Skip to main content

സ്റ്റാറ്റസ് കവിതകൾ മൂന്നാം ഭാഗം

ഞാൻ മുള്ള്  

നിന്നെ സ്നേഹിക്കുവാനായി 
മാത്രം കൂർപ്പിച്ചവയാണ്
ഭൂമിയിലെ എല്ലാ മുള്ളുകളും 
എന്നെ പോലെ


കണ്ണാടി
നിന്റെ ചുണ്ടുകൾ 
രഹസ്യമായി മുഖം നോക്കുന്ന 
കണ്ണാടിയാണ് 
എന്റെ കാതുകൾ


തോരണം
ഒഴുകുന്ന പുഴയിൽ നിന്ന് 
ഇരുകൈ കൊണ്ട് 
ഉലയാതെ 
കോരി എടുക്കണം 
നിന്റെ നാണം കുണുങ്ങുന്ന 
പ്രതിച്ഛായ 
അതിൽ എനിക്കെന്റെ 
മുഖം കൊണ്ട് തീർത്ത
മഴമാല ചാർത്തണം
ഒരിക്കലും അടങ്ങി കിടക്കാത്ത
നിന്റെ കണ്‍പീലിയിൽ
മഴവില്ലരച്ച്
മയിൽപീലി വർണത്തിൽ
മൈലാഞ്ചി പുതപ്പിക്കണം
പിന്നെ എന്റെ കണ്ണിലെ
ഇമകൾ തുറന്ന്
എപ്പോഴും കാണുന്ന
സ്വപ്നത്തിലെ
മായാത്ത തോരണമാക്കണം


മഴയിൽ കുഴിച്ചിടണം

ആഴത്തിൽ കുഴിയെടുത്ത് 
മഴയിൽ കുഴിച്ചിടണം 
ജീവിച്ചു നശിപ്പിച്ച 
ചവിട്ടി നിൽക്കേണ്ട മണ്ണുകൾ

കണ്ണുകൾ

കണ്ണുനീർ 
തിളപ്പിക്കുന്ന അടുപ്പുകളാണ് 
കണ്ണുകൾ


വീടില്ലാത്ത വെയിൽ

സന്ധ്യ ആയാലും 
പോകുവാൻ 
ഒരു വീട് പോലും ഇല്ലാത്ത 
വെയിലുകളും ഉണ്ട് 
അതാണ്‌ പിന്നെ
ഏതെങ്കിലും 
തെരുവ് വിളക്കുകളിൽ
ബൾബോ ട്യൂബോ വിരിച്ചു 
പ്രാണികളെയും ആട്ടി 
ഉറക്കം വരാതെ 
കിടക്കുന്നുണ്ടാവുക


വെടിയുണ്ട

തൊട്ടു തൊട്ടില്ല 
എന്ന മട്ടിൽ വന്ന്
മരണത്തിലേയ്ക്കുള്ള 
വഴി ചോദിക്കുന്നു 
ഹൃദയാകൃതിയിൽ 
രക്തത്തിൽ പൊതിഞ്ഞ 
ഒരു വെടിയുണ്ട


വര

നീ കണ്ണടച്ച് തന്ന 
ചുംബനത്തിൽ 
എന്റെ കണ്‍ പീലികൾ വച്ച് 
കണ്ണ് 
വരച്ചു ചേർക്കുന്നു 
ഞാൻ

വേനൽമഴ

വേനൽ എന്ന 
പുസ്തകം പൊതിയുന്ന
ബ്രൌണ്‍ പേപ്പർ ആണ് 
വെയിൽ
അതിൽ ഒട്ടിച്ചാലും 
ഇളകി പോകുന്ന 
മഴയെന്ന നെയിംസ്ലിപ്


ഉറ 

ഓരോ മഴയത്തും 
ഒരു പുഴയോളം 
പഴവെള്ളം കടൽ 
എടുത്തു വയ്ക്കുന്നുണ്ട്‌ 
നാളത്തെ തിരയ്ക്ക് 
ഇന്നേ ഉറ ഒഴിക്കാൻ


രക്തഗ്രൂപ്പ്

ഓ പോസിറ്റീവ് 
മഞ്ഞു തുള്ളിയുടെ രക്തഗ്രൂപ്പ് 
ഏതു പൂവിനും ചേരും

ചുംബനമഴ

ആഴവും ഒഴുക്കും 
വഴുവഴുപ്പും ഉള്ള 
പുഴയാണ് ചുണ്ട് 
അവിടെ വിജനമായ 
അസമയത്ത് 
കുളിക്കാനിറങ്ങുന്ന 
മഴയാണ് ചുംബനം

പൂരിപ്പിക്കാൻ

മഴ 
ജലം പൂരിപ്പിക്കാതെ സ്ഥലംവിട്ട 
ആകാശം 

ബാർ കോഡ്

മഴ 
ആകാശത്തിൽ ജലത്തിന്റെ 
ബാർ കോഡ്

പഠിപ്പ്

ചിറകില്ലാതെ പറന്നു വന്ന്
ഒഴുക്കുള്ള പുഴയിൽ നീന്തൽ 
പഠിക്കുന്നു മഴത്തുള്ളി

കുഞ്ഞുമുള്ളുകൾ

നീ നിന്റെ കവിളിലെ 
നുണക്കുഴിയിൽ കഴുകി 
മനസ്സിന്റെ തൊട്ടാവാടിയിൽ 
കണ്പീലികൾ കണക്കെ
ഉണക്കാനിടുന്ന നിന്റെ
പ്രണയ മണമുള്ള 
നനുത്ത നാണം 
അതിൽ കാക്കപ്പുള്ളിയുള്ള 
എന്റെ ചുണ്ടുകൾ വന്നിരിക്കാതിരിക്കാൻ 
മന:പൂർവ്വം കൊരുത്തിടുന്ന
നുള്ളിന്റെ മുനയുള്ള കുറുമ്പിന്റെ
കുഞ്ഞുമുള്ളുകൾ


ക്ഷൗരം

ഒഴുക്ക് പതച്ച്
വെള്ളം പുതച്ചു
ഓരോ തവണയും
വളരുന്ന മണൽ
ക്ഷൗരം ചെയ്യുന്ന
നരച്ച പുഴ
 



ജീവിതം

ഓരോ തവണയും 
രക്തം കൊണ്ട് 
പാടുപെട്ട് കത്തിച്ചെടുക്കുന്ന 
ഹൃദയം 
വെറുമൊരു 
ശ്വാസം കൊണ്ട് 
ഊതി അണയ്ക്കുന്ന
പാപത്തിനു 
അനുഭവിക്കുന്ന 
ശിക്ഷയായി ജീവിതം


പ്രതീക്ഷ

അവസാന പ്രതീക്ഷ എന്നോണം 
ഒരു മരത്തോളം കയറി, 
ജീവിച്ചിരിക്കുവാൻ വേണ്ടി മാത്രം 
ഇലകൾക്ക് കടം കൊടുത്ത ശ്വാസങ്ങൾ
തിരിച്ചു ചോദിക്കണം 
തന്നില്ലെങ്കിൽ ബാക്കി ശ്വാസം 
അങ്ങ് ഊതി കളഞ്ഞു 
മനുഷ്യന് എതിരായി 
മരങ്ങൾക്ക് വേണ്ടി മാത്രം 
മരച്ചോട്ടിൽ ഇരുന്നു 
ഭൂഗുരുത്വാകർഷണം
കണ്ടുപിടിച്ച ന്യൂട്ടനെ
ഇലയുടെ മുകളിൽ
കയറി നിന്ന്
വിശ്വാസത്തിന്റെ പുറത്തു
പരസ്യമായി വെല്ലുവിളിക്കണം


ഒറ്റപ്പെടൽ

ചില രാത്രികളിൽ
ഭീകര സ്വപനങ്ങളുടെ പരസ്യങ്ങൾക്കിടയിൽ
ഉറങ്ങാൻ വൈകി
സാവധാനം ഉണർന്നു വരുന്ന
വിരസ ദിവസങ്ങളിൽ
വല്ലാതെ ഒറ്റപ്പെട്ടു പോകാറുണ്ട്
അന്ന് ചിലപ്പോൾ ഒരു ആകാശം പോലും
ഒറ്റയ്ക്ക് ഏതെങ്കിലും ഒറ്റ നിറം 
വെയിലു കൊണ്ട് അടിച്ചു തീർക്കേണ്ടി വരും
വൈകുന്നത് വരെ ആ ആകാശം ഒറ്റയ്ക്ക്
ചുമക്കേണ്ടി വരും
ചിലപ്പോൾ ഒരു രോഗിയെ പോലെ ചുമച്ചു
പോയെന്നു വരും
അപ്പോൾ മേൽവേദന ഒന്നിറക്കി വയ്ക്കാൻ
മേൽവിലാസം ഇല്ലാത്ത
ഒരു ചിരി ചിരിച്ചെന്നു വരും
ആ ചിരി ആരും കൈപറ്റാതെ
ഭ്രാന്തൻ എന്ന മുദ്ര കുത്തി
ഒരു രൂക്ഷ നോട്ടത്തോടെ
തിരിച്ചു വന്നെന്നു വരും
അപ്പോൾ സങ്കടം ഒന്നിറക്കി വയ്ക്കാൻ
ഒരു തീവണ്ടി പാളത്തിന്റെ തണുപ്പിനെ
ആരെയും നോവിക്കാതെ ചുംബിക്കുവാൻ
ശ്രമിച്ചെന്നും വരും
ആ ചുംബനത്തിന്റെ കടുപ്പത്തിലാണ്
പാളങ്ങളുടെ കാഠിന്യം പോലും
മനസ്സലിഞ്ഞു ഏതോ പേരറിയാത്ത
പ്രണയിനിയുടെ മുലകൾ പോലെ
മൃദുലമായി പോയിട്ടുണ്ടാവുക



താലി

എന്റെ ഹൃദയമിടിപ്പുകൾ
ശ്വസോച്ച്വാസത്തിൽ കോർത്ത്‌
നിനക്കായി തീർത്ത താലി


അടക്കൽ

ഞാൻ മരിച്ചാൽ
നിന്റെ ചുണ്ടിൽ അടക്കണം
എന്റെ  ചിരി


അക്വേറിയം

കടുത്ത ദാഹം നോക്കി നില്ക്കുന്നു
നാരങ്ങ അല്ലികൾ നീന്തുന്ന
ഉപ്പിട്ട തണുത്ത ഒരു അക്വേറിയം


വിശപ്പിന്റെ ചിത്രം

ഓരോ മഴയും
എന്നോ കെട്ടു പോയ തീയാണ്
പൊള്ളുന്ന ചൂട് കൈവിട്ടു
തണുത്ത് താഴേക്ക്‌ വീണു പോയത്
ആകാശം സ്വപ്നം കണ്ടു
കത്തി മുകളിലേയ്ക്ക്
ഉയർന്നു പോയത്
അണയ്ക്കുവാൻ
ആരും ഇല്ലാത്തതു കൊണ്ട്
സ്വയം തണുത്ത്
അണഞ്ഞു പോയത്
ഭാരമില്ലാതെ
മേഘത്തിൽ ചെന്ന് തട്ടി
ശാപമോക്ഷം കിട്ടിയത്
കത്താൻ ഒന്നും
ഇല്ലാത്തതു കൊണ്ട് എന്നോ കെട്ടു പോയ
പേരില്ലാത്ത തീ
എന്നാലും ഓരോ തീയും
രക്തത്തിൽ
വെള്ളം ചേർത്ത്
ജീവ വായു ഊതി
അമ്മയെ പോലെ
ഏതോ വീട്ടമ്മ വരച്ച
എന്നും പൊള്ളുന്ന
അടുപ്പിലെ വിശപ്പിന്റെ
ചിത്രം തന്നെയാണ്


പുഴക്കരയിലെ തോണികൾ

നിന്നെ പിരിഞ്ഞു കഴിഞ്ഞാൽ
നീ തിരികെ വരുന്നത് വരെ
എന്റെ കണ്ണുകളാണ്
പുഴക്കരയിലെ തോണികൾ


ഊഴം
വെളുപ്പിനുണര്ന്ന ഉപ്പൻ
വിശന്ന്
ഭക്ഷണം തേടി നടക്കുന്നു
കണ്ണിൽ ഒന്നും കാണാഞ്ഞ്
ദാഹിച്ചു
പെയ്തിറങ്ങിയ മഴ
പിടിച്ചു വിഴുങ്ങുന്നു
എന്നിട്ടും വിശപ്പ്‌ മാറാതെ 
അവസാനം
സ്വന്തം കണ്ണ് ചുട്ടു തിന്നുന്നു
അപ്പോഴും വോട്ടിട്ട് തീരാതെ
വിശക്കുന്ന ജനം
കൈവിരലും കുടിച്ചു
വരിവരിയായി
ബൂത്തിൽ
ഊഴം കാത്തു നില്ക്കുന്നു


ഹർത്താൽ

വിജനത ഇട്ടു പൂട്ടിയ
പഴഞ്ചൻ തെരുവാണ്
ഹർത്താൽ,
അവിടെ
പാർട്ടികളുടെ തുറുപ്പു
ചീട്ടിറക്കി
കളിച്ചു തോറ്റ
കുണുക്കിട്ട താഴുകൾ, 
നാവു തുറക്കാൻ
മടിക്കുന്ന
താക്കോല് പോലുള്ള
ജനങ്ങളെ
കാത്തു കിടന്ന്
മുഷിയുന്നു


പൂത്തുലയുന്നത്

ഭൂമിയിലെ ഏറ്റവും മൂര്ച്ചയുള്ള
മുള്ളുകൾ കൂർപ്പിച്ചു
ഇരുനിറങ്ങളിൽ
പുഷ്പം പോലെ തീർത്ത
നിന്റെ കണ്ണുകൾ,
കാഴ്ച
എന്ന മണം പരത്തി
പുലരിയിലേയ്ക്കു വിടരുന്നു
തണുക്കുന്ന പ്രഭാതം
കുളിക്കാൻ മടിച്ചു
നീ ഒരു മഴയരച്ചു
മുടിയിൽ പുരട്ടുന്നു
മുടി മഴയാകുന്നു
നീ പുഴയാകുന്നു
മഴയ്ക്കും പുഴയ്ക്കും
ഇടയിൽ ഞാനെന്ന
പൂത്തുലഞ്ഞ തോണി
പകൽ മിച്ചം വച്ച നിറം
കൂട്ടി വച്ച് ഇന്നലെസന്ധ്യക്ക്
വിരിഞ്ഞ മുല്ലപ്പൂക്കൾ
പകലിനോട് ഐക്യദാര്‍ഢ്യം
പ്രഖ്യാപിച്ചു രാത്രി മുഴുവൻ
ഉറക്കം ഒഴിഞ്ഞു
കുളിക്കാതെ സുഗന്ധം
മോഹിച്ചു
നിന്റെ മുടിയിൽ നിന്ന്
ഒരു ഇഴ അടർത്തി
തലയിൽ ചൂടുന്നു


പ്രദക്ഷിണം

ഇലത്തിരിയിൽ
മഴത്തുള്ളി കത്തിച്ച; നിലവിളക്കുകൾ,
കാറ്റിന്റെ പ്രദക്ഷിണം



Comments

  1. Replies
    1. എല്ലാവക്കും സ്നേഹപൂർവ്വം നന്ദി

      Delete
  2. ഭാവനയും,ചിന്തയും,നിരീക്ഷണവും ഇഴച്ചേര്‍ത്ത് വിളക്കിയെടുത്ത വരികള്‍........നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പേട്ടാ സ്നേഹപൂർവ്വം നന്ദി

      Delete
  3. This comment has been removed by a blog administrator.

    ReplyDelete
    Replies
    1. പ്രദീപ്‌ മാഷെ, നമസ്കാരം മാഷിന്റെ അഭിപ്രായം നീക്കം ചെയ്തതായി കാണുന്നു, ഇന്നലെ കണ്ടു വായിച്ചാ അഭിപ്രം ആണ് ഇന്ന് അത് എങ്ങിനെ സംഭവിച്ചു എന്ന് അറിയില്ല, അങ്ങിനെ സംഭവിച്ചതിൽ വ്യക്തി പരമായി മാഷിനോട് ക്ഷമ ചോദിക്കുന്നു, സ്നേഹപൂർവ്വം

      Delete
    2. "സ്റ്റാറ്റസിനുമപ്പുറത്തേക്ക് നീങ്ങുന്ന ഭാവനകൾ" മാഷിന്റെ അഭിപ്രായം മെയിലിൽ നിന്ന് കോപ്പി ചെയ്യുന്നു സ്നേഹപൂർവ്വം നന്ദിയോടെ

      Delete
  4. ഹൃദയാകൃതിയിൽ രക്തത്തിൽ പൊതിഞ്ഞ
    വെടിയുണ്ട പോലെയുള്ള 28 ഭാവനാ സ്റ്റാറ്റസ്സുകൾ ...!

    ReplyDelete
    Replies
    1. മുരളി ഭായ് വളരെ സന്തോഷം വായനയ്ക്ക് അഭിപ്രായത്തിനു ഈ പ്രോത്സാഹനങ്ങൾക്ക്

      Delete
  5. ഓയ്‌.... ബൈജു ഭായ്‌............................................................................. :) :)

    ReplyDelete
    Replies
    1. അജിത്‌ ഭായ്, സൌഗന്ധികം... നിങ്ങളുടെ ഒക്കെ അഭാവം വല്ലാതെ അനുഭവപ്പെടും. സൌഗന്ധികത്തിനെ കാണാറില്ലല്ലോ എന്ന് റിനു വും ഞാനും ഇടയ്ക്ക് സംസാരിച്ചിരുന്നു, വളരെ സന്തോഷം ഈ വരവിൽ നന്ദി സ്നേഹപൂർവ്വം

      Delete
  6. വീണ്ടും വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം.
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ