Skip to main content

പഴയത്

നീ പഴയ ഒരു ശിവൻ
നിന്റെ ശ്മശാനം പഴയത്
അതിൽ അടക്കപ്പെട്ട ശവങ്ങൾ
പഴയത്
നിന്റെ നൃത്തം പഴയത്
ഢമരുകം പഴയത്

നീ പഴക്കത്തെ
അതിലും പഴയനോട്ടം കൊണ്ട്
നോക്കി പുതുക്കുന്നവൻ

നിന്റെ നോട്ടം
പഴക്കം
ശബ്ദം
നിരോധിച്ചത്

നിന്റെ ഉടലിൽ മഴയുടെ ഭസ്മം
കഴുത്തിൽ വിഷത്തിന്റെ
നഗ്നത

നിന്നിൽ ഞാൻ
ഇഴയുന്ന പാമ്പ്
ജടയിൽ അഴിയുന്ന അടിമ
അരക്കെട്ടിൽ
അരക്കെട്ടഴിയുന്ന ശബ്ദത്തിൽ
അരക്കെട്ടിന്റെ ശ്മശാനത്തിൽ
ഞാൻ ഉറഞ്ഞകറുപ്പ് ഉലയുന്ന നീല

ഉടലിലെ
ഉലയുന്ന നീലയിൽ അലയുന്ന
ജ്വാല
കൺതടം നദി
ഇമകളിൽ തടാകം
പുരികം നദീതടം

നീ ദിവസേന ഓരോ ഉടൽ കൊണ്ടു
കളഞ്ഞിട്ടു വരുന്ന
ഒരാൾ
ഒരാൾദൈവം

എനിയ്ക്ക്
തൂവൽ കൊണ്ട് കളഞ്ഞിട്ടു വരുന്ന
ദൈവത്തിന്റെ കുരുവിയാകുന്നു
നേരം

നീ
നഷ്ടപ്പെടുന്നവയൊക്കെ
പ്രണയമാക്കുന്നവന്റെ
ദൈവം

നിന്റെ നഷ്ടപ്പെടലുകളിൽ
എന്റെ ശവത്തിന്റെ ചുണ്ട്
അത് കൊണ്ട് നിനക്ക്
അതിജീവനത്തിന്റെ
തീ പിടിച്ച ചുംബനം.

Comments

  1. തൂവൽ കൊണ്ട് കളഞ്ഞിട്ടു വരുന്ന
    ദൈവത്തിന്റെ കുരുവിയാകുന്നു നേരം ..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!