Skip to main content

മടക്ക ശിൽപം

എല്ലാവരും ഉണ്ടായിട്ടും
അനാഥനെ പോലെ
ഏതോ പുഴ എവിടുന്നോ
കടത്തി കൊണ്ട് വന്നതാണ്

കടൽ എന്നത്
വളരെ ദൂരെ നിന്നു
വായിക്കാവുന്ന
ഏതോ അനാഥാലയത്തിന്റെ
 ബോർഡായിരുന്നു

അറബി
കടൽ സംസാരിക്കുന്ന
ഭാഷയും

എന്നാലും
എനിക്കിനി വയ്യ
അലയുന്ന  കടൽ ജീവിതം

എനിക്ക് ഓർക്കണം
ആ പഴയ  പുഴ ജീവിതം
വീണ്ടും ആ പുഴയുടെ രക്തമാവണം

അലിയണം
ഈ അലച്ചിൽ മതിയാക്കി
തിരിച്ചു പോകണം
പുഴയിലേക്ക്
അതിലെ ഒഴുക്ക്
വകഞ്ഞു മാറ്റി
നീന്തുന്ന മീനുകളുടെ
കണ്ണുകൾ തെളിക്കുന്ന
വെളിച്ചം കണ്ട്

പുഴയിലെ വഴിയിലൂടെ
പ്രകാശമില്ലാത്ത
തകരുന്ന  മിന്നലിൽ
എന്നും
പുതുക്കപ്പെടുന്ന  മഴയിലേയ്ക്ക്‌

അതിലെ
ഒരൊറ്റ മഴത്തുള്ളിയാകണം
ചിന്നി ചിതറിച്ച
ഇലകളിലൂടെ   നടന്നു
തിരിച്ചു മരം കയറി
മുകളിലേയ്ക്ക് മടങ്ങി പോകണം
ഒരൊറ്റ  തണുത്ത മഴയിലേയ്ക്ക്‌

അതിനിടയിൽ  പുഴയിൽ
പുതിയൊരു
 വെള്ളച്ചാട്ടത്തിന്റെ മരം
നടണം

ഘനീഭവിച്ചു
പയ്യെ പയ്യെ  പെയ്യിച്ച
അന്തരീക്ഷത്തിലേയ്ക്ക്

 ഒരു കാറ്റിന്റെ
 തോണി തുഴഞ്ഞു
ഒച്ച ഉണ്ടാക്കാത്ത
ഒരു നിശബ്ദ  ഇടിയിൽ
ഇടി ഒഴിഞ്ഞ
മേഘത്തിലെയ്ക്ക്
 തിരിച്ചു പോകണം
വന്ന വഴിയെ
അണുവിട തെറ്റാതെ

അതിനു മുമ്പ് അന്തരീക്ഷത്തിൽ
പുഴയ്ക്കും മഴയ്ക്കും ഇടയിൽ
ഒരു ശിൽപം ഉണ്ടാക്കണം
ഒഴുകുന്ന പുഴയിൽ
പെയ്യുന്ന മഴയുടെ

വീണ്ടും കാണുബോൾ
താരാട്ടു കൊണ്ട് കെട്ടിയ
തൊട്ടിലു    പോലെ
ചെറുതാകുമായിരുന്ന
വിശാലമായ ആകാശത്തിലേയ്ക്ക്
എനിക്കെന്റെ പഴയ  നക്ഷത്രത്തിന്റെ
അയൽക്കാരനാവണം

അവിടെ നക്ഷത്രങ്ങൾ കണ്ണ് ചിമ്മി
ഇടയ്ക്കിടയ്ക്ക് മങ്ങുന്നതിന്റെ
രഹസ്യം  കണ്ടു പിടിക്കണം

 ആകാശം ഒരു അമ്മയോളം
ചെറുതാകുന്ന
രണ്ടക്ഷരത്തിന്റെ മടിയിലെ
കണ്ണ് ചിമ്മുന്ന കുഞ്ഞാകണം
അവിടെ സ്വന്തം
മാറത്തു  ഞെട്ടിൽ
നിലവിളക്ക് കൊളുത്തി
എരിയുന്ന അമ്മ മുഖം കാണണം

സ്നേഹമൊഴിച്ചുള്ള
വികാരങ്ങൾ മുണ്ഡനം ചെയ്ത തല
ഒരു കുഞ്ഞുഭിക്ഷുവിനെ
 പോലെ കുനിക്കണം
കണ്ണുകൾ കൊണ്ട് തീ അണക്കണം


പ്രണയ പാപങ്ങൾ പ്രസവിച്ചു
ചുവപ്പിച്ച ചോര
നിഷ്കളങ്കമായ ഒറ്റ ചുംബനത്തിൽ
വെളുപ്പിച്ചു
അമ്മിഞ്ഞ പാലാക്കണം
മാതൃത്വത്തിന്റെ  ചുണ്ടിലെ ഒരിക്കലും
മായരുതാത്ത പഴയ പുഞ്ചിരിപൂങ്കുല
പുതുക്കി തിരിച്ചു  നല്കണം

നിലാവ്  കൊളുത്തി വച്ച്
സൂര്യനെ അന്ന് പതിവിലും കുറച്ചു നേരത്തെ
ഒന്നൂതി അണയ്കണം
അതിലൂടെ പൂർണമായി മാഞ്ഞു പോണം

പൂക്കളെ പോലെ പല നിറമുള്ള
വെയിൽ കൊളുത്തി അതി രാവിലെ
പുതിയൊരു സൂര്യനെ പിന്നെയും
ആരെങ്കിലും  തെളിയ്ക്കുമായിരിക്കും      

Comments

  1. സ്നേഹമൊഴിച്ചുള്ള
    വികാരങ്ങൾ മുണ്ഡനം ചെയ്ത തല
    ഒരു കുഞ്ഞുഭിക്ഷുവിനെ
    പോലെ കുനിക്കണം
    കണ്ണുകൾ കൊണ്ട് തീ അണക്കണം

    പ്രതിഭയുള്ള കവി!

    ReplyDelete
  2. പിന്നെയും ആരെങ്കിലും...

    ReplyDelete
  3. ഒരുപാട് വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യേണ്ട വരികളാണ് വിരൽത്തുമ്പുകൾ സൈബർ സ്പെയിസിലേക്ക് പകർത്തെഴുതുന്നത് .....

    ReplyDelete
  4. നന്നായിരിക്കുന്നു പ്രിയ മണിയങ്കാലാ......!
    സ്നേഹമൊഴിച്ചുള്ള
    വികാരങ്ങൾ മുണ്ഡനം ചെയ്ത തല
    ഒരു കുഞ്ഞുഭിക്ഷുവിനെ
    പോലെ.....കുനിക്കില്ല ...ഉയര്‍ത്തി തന്നെ പിടിക്കും..!

    ReplyDelete
  5. വാക്കുകൾ ഘനീഭവിപ്പിച്ച്‌, ഭായിയിലെ കവി പെയ്യിക്കുന്നു; നല്ല കവിതകളുടെ കുളിർമഴ ആസ്വാദക ഹൃദയങ്ങളിലേക്ക്‌..!!

    വളരെ മനോഹരം. അഭിനന്ദനങ്ങൾ...


    ശുഭാശംസകൾ......

    ReplyDelete
  6. മനോഹരമായിരിക്കുന്നു വാക്കുകളുടെ പെയ്ത്ത്.
    ആശംസകള്‍

    ReplyDelete
  7. നിഷ്കളങ്കതയിലേക്ക് ഒരു തിരിച്ചുപോക്ക്.. കവിഭാവന എഴാകാശത്തിന്റെ അതിരുകളും ഭേദിച്ച് ഒരു നവലോകത്തെക്ക്..മനോഹരം..

    ReplyDelete
  8. പ്രണയ പാപങ്ങൾ പ്രസവിച്ചു
    ചുവപ്പിച്ച ചോര
    നിഷ്കളങ്കമായ ഒറ്റ ചുംബനത്തിൽ
    വെളുപ്പിച്ചു
    അമ്മിഞ്ഞ പാലാക്കണം
    മാതൃത്വത്തിന്റെ ചുണ്ടിലെ ഒരിക്കലും
    മായരുതാത്ത പഴയ പുഞ്ചിരിപൂങ്കുല
    പുതുക്കി തിരിച്ചു നല്കണം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...