Skip to main content

സ്റ്റാറ്റസ് കവിതകൾ

(1)
ആത്മഗതം
-------------------
ഉത്തരം അറിയാത്ത
കുട്ടിയെ പോലെ
നീ 
എന്റെ മുന്നിൽ
മുടി അഴിച്ചിട്ട് 
തലകുനിച്ച് 
എഴുന്നേറ്റ് നില്ക്കുന്നു 

ഗൃഹപാഠം
ചെയ്യാത്ത കുറ്റത്തിന്
വഴക്ക് പറയാതെ
നോക്കി നോവിക്കാതെ
ഇരിക്കുവാനുള്ള ആഗ്യം
തകർന്ന മനസ്സുകൊണ്ട്
നീ കാണാതെ കാട്ടി
ഞാൻ
അടുത്ത കുട്ടിയിലേയ്ക്ക്
മെല്ലെ നടക്കുന്നു

കൂടെ
ചിഹ്നം നഷ്ടപ്പെട്ടിട്ടും
പ്രസക്തി നഷ്ടപെടാത്ത
ചോദ്യമായി
എന്റെ പ്രണയവും

തോല്ക്കാൻ എനിക്ക് മനസ്സില്ല
എന്നുള്ളത്
ബഹുവചനം നഷ്ടപ്പെട്ട
ഒരു പഴയ പാട്ടിന്റെ
വരികൾ മാത്രം അല്ല,
സ്നേഹം കൊതിക്കുന്ന
ഒരു ആത്മാവിന്റെ
നിശബ്ദ ഗദ്ഗദം കൂടിയാണ്
എന്നൊരു അശരീരി
ആത്മഗതം പോലെ
ഞാൻ മാത്രം കേൾക്കുന്നു


(2)
പ്രതീക്ഷ
________________
ഓരോ ഉച്ചയും
പരാജയപ്പെട്ട പ്രഭാതങ്ങളാണ്

പ്രഭാതങ്ങൾ
ഉണരാൻ വൈകി പോയ
നിഷ്കളങ്ക ബാല്യകൌമാരങ്ങളും

ഉണർന്നു വിജയിച്ചു
എന്ന് കരുതി
എത്തപ്പെടുന്ന 
സായന്തനങ്ങൾ
ചിത വെട്ടം കൊളുത്തിയ
സന്ധ്യകളാണ്

അത് മരണഇരുട്ടിലേയ്ക്കുള്ള
വെറും വഴികാട്ടികൾ

എന്നാലും
ജീവിതമേ
ബാക്കി വച്ച ഓരോ പ്രഭാതവും
പുനര്ജനികളാണ്,
പ്രണയം നുകരാൻ സൌന്ദര്യം കാണാൻ
വീണ്ടും ഒരു കൊച്ചു തെറ്റ് ചെയ്തു
പശ്ചാത്തപിക്കാൻ
ആ തെറ്റിലേയ്ക്ക്
എന്നത്തേയും പോലെ ഇന്നും
ജീവിതം പുനരാരംഭിക്കട്ടെ


(3)
കൂർക്കം  
_________
എന്റെ ശ്വാസങ്ങൾക്ക്
ആലിംഗന തൊട്ടിൽ കെട്ടി
ചുംബന താരാട്ട് മൂളി
മധുര സ്വപ്നം കാട്ടി
നിന്റെ ഇമകൾ കൊണ്ട്
പുതപ്പിച്ചു
നിന്റെ നിശ്വാസങ്ങളിൽ
ഉറക്കിയ നീ

ന്നാലും രാവിലെ 
ഉറക്കം വിട്ടു ഞാൻ
എണീക്കുമ്പോ
ചോദിക്കട്ടെ
ഉറങ്ങിയിരുന്നോ നീ
ഇന്നലെ എങ്കിലും
ഞാൻ ഇതുവരെ
കണ്ടിട്ടില്ലാത്ത
കേട്ടിട്ടില്ലാത്ത
എന്റെ സ്വന്തം
കൂർക്കമേ

ഉറക്കത്തിന്റെ
തെറ്റിയ സ്പെല്ലിങ്ങ്
പോലുള്ള കൂർക്കമേ,
നിന്നെ ആരോ
ദു:സ്വപ്നം കാണുന്നു.......


(4)
കൃഷ്ണമണി
_________
നിന്നെ നോക്കി
തിരഞ്ഞെടുത്ത തെറ്റിന്
നീ എന്റെ
കാഴ്ച്ചയിൽ തേച്ച
കറുത്ത മഷി
നീലച്ചു കിടപ്പുണ്ടെന്റെ
കണ്ണുകളിൽ
നിന്നെ എന്റെ കണ്ണിലെ
കൃഷ്ണമണി ആയി
എന്നും
നോക്കുവാൻ മാത്രം



(5)
ആദ്യപ്രവാസി
______________
ആകാശം പ്രവാസിയാണ്..
മഴ;
ഭൂമിയ്ക്ക്
നനവിന്റെ ഭാഷയിൽ
എഴുതുന്ന
പ്രണയ ലേഖനവും



(6)
പാതി മഴ
__________

എന്റെ ആകാശത്ത്
ഞാൻ
മാറ്റി വയ്ക്കാറുണ്ടിപ്പോഴും
നിനക്കായിമാത്രം
ഞാൻ നനഞ്ഞ
പാതി മഴ!

Comments

  1. ഗൃഹപാഠം
    ചെയ്യാത്ത കുറ്റത്തിന്
    വഴക്ക് പറയാതെ
    നോക്കി നോവിക്കാതെ
    ഞാൻ
    അടുത്ത കുട്ടിയിലേയ്ക്ക്
    മെല്ലെ നടക്കുന്നു

    ReplyDelete
  2. നാലു കവിതകളും ഇഷ്ടമായി ബൈജു ഭായ്‌. എന്നാലും "പ്രതീക്ഷയും", "കൂർക്കവും" ഇത്തിരി കൂടുതൽ ഇഷ്ടപ്പെട്ടു.


    നല്ല കവിതകൾ

    ശുഭാശംസകൾ.....





    ReplyDelete
  3. ആഹാ.....
    വീണ്ടും ഈ വഴിയില തിരികെ എത്തി അല്ലെ

    ReplyDelete
  4. കൃഷ്ണ മണി ...ഒരു തരം അധിനിവേശം ..! നന്നായി ..ആശംസകള്‍ ..!

    ReplyDelete
  5. സ്റ്റാറ്റസുകളിൽ കവിത വായിച്ചിരുന്നു
    ഇപ്പോൾ കവിതയിലൂടെ സ്റ്റാറ്റസും വായിച്ചു

    കവിതകൾ ഇനിയും പെയ്തിറങ്ങട്ടെ....

    ReplyDelete
  6. നന്നായിരിക്കുന്നു
    എഫ് ബി യില്‍ പെയ്തിറങ്ങുന്നത് ആസ്വദിക്കുന്നുണ്ട്.....
    ആശംസകള്‍

    ReplyDelete
  7. കവിതകൾ ഏറെ ഇഷ്ടമായി ബൈജു ആശംസകൾ .

    ReplyDelete
  8. ലളിതമാകുമ്പോള്‍ കൂടുതല്‍ ഭംഗിയാവുന്നു.ഏവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന വരികള്‍ :) സല്യൂട്ട്

    ReplyDelete
  9. ആസ്വദിച്ചു നാലു കവിതകളും ...
    ഹൃദയം നിറഞ്ഞ ആശംസകൾ

    ReplyDelete
  10. സ്റ്റാറ്റസ് നിലനിര്‍ത്തി!!

    ReplyDelete
  11. These status poems are beautiful .Aadyapravaasi orupaadishtaayi. All the others are up to the mark.Kavitha peythirangunnu, puma ram puuthulayunnu

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു സൂര്യനൊരു കൊക്കൂൺ വിഷാദമൊരു കിളിക്കൂട് എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ പക്ഷേ കഴിഞ്ഞില്ല  ജമന്തിനിശ്വാസങ്ങളും വേനലും പക്കമേളങ്ങളും എന്ന് ചുരുക്കി ബാക്കിയായി പെരുക്കങ്ങൾ  ഒരു തബലയാവും വെയിൽ അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ ഒപ്പം പുതിയൊരു തബലയും സംഗീതത്തിൽ നിന്ന്  ഒരൽപ്പം മാറി താളങ്ങൾ ഏതുമില്ലാതെ ഒരു തബലയാവും സൂര്യൻ ഈണവെയിൽ എന്നൊക്കെ കുറിക്കുവാൻ തോന്നി ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി ശബ്ദങ്ങൾ പുരട്ടി ഓരോരുത്തരും കൊണ്ട് വരും  വിരൽ വെയിലിൽ തട്ടുന്നു നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ വെയിൽ തുടച്ച്  തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു മഞ്ഞുകാലം, ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു ഉടൽകൊണ്ട് ഉടലിനേ,  കൊണ്ട് നടക്കുന്നു വെയിൽ കൊണ്ട് വെയിലിനേ അടച്ചുവെക്കുന്നു കാറ്റത്തും മഴയത്തും എന്ന പോലെ കറുത്ത ശബ്ദത്തിൻ്റെ കുറുകിയ തോൽ വിരലുകൾ സൂര്യനേ തബലകളിൽ ഒഴിച്ചുവെക്കുന്നു നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ സിഗററ്റിൽ നിന്നും  ചാരത്തേ എന്ന പോലെ  തബലയുടേതല്ലാത്ത ശബ്ദത്തെ ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു സൂര്യൻ്റേത...

ഒരു നാളം

ഒരു തീയതിയാണ് ഉടൽ കലണ്ടറിൽ കലണ്ടറിനും ഉടലിനും ഇടയിൽ ഭിത്തിയിൽ ചാരിയിരിക്കും ശ്വാസം സമയത്തിൽ ചാരിയും ചാരാതെയും ഉടലിൽ ചാരി വെക്കാവുന്ന തമ്പുരു എന്ന വണ്ണം  ശ്രുതികളുമായി ശക്തമായി ഇടപഴകി കാതുകൾ ഒരു തീയതിയാണോ ഉടൽ എന്ന സംശയം, സംശയം അല്ലാതെയായി ഒരു സംശയമായി ഉടൽ കൊണ്ട് നടക്കാൻ തുടങ്ങി മറ്റ് സംശയങ്ങളുമായി ഉടലിന്നെ, സംശയങ്ങൾ ഏതുമില്ലാത്തവണ്ണം ഇടപഴകുവാനായി ഉദിക്കുന്നത് ഉഴപ്പി അപ്പോഴും  സംശയങ്ങളുടെ സൂര്യൻ വൈകുന്നേരങ്ങളുടെ സംശയം, മാത്രമായി അസ്തമയം സൂര്യരഹിത അസ്തമയങ്ങളുണ്ടായി വിരലിൻ്റെ അറ്റത്ത് വന്ന്  ഇറ്റിനിന്ന ആകാശം  അടർന്ന് നിലത്ത് വീഴാൻ മടിച്ചു പകരം അവ ഇലകളെ അടർത്തി നിലത്ത് വീഴൽ കുറച്ചു കേട്ടുകഴിഞ്ഞ ശേഷം പാട്ടുകൾ ശരീരത്തിൽ കുറച്ച് നേരം  തങ്ങിനിൽക്കുമ്പോലെ സമയത്തിൽ തങ്ങിനിൽക്കുവാൻ തങ്ങിനിൽപ്പുകൾ കടംകൊണ്ട അപ്പൂപ്പന്താടികളുണ്ടായി പരിവർത്തനങ്ങളുടെ തീർത്ഥാടനം അപ്പൂപ്പന്താടികളിലേക്ക് ഭാരമില്ലാതെ വരിയിട്ടു പിടിച്ചുനിന്നത് കൊണ്ട് മാത്രം  മരം എന്ന കുറ്റം ചെയ്തത് പോലെ കുറേ നേരം കാറ്റിനേ കേട്ടുനിന്നു,  പിന്നെ, കുറ്റപ്പെടുത്തൽ എന്ന ഉലച്ചിൽ  മരം, നിലത്തിട്ട് ചവിട്ടിക്കെ...

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...