Skip to main content

ഭൂതകാലത്തിന്റെ ഖനി

മേയുന്നതിന്റെ കല്ലുകളുടച്ച്
ആടുകളെ കുഴിച്ചെടുക്കും
ഇടയന്മാരുടെ ഖനി

അരുവികൾ
താഴ് വാരങ്ങൾ
പാൽനുരയിടും 
അകിടുകളുടെ 
അകലങ്ങളിൽ
വിരലുകളമരും തമിരുകൾ

പാൽ കറന്നുവെച്ച പാത്രങ്ങൾക്കരികിൽ
ഉണ്ടായിവരും സമതലങ്ങൾ

കിളികളിലേയ്ക്ക് വിതറും
അരിമണികൾ വെളുപ്പുകൾ
സൂര്യനിലേക്ക് 
മാനം 
വാരിവിതറും പുലരികൾ

മാനം പാറ്റിപ്പെറുക്കി വെയ്ക്കും
നീലനിറത്തിന്റെ കല്ലുകൾ

മഞ്ഞിന്റെ നിശ്ചലതയോടൊപ്പം 
മേഘങ്ങൾ
ആകൃതികൾ മേയ്ക്കാനിറങ്ങും
കുന്നുകൾ

നടത്തം വാരിവിതറിയാൽ
കാലടികൾ കഴിഞ്ഞ് വരുന്നതെല്ലാം
ആടുകൾക്കിടയിൽ
മനുഷ്യനാകും ഇടം

ചോലകൾ 
അടിവാരങ്ങൾ
ആടുകളുടെ വായിൽ നിന്നും
തുടങ്ങും
മരങ്ങളിൽ 
വള്ളിച്ചെടികളിലവസാനിയ്ക്കും
ഇലകൾ
ഇലകൾ
ഇലകൾ 

പച്ചയിൽ തലവെച്ചിട്ടും
സൂര്യനെ അരച്ചിട്ടിട്ടും
അസ്തമിച്ച് തീരാത്ത ഇലകൾ

ഒച്ച വളച്ച് കാലുണ്ടാക്കി
നിശ്ചലതയുടെ തുമ്പത്ത്
പച്ചവിരിച്ച്
ചാട്ടം വളച്ചിരിയ്ക്കും പുൽച്ചാടികൾ

ഓളം വിരിച്ചിരിയ്ക്കും
അരുവികൾ
തടാകങ്ങൾ

അകിടുകളുടെ തമിരുകൾ വെച്ച്
ആടുകൾ
മാടുകൾ
നടക്കുന്ന ഇടത്തേയ്ക്ക് 
പൊട്ടിച്ചെടുക്കും
കണ്ണുകൾ കല്ലുകൾ
ചിതറും മാംസത്തിന്റെ  ഖനി

നാടോടികൾ ഇടും
പരുത്തിക്കുപ്പായങ്ങൾ
തോളുകൾ ആകാശത്തിലേയ്ക്ക് കഴുകിക്കമഴ്ത്തി
അതിൽ കൈകളോടൊപ്പം 
തൂക്കിയിടും
ആട്ടിടയ വടി

പാടിത്തീർന്ന പാട്ടുകൊണ്ടുണ്ടാക്കിയ
ചുണ്ടുകൾ

പുകയില 
ഇരുട്ടോടൊപ്പം ചുരുട്ടും ഇടയമണം
ഹൃദയത്തോട് ചേർത്ത്
ആട്ടിൻകുട്ടികൾ
മറന്നുവെയ്ക്കും
തുള്ളിച്ചാട്ടം

ആടതിന്റെ നിശബ്ദതതയിൽ
കാലുകൾ മടക്കി
മുട്ടുകുത്തിനിന്ന് കടിയ്ക്കും
ഇല
ഞെട്ടുകളിൽ നിന്നടർന്ന്
തണ്ടുകളിൽ നിന്നടർന്ന്
ഇലകളിലേയ്ക്ക് പടർന്ന്
ചെടികളിലേയ്ക്ക് വളർന്ന്
ഘടികാരരഹിത സമയമാവും ഇടം

പച്ചയിലേയ്ക്ക് വിളമ്പിവെച്ച ഇല
ആറുവാനെടുക്കുന്ന സമയം
ആട് അതിന്റെ മറ്റൊരുടൽ
മേയുവാനെടുക്കുന്ന വിധം
മറ്റൊരില

നാടോടിയാഴങ്ങളിൽ
ഇടങ്ങൾ ഉടച്ചുകളയും ഇടങ്ങളിൽ
ഇടയൻ
നിറങ്ങളിൽ 
നിറമില്ലായ്മയിൽ
ഉടൽ മറന്നുവെയ്ക്കും
ഭൂതകാലത്തിൻ ഖനി.

Comments


  1. പാടിത്തീർന്ന പാട്ടുകൊണ്ടുണ്ടാക്കിയ
    ചുണ്ടുകൾ

    ReplyDelete
  2. മാനം പാറ്റിപ്പെറുക്കി വെയ്ക്കും
    നീലനിറത്തിന്റെ കല്ലുകൾ
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!