Skip to main content

മനുഷ്യരെ കോരിയൊഴിക്കുന്ന തെരുവ്

മനുഷ്യരെ കോരിയൊഴിക്കുന്ന തെരുവ്

*

നിറത്തിന് പുറത്ത്
തൂക്കണാംക്കുരുവി തൂക്കും
അരക്കെട്ടിന്റെ 
വിസിറ്റിംങ് കാർഡുകൾ

അകത്തുകയറുകയായിരുന്നു
അത് വകഞ്ഞ്

തുറക്കും മുമ്പ് മുറി,
നിറത്തിന്റെ കാറ്റലോഗാവും ഇടം

പൊന്മാൻ ലോഡ്ജിൽ
നിറത്തിന്റെ മുറിയെടുക്കും നീല

അകത്ത്,
തരിശ്ശുകിടക്കും കിടക്ക

തുമ്പിയ്ക്കൊപ്പം പകുക്കുകയായിരുന്നു
കുളി പകുക്കുന്നത് പോലെ
മഗ്ഗിലെടുത്ത ആകാശം

തുളുമ്പി 
മുറിയ്ക്ക് പുറത്തേയ്ക്ക്
ജാലകം
അകത്തേയ്ക്ക് പതിയേ വെയിലും

കപ്പിലെടുത്ത സൂര്യനുമായി
കഴിഞ്ഞ ദിവസത്തിന്റെ ബാൽക്കണിയിൽ വന്നുനിൽക്കും
പകൽ

നിലത്തേയ്ക്ക് തുളുമ്പി പകൽ
തുമ്പിയുടെ ചുണ്ടായി
മറ്റൊരു ചുണ്ടിലേയ്ക്ക് പുരണ്ടു
തുളുമ്പുന്ന സൂര്യൻ

പക്ഷികളുടെ പകലിലേയ്ക്ക്
ഇടപെട്ടതേയില്ല 
ഞാനും എന്റെ തൂവലും
ഞാൻ ഒരു ദിവസത്തേയ്ക്ക് പക്ഷിയായവൻ

2
തുമ്പിയുടെ കണ്ണുകൾക്കിടയിൽ
അതിന് താഴെ 
ചെന്നിരിയ്ക്കും ഉടൽ
ഒരു ദിവസത്തിന്റെ ആഴം

അതും ശരാശരി പകുത്തത്

തുമ്പിയുടെ
കണ്ണുകളിലെ കൗതുകവും പകുക്കുകയായിരുന്നു പതിയേ

നനഞ്ഞ ദേഹത്തുനിന്നും
മുകളിലേയ്ക്ക് 
കുളി അഴിച്ചെടുക്കും മഗ്ഗ്,
ഇപ്പോൾ തുമ്പിയുടെ ഉടൽ

വെള്ളത്തിന് മുമ്പിലേയ്ക്ക്
കുളിക്കുന്നതിന് മുമ്പുള്ള ദേഹം
ഉന്തിക്കൊണ്ട് വെയ്ക്കുകയായിരുന്നു
തുമ്പി

കുളിക്കുന്ന കല്ലുകൾക്കിടയിൽ
ഉടൽ ഒരു വെള്ളാരങ്കല്ല്
ചുറ്റും തുള്ളലിന്റെ തുള്ളികൾ
കുളി അവിടെ ഒരു കൊത്തങ്കല്ലാട്ടം

3
നനയാതെ ഒഴിച്ചിടുന്ന ഭാഗങ്ങളോട്
തുടക്കം കൊണ്ട് കലഹിയ്ക്കുന്ന 
ഒരു റോഡ് റോളർ പോലെ
നനഞ്ഞുതുടങ്ങുകയായിരുന്നു 
ഉടലും കലഹവും 

പുറത്ത് പകലും നനയുന്നു

ചാറ്റൽമഴ, ഒരു തുമ്പി ഉടൽ
കൃത്യമായിപ്പറഞ്ഞാൽ 
ഒരു റോഡ് റോളർ,  നനയുവാൻ
ആവശ്യമുള്ളയത്ര

നനവിന്റെ തുടക്കം 
ജമന്തിപ്പൂവിൽ നിന്നും
അഴിച്ചെടുക്കുന്ന മഞ്ഞ

തെരുവിൽ പകൽ
തുമ്പിയുടെ നാവിന്റെ നനവ്

4
ഇന്നലെയെല്ലാം കല്ലുകൾ
ഉടൽ, തുമ്പിയുടെ ചിറകുകടക്കും റോഡ്റോളർ
അത് ഇരുട്ടിലേയ്ക്ക് ഉരുളുന്നു

തുമ്പിയ്ക്ക് മുമ്പിൽ
ഞാൻ
തിരിഞ്ഞുനോട്ടത്തിന്റെ 
കാക്കിയിട്ട പൂവ്

അരികിൽ പൂക്കളുടെ റോഡ്റോളർ
കോരിയൊഴിക്കും തെരുവ്

സൂര്യന്റെ റോഡ്റോളറാകണം അസ്തമയം
അടുത്തടുത്ത് വരുന്ന
പകൽ ഞെരിയുന്ന ശബ്ദം
വിഷാദവും ഞെരിയുന്നു

ആരുടെ പരാതിയായാലും
ഒരു പരിഹാരത്തിനായി തിരയെടുക്കുമ്പോലെ
ആരുടെ പരാതിപ്പെട്ടിയാവും
ഈ കടൽ

അറിയില്ല,
കഴിഞ്ഞിട്ടുമില്ല
പൊന്മാനുടലുള്ള പകൽ

ഉടലിന്റെ ഓർക്കെസ്ട്രയിൽ
തുമ്പികൾ വയലിനുകൾ

വിരലുകളുടെ തിരയുള്ള കടലാവുമായിരിയ്ക്കും 
ഇനി എന്റേതാവും മുമ്പ് 
പതിയേ,
തുമ്പിയ്ക്കരികിൽ
മുറിയെടുത്ത ഉടൽ.

Comments

  1. നിറം ഉടലിനാൽ കടമെടുക്കുന്ന ജീവിതങ്ങൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!