റെ കുന്നിറങ്ങി,
മകരത്തിൽ തൊടും മേഘങ്ങൾ
താഴെ തെച്ചിയിതൾ ഓംങ്കാരങ്ങൾ.

5

നീയും നിന്റെ മേഘങ്ങളും കൊന്തുന്നു
നിന്റെ മേഘങ്ങൾ എങ്ങും തൊടുന്നില്ല
എന്നിട്ടും,
കൊന്തുമ്പോൾ നിന്റെ മേഘങ്ങൾ
അനുഭവിയ്ക്കുന്നതെന്തും
എന്റെ ഏകാന്തതയും അനുഭവിയ്ക്കുന്നു.

അവ കൊന്തുന്നു
അവ എന്നെ മാത്രം വന്ന് തൊടുന്നു 

അവളുടെ
കളം വരച്ചിട്ട ഒറ്റപ്പെടലിനെ
ഒരു മാസം പോലെ,
തീയതികളില്ലാതെ ചെന്ന് തൊടും
എന്റെ ഏകാന്തത
കൂടെ തൊടുന്നു തുമ്പിയും.

6

ഉദിയ്ക്കുവാൻ വൈകുന്തോറും
പൗർണ്ണമിയിൽ രൂപപ്പെടും
മഞ്ഞുകലർന്ന ഒരു മൂടലുണ്ട്.
വൈകുന്നതിന്റെ പൂർണ്ണത
അഥവാ പൂർണ്ണതയുടെ വൈകൽ,
മാനത്ത്

പുതിയ ആകാശം തീർക്കുവാൻ
ഓരോ തുമ്പിയും 
എടുത്തുവെയ്ക്കും ആകാശക്കുഴമ്പ്

മേഘങ്ങൾ ആകാശമെടുക്കുവാൻ വരും
ലൈബ്രറി
മേഘങ്ങൾ മടക്കാത്ത ബുക്കായി,
മേഘത്തിന്റെ മുറിയിൽ 
ചിതറിക്കിടക്കും ആകാശം.
അതാണ്
ഇപ്പോൾ എന്റെ സങ്കൽപ്പം നിറയേ

7

നിന്റെ അരികിൽ കിടന്ന് മയങ്ങും ചോദ്യം
എങ്ങനെയെന്ന ചോദ്യം മന്ദാരപ്പൂവായി വിരിയുന്നയിടം
നിന്റെ ഒരു പ്രാവും അങ്ങിനെ
ചെയ്യുന്നുണ്ട് എന്ന് ഉത്തരം

ഒരാളുടെ ഏകാന്തത,
രണ്ട് പേർ ചേർന്നു പങ്കിടുന്നത് പ്രണയമെന്ന് വിളിക്കുമോ
അത് ചോദ്യമാകുന്നു

ഇപ്പോൾ എന്റെ മുമ്പിൽ
ആകാശത്തിന്റെ 
എഡിറ്റിങ്ങ് ടേബിളിലെ
മേഘം 

8

എഡിറ്റ് ചെയ്യുവാൻ മറന്നുപോയ,
വരികൾക്കിടയിൽ
അവതാരിക തിരയും കവിത

ഓരോ വിരലിലും പുരട്ടും
ഏകാന്തതയുടെ നിറം
തുമ്പിച്ചിറകുള്ള ഏകാന്തത

ശൂന്യതകൾ കടന്ന്,
ആകാശമാകുന്നുണ്ട് വിഹ്വലതകളുടെ അഭിസംബോധന.
ഏകാന്തതയുടേതാണ് ആത്മഗദം
കൃത്യമായി പറഞ്ഞാൽ 
അവന്റെ ഏകാന്തത.

9

ദൈവവുമായിട്ടായിരുന്നു എന്നും മൽപ്പിടിത്തം
മൽപ്പിടിത്തത്തിൽ വിജയിച്ച ദൈവം
വിജയിച്ചതിന്റെ സ്മരണിക 
ഒരു മന്ദസ്മിതത്തോടൊപ്പം
പുറത്തിറക്കുന്നു

ദൈവത്തിന്റെ ഏകാന്തത,
ഒരു സോവനീറാകുന്നു
മനുഷ്യന്റെ ഏകാന്തത ഒരു മന്ദസ്മിതവും

10

മൺചെരാതായി ഉടൽ,
വെളിച്ചം എടുത്തുവെയ്ക്കുന്നിടത്ത്
എരിഞ്ഞപാടുകൾ
വെളിച്ചം സൂക്ഷിക്കുന്നതിനേക്കുറിച്ച്

രണ്ട് മഴപ്പാറ്റകൾ
അവസാനം ചെയ്ത രതി,
നോക്കിനിന്നതിനെക്കുറിച്ച്

രതിയിലെ 
അണയാതെ കൊളുത്തി വെയ്ക്കുന്ന ഒരു വിളക്കിനെക്കുറിച്ച് ഒക്കെ,
നീ എനിക്കെഴുതുന്നു

മരിച്ചവരുടെ ആത്മാവുമായി 
മഴപ്പാറ്റകൾ
വെളിച്ചം തേടി വരുന്നു
ഞാനത് കാണുന്നു

വിരൽത്തുമ്പ് ഉരച്ച് കത്തിച്ച,
തെറുത്ത കവിതയുടെ 
എരിയുന്ന ശബ്ദം
ചുണ്ടിലുരച്ച് കെടുത്തുന്നു

വിരൽത്തുമ്പുകൾ
അവധിയിൽ പ്രവേശിക്കുന്നു,
ഒപ്പം ചുണ്ടുകളും

എരിയുന്ന കനലിന്റെ 
കറ വീണ നിലാവ് 
കെട്ടപാടിന്റെ ചന്ദ്രക്കല

ഏകാന്തതയുടെ സൂക്ഷ്മജീവികൾ
ജീവിതം വിഘടിപ്പിയ്ക്കും സ്വരം

നിലാവിന്റെ മടയടയ്ക്കുന്നു
കലയിലേക്ക് ചന്ദ്രനെ തുറന്നുവിടുന്നു
ചന്ദ്രക്കലയിലേക്ക് ആകൃതി ഇരച്ചുകയറും ശബ്ദം

രാത്രിയും അടക്കുന്നുണ്ട്
വെളിച്ചത്തിന്റെ മട
മിന്നാംമിന്നികളിലേയ്ക്ക് അവ
മിനുക്കം മാത്രം തുറന്നുവിടുന്നു

വിഹ്വലതകൾക്കതീതമാം ശൂന്യത
പാടി നിർത്തുന്നു ആകാശം 
ഞാൻ പറഞ്ഞും.

Comments

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!