Skip to main content

ഇലഡിറ്റക്ടീവുകൾ

മഞ്ഞയുടെ ഉത്ഭവം തിരഞ്ഞ്
മരമാകെ സഞ്ചരിക്കുന്ന
ഇലഡിറ്റക്ടീവുകൾ

മറവിയ്ക്കിട്ടേക്കാവുന്ന ശീർഷകങ്ങൾപോലെ
അവരിട്ടേക്കാവുന്ന
നീളൻ കുപ്പായമാവണം
നവംമ്പർ

അനക്കുവാൻ കഴിയാത്ത
ചെറുവിരലുകളുടെ തടവറയിൽ
വിശുദ്ധനാരങ്ങകളും നെല്ലിയും
മഞ്ഞ ഒരു പുണ്യാളൻ

മനസ്സുണ്ടായിരുന്നു എന്ന് കേട്ട്
ഓരോ ശവക്കുഴികളും 
തുറന്നുനോക്കുന്ന 
നിറമില്ലാത്ത മണ്ണ്
അവയ്ക്ക് മുകളിൽ നനവും

മരുന്നുകടകളാവുന്നില്ല പൂക്കൾ

പുറത്തുനിന്ന് വാങ്ങുവാൻ
എഴുതിക്കൊടുത്ത മരുന്നിന്റെ
മണമുള്ള കുറിപ്പടികൾ

തുറക്കുന്നതിനിടയിൽ
പറക്കുന്നതിൽ കാത്തുനിൽക്കുന്നതെല്ലാം
ശലഭങ്ങൾ

കുറവുള്ള നിറങ്ങളെല്ലാം പകൽ

ഉണ്ട് എന്നതാണ് ഇരുട്ട്
പിറന്നതിന്റെ തെളിവ്
അതുതന്നെയാണ് മുകളിൽ
വരികൾക്കിടയിൽ തുറന്ന താഴും

ഒളിപ്പിച്ചതെല്ലാം
തിരുത്തിയത് പോലെ
പിന്നെ കാണുമെങ്കിൽ
മനസ്സിലായാൽ മാത്രം
പിറന്നതെന്ന് വായിക്കാവുന്ന വിധം
വെറും പറന്നതിന്റെ പാടുകൾ.

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം