Skip to main content

കവിതയിലെ കുറ്റകൃത്യങ്ങൾ


സൂപ്പർമാർക്കറ്റിൽ അടുക്കി വച്ചിരിക്കുന്ന
ആഴ്ചപ്പതിപ്പുകൾ

അതിൽ കവിതകൾ മാത്രം
തീപിടിച്ച പോലെ
ഒന്നോടിച്ചു നോക്കുകയായിരുന്നു

പേജ് സൂചികകൾ നോക്കി

കവിതകൾ
26, 42, 51 എന്നീ പേജുകളിൽ

എന്റെ തിടുക്കം കണ്ട്
സൌകര്യത്തിനു അവ
അടുത്തടുത്ത താളുകളിലേയ്ക്ക്
മാറുന്നു

ഞാൻ
ഓടിച്ചു വായിക്കുന്നു

വായിച്ചു തീരുമ്പോഴേക്കും
ആഴ്ചപ്പതിപ്പിന് തീപിടിക്കുന്നു

പിന്നെ ആരും കാണാതെ
ചാരം മടക്കി തിരികെ വെയ്ക്കുമ്പോൾ;
കാണുന്നു ..

കവിതകൊണ്ട്
തീപ്പട്ടിക്കൊള്ളി ഉണ്ടാക്കുന്ന ഒരാൾ

പടക്കം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന മറ്റൊരാൾ

രഹസ്യമായി
കവിത തന്നെ വാറ്റുന്ന വേറൊരാൾ

എഴുതുന്നത്‌ തന്നെ ഒരു കുറ്റമാകുന്ന
ഈ കാലത്ത് ..
കവിതയിൽ ഇത്രയേറെ
പരസ്യമായ നിയമ ലംഘനങ്ങൾ

ഇതെല്ലാം കണ്ടു സംഭ്രമത്തോടെ
തിരിച്ചിറങ്ങാൻ തുടങ്ങുമ്പോൾ..

നീ കവിത എഴുതാറുണ്ടോടാ?
എന്ന് ചോദിച്ചു
ഒരു എക്സൈസ്കാരൻ
അടുത്തേയ്ക്ക് വരുന്നു..

എന്റെ അന്ധാളിപ്പ് കണ്ട്

വന്നത് കുറഞ്ഞപക്ഷം
ഒരു പോലിസുകാരനായിരുന്നുവെങ്കിൽ..
എത്ര നന്നായേനെ!

എന്ന്

എനിക്ക് വേണ്ടി അയാൾ
വിചാരിക്കുന്നു ..

Comments

  1. തനി ക്രിമിനലായ കവിത തന്നെ ..!

    ReplyDelete
    Replies
    1. മുരളി ഭായ് അത് തന്നെ
      നന്ദി ഭായ് വായനയ്ക്ക് അഭിപ്രായത്തിനു

      Delete
  2. Cr.P.C യിൽ എഴുതി ചേർക്കണം. അല്ലെങ്കിൽ ആ കുറ്റ കൃത്യം പെരുകി ക്കൊണ്ടിരിക്കും.

    ReplyDelete
    Replies
    1. അതെ ബിപിൻ ഭായ് പലകാര്യങ്ങൾക്കും
      തീരുമാനം വേണം
      ഇന്ത്യൻ നിയമ വ്യവസ്ഥയിൽ വ്യാഖ്യാനങ്ങൾ
      ഇനിയും വേണോ
      നന്ദി ബിപിൻ മാഷെ

      Delete
  3. പേന പടവാള്‍ കവിത യുദ്ധം :) വീണ്ടും വന്നു ഞാന്‍

    ReplyDelete
    Replies
    1. അത് തന്നെ
      കാണാനില്ലല്ലോ കാത്തിയെ എന്ന് കുറെ മുമ്പ് ഓർത്തു
      വളരെ നന്ദി
      ഇനിയും കാണണം
      കാത്തിയുടെ ബ്ലോഗിൽ എങ്കിലും

      Delete
  4. ഹോ ! തീ പിടിച്ച കവിത!!!
    ശരിക്കും പൊള്ളി ബൈജു ഭായ്....

    ReplyDelete
  5. ബൈജു ഭായിക്കു മാത്രം കഴിയുന്ന കവിത..... സംഭവം ക്രിമിനലായി.......നിറഞ്ഞ ആശംസകൾ.....

    ReplyDelete
  6. നിങ്ങള്‍ ഇതുവരെ പിടിക്കപ്പെട്ടില്ലേ

    ReplyDelete
  7. ഇങ്ങളൊരു പുലിയാണല്ലോ...ഏതു വിഷയത്തിലും കൈവയ്ക്കുമല്ലേ? ആശംസകള്‍ ട്ടോ....ഇഷ്ടമായി

    ReplyDelete
  8. പരകായപ്രവേശം നടത്താറുണ്ടല്ലേ !!

    ReplyDelete
  9. ചൂടും.ലഹരിയും.......
    ആശംസകള്‍

    ReplyDelete
  10. കവിത ചികഞ്ഞ് തീ പിടിച്ചത് ആദ്യമായിയാണ്
    കാണുന്നത് ....
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക് കുന്നുമായി വിളറിവിയർത്തു കയറി പോകുന്ന ഒരാൾ അവിടെ എത്തുമ്പോൾ അയാൾ ഇറക്കിവെച്ച കുന്നിൽ അയാളറിയാതെ ദൈവം ഒരു ദേവാലയം പണിഞ്ഞ് വെയ്ക്കുന്നു ശിൽപ്പങ്ങളുടെ കൊത്തുപണി ചെയ്ത മേഘങ്ങൾ മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ വിശ്വാസത്തിന്റെ നെടുംന്തൂണുകൾ അത്രയും വിശ്വാസിയാക്കി അത്രയും താഴേയ്ക്ക് അയാളെ തള്ളിയിടുന്ന കാലം 2 സമയത്തിന്റെ വളരെ ചെറിയ ഒരു കോമേഴ്സ്യൽ ബ്രേക്ക്‌ വിശ്വാസത്തിന്റെ കുറച്ചധികം പരസ്യങ്ങൾ 3 കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം പ്രാവുകളും പക്ഷികളുമായി തിരിച്ചു അനായസേന കുന്നുകയറുന്ന അയാൾ അയാളിലെയ്ക്ക് തിരിച്ചുകയറുന്ന പഴക്കമുള്ളചിരി കയറുന്തോറും അയാൾ പടവുകൾ അഴിച്ചുകളയുന്നു ചിരിച്ച ചിരി ഓരോന്നും മായ്ച്ചു കളയുന്നു അവസാന പടവും അഴിച്ചു കഴിയുമ്പോൾ വീണു പോകുന്ന അയാൾ അയാളുടെ ചിരികൊത്തിത്തിന്ന് ചിറകുപേക്ഷിച്ചു പറന്നുപോകുന്ന പ്രാവുകൾ വെറും തൂവലുകളായി നടന്നുപോകുന്ന കിളികൾ പതിയെ പതിയേ പ്രാവുകളുടെ ചിറകുകൾ കൊണ്ടുണ്ടാക്കിയ മണിയിലേയ്ക്ക് അയാൾ കൂടുമാറുന്നു ഓരോ മുഴക്കത്തിലും ഇടിഞ്ഞു വീഴുന്ന ക്ഷേത്രത്തിലെ പഴഞ്ചൻ വിഗ്രഹമാവുന്നു ...