Skip to main content

നൃത്തത്തിന്റെ കുരിശ്ശുള്ള സെമിത്തേരി

നൃത്തത്തിന്റെ കുരിശ്ശുള്ള
സെമിത്തേരിയാണ്
നീ

ഞാൻ അതിൽ അടക്കിയിരിക്കുന്ന
നർത്തകന്റെ ശവം.

വിജനമാകുമ്പോൾ
സെമിത്തേരിയോട് ചേർന്നുള്ള
പള്ളിയിലെ മണി പോലും
നൃത്തം ചെയ്ത് തുടങ്ങും

കൊഴിഞ്ഞുവീഴുന്ന ഇലകൾ
കവാടത്തിനടുത്തുള്ള,
ഒറ്റ മരത്തിന്റെ വേരുകൾ
തുടങ്ങിയവ,
നൃത്തത്തിൽ പതിയേ പങ്കെടുത്തുതുടങ്ങും

തുടക്കം കൊണ്ട് കളഞ്ഞ മഴ
ഇടയ്ക്കുവെച്ച് പെയ്തുതുടങ്ങും

ചില ശവങ്ങളെ അവ നനയ്ക്കും.
മറ്റു ചില ശവങ്ങളെ നനയ്ക്കാതെ
അനാഥമാക്കിയിടും

മരിയ്ക്കുന്നതിന് മുമ്പുള്ള എന്റെ ശ്വാസം
നിന്റെ ശ്വാസത്തിനരികിൽ,
അത്രയും ചേർന്ന്.

കാൽവിരലുകളിലെ കെട്ടുപോലും
പൊട്ടിയ്ക്കാതെ
അതിലും ചേർന്ന്
നമ്മുടെ അരക്കെട്ടുകൾ

ഇരിയ്ക്കുന്നതിനും
കിടക്കുന്നതിനും ഇടയിലാണ്
നമ്മുടെ യൗവ്വനം

ഉറപ്പുണ്ട്
നരവീണു തുടങ്ങിയ പള്ളിയിലച്ചന്
ഇനി തടയുവാനാവില്ല,
നമ്മൾ
ചെയ്യുവാൻ പോകുന്നതൊന്നും.

ഒരു നിമിഷം
നിശ്ചലത.
അടക്കുവാനായി
കൊണ്ടുവന്നിരിയ്ക്കുന്നതാകും
എന്നോ മരിച്ച
കാറ്റിന്റെ മൃതദേഹം

ഇപ്പോൾ കേൾക്കാം
എനിയ്ക്കാ കാറ്റിന്റെ
മൃതദേഹമായാൽ മതി എന്ന
കൊഴിഞ്ഞ് വീഴുന്ന
ഏതോ കുഞ്ഞുപൂവിന്റെ വാശി

നീ കുഞ്ഞുങ്ങളുടെ
ശവക്കല്ലറകളിൽ ചെന്ന്,
കുഞ്ഞുങ്ങളുടെ ജഡങ്ങൾ മാത്രം
ഉമ്മ വെച്ച്
ജീവൻ വെയ്പ്പിക്കുന്ന തിരിക്കിലാവും

ഒറ്റ ഉമ്മയിൽ നീ
അവരുടെ അമ്മയാവും

നിന്റെ മുലകളിൽ കയറി
പൊതിഞ്ഞുതുടങ്ങുകയാവും
കുഞ്ഞുങ്ങളുടെ ജഡത്തിലെ
കുഞ്ഞുകുഞ്ഞുറുമ്പുകൾ.

പൂക്കളും റീത്തുകളുമായി
സെമിത്തേരിയുടെ ഒരറ്റം
തെരുവിലേയ്ക്ക്
ഒഴുകിത്തുടങ്ങിയിരിയ്ക്കും,
മഴവെള്ളത്തിനൊടൊപ്പം.

അടക്കുവാൻ ഉണ്ടാവില്ല
ഇന്നിനി
നിശ്ശബ്ദതയുടെ മൃതദേഹങ്ങൾ

ഇനി എനിയ്ക്ക്
നിന്നിലേയ്ക്ക് ഒഴുകിവരുന്ന
ആ ഭ്രാന്തന്റെ
അവസാനത്തെ ജഡമായാൽ മതി.

Comments

  1. ഇനി എനിയ്ക്ക്
    നിന്നിലേയ്ക്ക് ഒഴുകിവരുന്ന
    ആ ഭ്രാന്തന്റെ
    അവസാനത്തെ ജഡമായാൽ മതി.

    ReplyDelete
  2. ഒരു നിമിഷം
    നിശ്ചലത.
    അടക്കുവാനായി
    കൊണ്ടുവന്നിരിയ്ക്കുന്നതാകും
    എന്നോ മരിച്ച
    കാറ്റിന്റെ മൃതദേഹം ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...