Skip to main content

വൈകുന്നേരം

വൈകുന്നേരം 
സന്ധ്യ ആരുടെയോ 
ചുണ്ടിന്റെ
ചുവപ്പിലേക്ക് 
ചേക്കേറുന്നു 

പിടഞ്ഞകലുന്ന 
ഒറ്റ ചിറകുള്ള 
ചുംബനങ്ങൾ 

രാത്രി കുപ്പായം ഊരി 
രതിക്കുള്ള
തയ്യാറെടുപ്പിലാണ് 

വഴി വിളക്കുകൾ കത്തുന്നുണ്ട് 

എങ്കിലും 
വെളിച്ചത്തിന് 
നാണത്തിന്റെ 
നിറമാണ്  

അവ എന്നെ നോക്കി ചിരിക്കുന്നുണ്ട് 

ഞാൻ കണ്ടില്ലെന്നു നടിക്കുന്നു 

വഴിയിലെ മരങ്ങൾ 
വെളിച്ചം കടം വാങ്ങി 
ചിരിച്ചു കാണിക്കുന്നു 

തിരക്കിട്ട് ഞാൻ വീട്ടിലേയ്ക്ക് 

എതിരെ വരുന്ന വാഹനങ്ങൾ 
പിറകിലേക്കുള്ള വഴി ചോദിക്കുന്നു

ഒറ്റ മുറിയുള്ള വീട്ടിൽ 
അടുക്കള പിണങ്ങി നില്പ്പാണ്‌
വെട്ടമില്ലാതെ 

ആ ഇരുട്ടിലാണ് എതിരെ വരുന്ന 
ഏതോ വാഹനത്തിന്റെ 
പ്രകാശനിറമുള്ള
സ്വപ്നചിറകിൽ
ഞാൻ ഒറ്റ ചിരി വിരിച്ച്‌
ഒരു നീണ്ട രാത്രിനോക്കി
ഉറങ്ങാൻ കിടന്നത് .. 

Comments

  1. ആ ഇരുട്ടിലാണ് ഇതിരെ വരുന്ന-
    എതിരെ എന്നല്ലെ ശരി..?
    കവിത വായിച്ച് വശകലനം ചെയ്യാനുള്ള കഴിവില്ലാത്തതു കൊണ്ട് ആശംസകൾ മാത്രം.

    ReplyDelete
    Replies
    1. നന്ദി വി കെ വളരെ ശരിയാണ് അത് തിരുത്തിയിട്ടുണ്ട്
      ആദ്യ വായനയക്ക്‌ അഭിപ്രായത്തിനു സ്നേഹപൂർവ്വം നന്ദി കൂടി അറിയിക്കട്ടെ

      Delete
  2. ഏകാകികൾ എങ്ങിനെ അവസാനിക്കുന്നു എന്ന് ഇവിടെ വായിച്ചു
    അയ്യോ ഇതെന്റെ ജീവിതമാണല്ലോ എന്ന് അതോടൊപ്പം ഓർത്തു

    നല്ല കവിത

    ReplyDelete
  3. രാത്രി കുപ്പായം ഊരി
    രതിക്കുള്ള
    തയ്യാറെടുപ്പിലാണ് ..... :)

    ReplyDelete
  4. എതിരെ വരുന്ന വാഹനങ്ങൾ
    പിറകിലേക്കുള്ള വഴി ചോദിക്കുന്നു

    ReplyDelete
  5. വെളിച്ചത്തിന് നാണം ..അതുകൊണ്ട് ഇരുട്ടിന്റെ കുപ്പായം..

    ReplyDelete
  6. ഒറ്റ മുറിയുള്ള വീട്ടിൽ
    അടുക്കള പിണങ്ങി നില്പ്പാണ്‌
    വെട്ടമില്ലാതെ.....കൊള്ളാല്ലോ......

    ReplyDelete
  7. എവിടെ വെട്ടമില്ലേലും അടുക്കളേൽ വെട്ടമില്ലെങ്കിൽ പാടുപെടുമല്ലേ ഭായ്.? :)

    പ്രകാശം നിറയട്ടെ. മനസ്സിലും.സ്വപ്നങ്ങളിലും,ജീവിതത്തിലുമൊക്കെ...


    നല്ല കവിത.


    ശുഭാശംസകൾ.....

    ReplyDelete
  8. നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
  9. വെളിച്ചത്തിന് നാണത്തിന്റെ നിറമാണ്

    കറക്റ്റ്...

    ReplyDelete
  10. എങ്ങനെ ഇത്ര മനോഹരമായി ബിംബങ്ങള്‍ രചിക്കുന്നു എന്ന് ഒരസൂയക്കാരി മനസ്സില്‍ ചോദിക്കുന്നു!!!
    (അസൂയാശംസകള്‍ :) )

    ReplyDelete
  11. സൂക്ഷിച്ചു നടക്കേണ്ടതായിരുന്നു ...ഇനിയിപ്പോ പറഞ്ഞിട്ടെന്തു കാര്യം ,,,,? നല്ല വരികള്‍/// ആശയം ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ ദൈവം ഒരു കോട്ടുവായിടും പിന്നെ എന്നെ തോണ്ടി വിളിക്കും ഡാ ഇങ്ങോട്ട് നോക്കിക്കേ ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ... ഈയിടെയായി ദൈവത്തിനു ഇത് പതിവാണ് കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും എന്നെ വിളിച്ചു കാണിക്കും ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും ഞാൻ ഇത്തവണ ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി ആ കൃഷ്ണമണികൾ ഒരു അന്ധനെ പിടിച്ചു നടത്തുകയാണ് നല്ല തിരക്കുള്ള തെരുവ് .. ഞാൻ അന്ധനെ നോക്കി അയാളും പ്രണയിക്കുന്നുണ്ടായിരുന്നു അത്രമേൽ കാഴ്ചയുള്ള ഏതോ സുന്ദരിയായ പെണ്‍കുട്ടിയെ! ദൈവം അതു കണ്ടിരിക്കുകയായിരുന്നു .... ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി ഏതു പെണ്ണ്? ഞാൻ ചോദിച്ചു.. അന്ധൻ സ്നേഹിക്കുന്ന അന്ധൻ കണ്ടിട്ടില്ലാത്ത പെണ്ണിനെ ദൈവം എനിക്ക് കാണിച്ചു തന്നു അതു നീയായിരുന്നു!!!! ഞാൻ അതിശയത്തോടെ ദൈവത്തിനെ നോക്കി... അവിശ്വസനീയമായ രീതിയിൽ ഞാൻ അന്ധനായി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ അന്ധമായി നിന്നെ പ്രണയിക്കുകയാണ് പെണ്ണെ... ഒരു പക്ഷെ ഞാൻ  ദൈവമായാലോ?

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!