Skip to main content

കടൽ ഒരു തെച്ചിത്തിരുത്ത്

നീ നീല തിരുത്തും കടൽ

കണ്ണുകളാൽ എഴുതും 
ആഴത്തിന്റെ കഥകളിപദം
അരക്കെട്ടിലേയ്ക്ക് പിരിച്ചെടുക്കും
നടത്തത്തിന്റെ തവിട്ട്കയർ 
കണ്ണിന് ചുറ്റും മൈന കറക്കും
മഞ്ഞകളുടെ റാട്ട്

ഒരു വഞ്ചി പുഴയെ തിരുത്തുമെങ്കിൽ

ഞാൻ പുഴയുടെ അളവെടുത്ത്
വഞ്ചിയുടെ തുണി
മടിയിലിട്ട് മടക്കി
തോണി തുന്നും വെറും 
തുന്നൽകാരൻ

നീ പുഴയുടെ മാറിടം ഒളിപ്പിയ്ക്കും അക്കരെയുടെ പേഴ്സ് 
എങ്കിൽ എന്റെ 
തുന്നി തീരാത്ത വഞ്ചി ഒരു പോക്കറ്റടിക്കാരൻ

പുഴയുടെ പാതിയൊഴുക്ക്
അഴിയ്ക്കും കരയുടെ ഹൂക്ക്
വിരലിനെ അവിടെനിർത്തി
ഒരു കൂക്കിന്റെ അറ്റത്തേയ്ക്ക് 
ചുണ്ട് മാത്രം എടുത്ത്
മീനുമായി പുറപ്പെടും 
കടത്തുകാരൻ

വെച്ചുമറന്നിട്ടുണ്ടാവുമോ 
വാട്ടിയ ഇലയിൽ വെച്ച് പൊതിഞ്ഞുകൊടുക്കും ഉദയം

സൂര്യനെ ഒരുക്കി വിടും
അമ്മയാവും കിഴക്ക്.

ഒരു മുറുക്കാൻ ഏറ്റുവാങ്ങും
അണപ്പല്ലിന്റെ ആദ്യകടി
പച്ചയഴിയുന്ന നീര്

നമ്മൾ,
കൂട്ടിമുട്ടാൻ തുടങ്ങും
ഒരിടവേളയുടെ രണ്ടറ്റം

നീ ഒരു പുഴയേ തിരുത്തുമെങ്കിൽ

പവിഴമല്ലിപ്പൂക്കൾ പോലെ
ഇരുനിറങ്ങളിൽ
നിന്റെ പാതിവെച്ച കാലടികൾ
എന്റെ പാതി ചുവന്ന പവിഴവഞ്ചി
പവിഴമല്ലിക്കടവ്

കടവുകൾ
പവിഴമല്ലിപ്പൂക്കളാവുന്ന ഇടങ്ങളിൽ
വെച്ചതെന്നും വെയ്ക്കാത്തതെന്നും
ഇരു നിറങ്ങളിൽ 
നീ എന്റെയരികിൽ
പാതിവെച്ച കാലടികളുടെ ആല

അങ്ങകലെ
കെട്ടിച്ചുവിട്ട പെങ്ങളാവും പടിഞ്ഞാറ്

വിരിയുന്നത് ഒരു തെച്ചിപ്പൂവിനെ
തിരുത്തുമെങ്കിൽ മാത്രം
നീ തിരകളാൽ തിരുത്തപ്പെടും
ഒരു തെച്ചിയാവും കടൽ.

Comments

  1. തിരുത്തപ്പെടുവാൻ കാത്തിരിക്കുന്നവ ...

    ReplyDelete
  2. സൂര്യനെ ഒരുക്കി വിടും
    അമ്മയാവും കിഴക്ക്.
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!