Skip to main content

വിരലുകളുടെ മഞ്ഞ ജെസിബികൾ

വെറുതെയിരിക്കുമ്പോൾ
മഞ്ഞപുരട്ടി
ഒരു ജെസിബി യായി
പുറത്തിറങ്ങും മടുപ്പ്

കുന്നാവും
മുന്നിൽ കാലമില്ലാത്ത മഞ്ഞ്
മഴ അതിന്റെ ടയറുരഞ്ഞ 
വളഞ്ഞുപുളഞ്ഞ പാട്

ഋതുവിന്റെ മഞ്ഞകലർന്ന
കൊഴിഞ്ഞ ഇലപ്പാലം കടന്ന്
ഇടതൂർന്ന് കിടക്കും 
പിന്നേയും ശിശിരകാലം

അല്ലികൾ മണ്ണാണെങ്കിൽ
സങ്കൽപത്തിൽ മധുരകരമായി
പാകമായ
ജെ സി ബി യാവുകയായിരുന്നു
ഓറഞ്ച്

ബുൾഡോസർ ഇഴഞ്ഞ പാടുകളിൽ
ആശങ്കയുടെ എഞ്ചിൻ

മുന്നിൽ
തെളിഞ്ഞുവരുന്നു
മൃതദേഹങ്ങളുടെ 
ജെ സി ബികൾ സഞ്ചരിയ്ക്കുന്ന
സെമിത്തേരികൾ

കൊഴിഞ്ഞുവിഴാൻ 
അരികിൽ
ഭാരമില്ലാത്ത മഞ്ഞപ്പൂക്കൾ
പിടിച്ചുകിടക്കുന്ന
തൽക്കാലത്തിന്റെ തോന്നൽ കലർന്ന, കടലാസ്ചെടി
മിഴികൾ അതിൽ ഉടക്കിയിടുന്നു
നടക്കുന്നു.

Comments

  1. 'ബുൾഡോസർ ഇഴഞ്ഞ പാടുകളിൽ
    ആശങ്കയുടെ എഞ്ചിൻ'.
    ആശംസകൾ

    ReplyDelete
  2. മഞ്ഞയിൽ തീരുന്ന ഒടുക്കങ്ങൾ ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ