Skip to main content

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ
മടിയുള്ള പക്ഷി
ആകാശം ചീറുന്നു

ഒരു പക്ഷേ ഒരു തീരുമാനത്തിനേ 
പക്ഷിയായി, ആകാശം
പറത്തിവിട്ടതിന് ശേഷമാവണം

ഏറ്റവും പുരാതനമായ വേനൽകൊണ്ട്
സൂര്യനേ 
അലങ്കരിക്കുകയായിരുന്നു
ഞാൻ

എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച്
പിണക്കങ്ങളൊന്നുമല്ല
ആകാശവുമായി പിണങ്ങിയതിന് ശേഷം
പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ,
അതുമാത്രമറിയാം

ഏറ്റവും പുതിയ ആകാശം വേണമെന്ന്
പതിവായി വാശിപിടിച്ചിരുന്ന പക്ഷി
ആ പക്ഷിയെ കടന്ന് പിടിച്ച്
വാശികളേ തൂവലുകളാക്കി 
പറക്കലുകളിലേക്ക് 
ചിറകുകളിലേക്ക് തിരിച്ചുവെച്ച് 
തൻ്റെ നിത്യതയായ
ശൂന്യതയിലേക്ക്
ഇളംനീല നിറങ്ങളുള്ള
തൻ്റെ പതിവുകളുമായി
ശാന്തമായി
ആരവങ്ങളില്ലാതെ 
തിരിയുകയായിരുന്നു ആകാശം

ഏറ്റവും പുതിയ പ്രകാശം വേണമെന്ന
സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട്
മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ
പകലിൽ

എന്നാൽ വാശികളില്ലാത്ത പക്ഷികൾ
മനുഷ്യരാവട്ടെ
മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു

പക്ഷികളുടെ  ഖൊരാവോയിൽ
ഇപ്പോൾ പങ്കെടുക്കും
ദൈവവും ആകാശവും
സങ്കടങ്ങൾ മേഘങ്ങളിൽ

നിങ്ങൾക്ക് കാണുവാനായേക്കും
പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്നു
ആകാശം അതിൻ്റെ നീലവെച്ച്
പക്ഷികൾ അവയുടെ നിശ്ചലത വെച്ച്
പൊന്മാനുകളും അവയുടെ ചലനങ്ങളും നീല വെച്ച്
പതാകകൾ അവയുടെ പാറുവാനുള്ള
സ്വാതന്ത്ര്യം വെച്ച്

എത്ര പാറിയാലും ഉണ്ട് 
പതാകകളിലും ബന്ധനങ്ങൾ 
ബന്ധനങ്ങളിലും നമ്മളും പതാകകളും ഉരുമുന്നു

മാനങ്ങൾ  ചലനങ്ങളും നീലയും കുറച്ച് വെക്കുന്നു
പക്ഷികൾ പറക്കലും

ധ്യാനം കൊണ്ട് ബുദ്ധൻ
തൻ്റെ പ്രതിമയേ 
ശിൽപ്പത്തെക്കാൾ ഭംഗിയായി 
ഉരുമി 
കടന്നുപോകുന്നിടത്ത്

നിങ്ങളും ഉരുമുന്നുണ്ട്
വർത്തമാനകാലത്തേ
നിമിഷങ്ങൾ വെച്ച്
ആയുസ്സിനെ ശ്വാസം വെച്ച്
നിശ്വാസശിൽപ്പമെന്ന ധാരണകളേ
ഉടൽകൊണ്ട്

അത്രയും ഉയരങ്ങളിലാണെങ്കിലും
പ്രണയത്തിൻ്റെ ആഴങ്ങളിൽ
തുടരുകയായിരുന്നിരിക്കണം
ആകാശം

മന്ദാരത്തെ ആഭ്യന്തരമന്ത്രിയായി
നിയമിച്ചതിന് ശേഷം
തോട്ടക്കാരനായി പണിയെടുക്കുകയായിരുന്നു
എൻ്റെ ആകാശം

എല്ലാ പൂവുകളും കുറ്റം ചെയ്യുന്നു
വിരിഞ്ഞതിന് ശേഷം
വിരിഞ്ഞതിൻ്റെ ഇതൾജാമ്യത്തിൽ
അവ പുറത്തിറങ്ങുന്നു

മൊട്ടുകളുടെ അഭിഭാഷകർ
കറുത്ത കോട്ടിട്ട വസന്തം

ഒരു മേഘത്തിന് പാകമാകുന്ന
ഭാരമില്ലായ്മ
അലഞ്ഞുതിരിഞ്ഞു എന്ന തെറ്റ് ചെയ്തതിന് 
കൈയ്യിൽ കരുതിയിരുന്നു എപ്പോഴും

അടിവയറ്റിലെ മേഘത്തിൻ്റെ ടാറ്റു
ഓർമ്മകൾ പക്ഷികൾ
സ്വാതന്ത്ര്യവും ഒരു ടാറ്റുവാകണം
രാജ്യം ഒരു അടിവയറും

ഒരു വേനൽക്കാലത്തിൻ്റെ ഓർമ്മയാണ് നീതിയെങ്കിൽ
ഒരു ഓർമ്മയുടെ തടവറയിൽ
അഥവാ ഓർമ്മക്ക് പാകമാവും തടവറയിൽ
ജീവിക്കുന്ന ജീവിയാകുന്നു

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ