Skip to main content

ക്ലിയറൻസ് കവിതകൾ (വർഷാന്ത്യപ്പതിപ്പ്)

മഴ 
സ്കൂൾ, അവധിക്കു അടച്ചിട്ടപ്പോൾ
അലഞ്ഞു തിരിഞ്ഞ മേഘങ്ങൾ
ഇട്ടു അഴുക്കാക്കിയ വിഴുപ്പ്വസ്ത്രങ്ങളെ
നനച്ചു ആകാശത്ത്  അലക്കി വിരിക്കുമ്പോൾ
തുറന്ന സ്കൂളിന്റെ മുകളിൽ പെയ്യുന്നു
തുരു തുരെ തോരാത്ത കനത്ത മഴ

(അത് കൊണ്ടാവുമോ മഴയ്ക്ക്
നിറമുള്ള യുണിഫോംഇല്ലാത്തതു
സ്കൂളിൽ കയറ്റാത്തതും
യുണിഫോം നിര്ബന്ധം ഇല്ലാത്ത
ചോരുന്ന സർക്കാർ സ്കൂളിൽ മാത്രം
കുഞ്ഞു മഴ പഠിക്കാൻ വരുന്നതും
കുട്ടികൾ അവിടുന്ന് കൊഴിഞ്ഞു
പോകുന്നതും ?  ഏയ്‌ ആവില്ല അല്ലേ)

പുഴ അത് മഴ തന്നെ 
സൂര്യൻ 
വെയിൽ നീട്ടി 
വേനലെറിയുന്നു
പക്ഷികൾ
തൊണ്ടവരണ്ടു 
ദാഹിച്ചു ചിലയ്ക്കുന്നു 
മഴ മുഴക്കി വേഴാമ്പൽ 
മഴയ്ക്ക് യാചിക്കുന്നു 
പക്ഷിയ്ക്ക്  വേണ്ടി 
മഴ ചുരുട്ടി, 
അതു ചുരുക്കി
മേഘം
മരം പോലെ പെയ്യുന്നു  
മരംകൊത്തി 
അത് കൊത്തി 
മഴത്തുള്ളികളാക്കുന്നു 
അത് കണ്ടു 
പുഴ 
പിണങ്ങിച്ചിണുങ്ങുന്നു 
അത് കേട്ട് 
സഹികെട്ട്
വെള്ളം കൂട്ടി,
മഴ
നീട്ടി
പിന്നെ
പുഴ 
പെയ്യുന്നു!  


ഈയാമ്പുഴ
ഇന്നലെ പെയ്ത മഴയിൽ
പിറക്കുന്നു
ഇന്ന് പറക്കുന്ന
ഈയാമ്പാറ്റകൾ
കടലിൽ പടിഞ്ഞാറു കണ്ട
സൂര്യനെ നോക്കി
ശരിയായി ധരിക്കുന്നവ
ദീപമെന്ന്
കണ്ണാടി ചിറകു വീശി
അങ്ങോട്ട്‌ ഇഴയുമ്പോൾ
കാണുന്നവർ ധരിക്കുന്നവ
പുഴയാണെന്നു
ആയുസ്സ് അത്രയും
കുറവാണെന്നറിഞ്ഞിട്ടും
മനുഷ്യൻ
അറിയുന്നില്ലവ വെറും
ഈയാമ്പുഴ
മാത്രമെന്ന്



കുഞ്ഞു മഴ വല്യതിര
കുട പിടിപ്പിച്ചായാലും
നടക്കുവാൻ
എത്ര പഠിപ്പിച്ചിട്ടും
കുട ഒന്ന് മാറ്റിയാൽ
വീണു പോകുന്നുണ്ട്
മഴ
നമ്മുടെ ശരീരത്തിലേക്ക്
മടിയിലേക്ക്‌
മനസ്സിലേക്ക്
നടക്കുവാൻ മടി കാണിക്കുമ്പോഴും
മുട്ടിൽ ഇഴയാൻ
മടി കാണിക്കാത്ത കുഞ്ഞി മഴ

കൈപിടിച്ച്
കൂടെ നടത്തി
ഇഴയാനും  
തുഴയാനും
നീന്തി
അടിച്ചിട്ടോടാനും  
എത്ര പഠിപ്പിച്ചാലും
അവസാനം
കരയിലേക്ക്  എത്ര തവണ
ഉന്തി ത്തള്ളി വിട്ടാലും
കടലോന്നു
തിരിഞ്ഞു തിരിച്ചു നടന്നാൽ
പിന്തിരിഞ്ഞു
പിറകേ ഓടി വരുന്നുണ്ട്
മടി പിടിച്ചു  
പേടിത്തൊണ്ടൻ വല്യതിര

ആഗോള താപനം
ഒരു നീണ്ട പെയ്ത്ത്
നിന്ന് പെയ്തു കഴിഞ്ഞാൽ
വിയർത്തു ഒലിക്കുന്നുണ്ട്
മഴ പോലും
ദാഹിച്ചു വലഞ്ഞു
തൊണ്ട വരണ്ടു
എടുത്തു ചാടുന്നുണ്ടവ
പുഴയിലേക്ക്
അവിടെ
പുഴയിലെ
മലിന ജലം കണ്ടു
കലങ്ങി പോകുന്നുണ്ട്
മനസ്സ് മണ്ണ് പോലെ
അങ്ങിനെ അറിയാതെ
ഒഴുകി പോകുന്നുണ്ടവ
കടലിലേക്ക്‌,
അവിടെ കടലിലെ ഉപ്പു വെള്ളം
കുടിച്ചു ദാഹം ഇരട്ടിച്ചു
തിരിച്ചു പോകുന്നുണ്ടവ
ആകാശത്തിലേക്ക്!

നാണം 
സ്ത്രീമുഖം ഉള്ള തൊട്ടാവാടിയും 
തൊട്ടാൽ ഉടൻ ചുരുണ്ട് കൂടുന്ന 
ആണട്ടയും മണ്ണിൽ നല്ല മുഹൂർത്തത്തിൽ 
പരസ്പരം തൊടാതെ
ഇണ ചേർന്നപ്പോൾ 
പിറന്ന 
ആദ്യ കണ്മണി ആയിരിക്കണം 
കൂസലില്ലാതെ എവിടെയും കയറി വരുന്ന നാണം 


പാലം
ഒരു പാലത്തിൽ 
തുഴ പോലെ പുഴ എടുത്തു വച്ച്
തോണിപോലെ തുഴഞ്ഞപ്പോഴാണ്
കടത്തു അപ്രത്യക്ഷമായത്
പുഴ മണലിലും മണൽ  
കോണ്‍ക്രീറ്റിലും 
കോണ്ക്രീറ്റ് പാലത്തിലും പെട്ടു 
നമ്മൾ എപ്പോഴോ 
നോക്കു കുത്തിയായി പോയത് 


പ്രവാസി
ഓരോ പ്രവാസിയും സഞ്ചരിക്കുന്ന ഒരു വാക്കാണ്‌
വെറുതെ അലഞ്ഞു  തിരിയുന്നവ
എന്നാലും എത്രയോ പ്രവാസവർഷം അകലെ അറിയാതെ എത്തപ്പെടുന്നവ
ഒരു ഉപഗ്രഹമായി മറ്റുള്ളവർക്ക് തോന്നപ്പെടുന്നവ 
നാട്ടിലെ മനക്കോട്ടയിൽ നിന്ന് നിയന്ത്രിക്കപ്പെടുമ്പോഴും  
മറ്റൊരു നാട്ടിലെ മണ്ണിൽ ഓരോ നിമിഷവും തകർന്നു വീഴുന്നവ
അപ്പോൾ മാത്രം മറുനാട്ടിൽ പ്പെട്ടുപോയ ഖബറാണെന്ന് സ്വയംതിരിച്ചറിയപ്പെടുന്നവ  
എങ്കിലും മൂടാൻമാത്രമായി സ്വന്തം നാട്ടിലെ ഒരു പിടി മണ്ണിന് തനിയെ കാത്തുകിടക്കുന്നവ
അത് കൊണ്ട് തന്നെ ഒരു മീസാൻ കല്ലിന്റെ തുണപോലും പലപ്പോഴും നഷ്ടപ്പെട്ടു പോകുന്നവ

മുതലാളിത്ത മരം 
ഞാൻ ഒരു മനുഷ്യനാണ്
അടിസ്ഥാനപരമായി  തൊഴിലാളിയാണ്
എന്റെ മുതലാളി  ഒരു ബഹുരാഷ്ട്ര കുത്തകയാണ്
അത് വ്യസ്ഥാപിതമാണ് പല രാജ്യങ്ങളിലും പടര്ന്നു പന്തലിച്ചവയാണ്
അവ അവിടങ്ങളിൽ  ആഴത്തിൽ വേരോടിയിട്ടുട്ടുള്ളവയാണ്
മുതലാളിയുടെ നിറം പച്ചയാണ്
അടിസ്ഥാനപരമായും ആശയപരമായും  ഞങ്ങൾ വിരുദ്ധ ധ്രുവങ്ങളിലാണ്
അത് കൊണ്ടാണോ എന്നറിയില്ല എന്റെ ചോരയും ചേരിയും ചുവന്നതാണ് 

എന്റെ ജീവശ്വാസവും ആഹാരവും എല്ലാം മുതലാളിയുടെത് തന്നെയാണ്
മുതലാളിയുടെ തണലിലാണ് ജീവിതവും
മുതലാളിക്ക് വല്ലപ്പോഴും വേണ്ട കാർബണ്‍ ഡൈ ഒക്സൈഡിനു വേണ്ടിയാണ്
ചെല്ലും ചിലവും 

ഞങ്ങൾ മുതലാളിയുടെ സഞ്ചരിക്കുന്ന കാർബണ്‍ ഡൈ ഒക്സൈഡു നിര്മാണ ശാലകൾ മാത്രമാണ്
മുതലാളി തന്റെ ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധാലുവാണ്
ഞാൻ തിരിഞ്ഞിരുന്നു വണ്ടി ഓടിക്കുമ്പോൾ എല്ലാം മുതലാളി ത്രെഡ് മില്ലിൽ പുറകോട്ടു ഓടുന്നത് കാണാറുണ്ട്‌
ഞാൻ മരിച്ചാൽ എന്റെ ശവം പോലും മുതലാളിക്ക് ഉള്ളതാണ്
മുതലാളി അതിന്റെ മുകളിലും ഒരു മരം നടും
അതെ എല്ലാ മരവും ഒരു മുതലാളിയാണ്
മുതലാളിത്ത മരം!


നീല പരിഷ്കാരി ആകാശം 

മഴയെങ്ങും ഇല്ലെങ്കിലും
ദേഹം മുഴുവൻ മൂടിയ
കറുത്ത കുടകൾ കണ്ടു
തുടങ്ങിയപ്പോഴാണ്
കണ്ടാൽ സദാചാരി എന്ന്
തോന്നിക്കുമെങ്കിലും
പച്ച പരിഷ്കാരിയായ
നീല ആകാശം
മഴയായും വെയിലായും
മാറി മാറി വേഷം കെട്ടി
ഇടിഞ്ഞു ഇടിഞ്ഞു
താഴേ വീണു തുടങ്ങിയത്

അയ
ഞാൻ എത്രയോ കാലം ഇട്ടു കൊണ്ട് നടന്ന എന്നെ
കഴുകി  അലക്കി ഉണങ്ങാൻ
പണ്ടേ ആരോ വരച്ചിട്ടു  വരപോലെ ആയിപ്പോയ
അയപോലത്തെ കട്ടിലിൽ  വിരിച്ചിട്ടപ്പോൾ
ഉണങ്ങിയ തക്കം നോക്കി
കല്യാണം എന്ന് പറഞ്ഞു
എടുത്തിട്ട് കൊണ്ട് പോയത് നീയാണ്
ഇപ്പൊ ഉണങ്ങി ഉറങ്ങി കട്ടിലിൽ കിടക്കുന്നത് നീയും
മുഷിഞ്ഞു നനഞ്ഞു ഉറക്കം വരാതെ നിന്റെ
അയയിൽ കിടന്നു തൂങ്ങിയാടുന്നത് ഞാനും 

ഭ്രാന്തൻ മേഘം
ഉന്നതങ്ങളിൽ ഉള്ള
പിടിപാട് വച്ച് ആകാശം
മേഘങ്ങളിലൂടെ
മയക്കു മരുന്ന് കടത്തുന്നു
അത് കടത്തുന്നതിനിടയിൽ മേഘം
കട്ട് രുചിക്കുന്നു
കിറുങ്ങി മത്തടിച്ച മേഘം
കറങ്ങി നടക്കുന്നു
കരയുന്നു ചിരിക്കുന്നു ഓടുന്നു  അലറുന്നു
കെട്ടിപ്പിടിക്കുന്നു
പൊട്ടിത്തെറിക്കുന്നു
അവസാനം ഭ്രാന്ത് പിടിച്ചു
എവിടെയോ കാണാതെ പോകുന്നു

ലോട്ടറി 
കണ്ട സ്വപ്‌നങ്ങൾ
ലോട്ടറി കച്ചവടക്കാരന്റെ
കൈയ്യിലെ
അടിക്കാത്ത ലോട്ടറി ആയി
മിച്ചം വരുമ്പോഴാണ്
എടുക്കാത്ത ലോട്ടറി മാത്രം അടിക്കുന്ന
പ്രതീക്ഷയായി
ഉറക്കം മറ്റൊരു സ്വപ്നം നറുക്കെടുക്കുന്നത് 

ഐ ടി കൃഷി 

വിവര സാങ്കേതികത  എന്ന് പറയുന്നത്
സൌകര്യങ്ങളുടെ കൃഷിയാണ്
അത് വിളവെടുക്കുന്നത് സുഖങ്ങളാണ്
വിളയുന്നത്
ഉപഭോക്താവിന്റെ വിരൽ തുമ്പിലാണ്
അത് നിറയ്ക്കുന്നത് കോർപ്പറേറ്റ്
കളപ്പുരകളുടെ  ബാങ്ക് ബാലൻസുകളാണ്
അത് കുറയ്ക്കുന്നത് ദിവസങ്ങളും മണിക്കൂറുകളും
നിമിഷങ്ങളാക്കിയിട്ടാണ് എന്നിട്ടും അത്
നിലനിർത്തുന്നത്
തൊഴിലാളികളുടെ  ജോലി സമയം
മണിക്കൂറുകളിൽ നിന്ന്
ദിവസങ്ങളാക്കി
ഉയർത്തി തന്നെയാണ് 

ഹോം തീയേറ്റർ 
യുവത്വം പോലും
മുഖത്ത് സെറ്റ് ഇട്ടു ചെയ്തു
വാർദ്ധക്യം
ഡ്യുപ്പിനെ വച്ച് എടുത്ത്
കള്ളപ്പണം
സിനിമ നിർമാണം കൂടി
തുടങ്ങിയപ്പോഴാണ്
ജനം വീട്ടിൽ
തീയേറ്ററിന്റെ സെറ്റ് ഇട്ടു
സി ഡിയുടെ ഡ്യുപ്പിനെ വെച്ച്
പടം കണ്ടു തുടങ്ങിയത്


Comments

  1. മഴ പെയ്ത് ഈയാമ്പുഴ നിറഞ്ഞ് തിരയടിച്ചു
    പിന്നെ ആഗോളതാപനം വന്നു
    പിന്നെയൊന്നും എനിക്ക് ഓര്‍മ്മയില്ല!!
    കണ്ണ് തുറന്ന് നോക്കുമ്പോള്‍ ഞാന്‍ ഒരു തിയറ്ററില്‍ ആയിരുന്നു.
    ഹോം തിയറ്ററില്‍!!!

    ReplyDelete
  2. സൈബർ സ്പേസിന്റെ ഇടനാഴികളിൽ പെയ്ത് കുത്തിയൊലിച്ചു പോവേണ്ടതല്ല ഈ മഴത്തുള്ളികൾ .....
    ഉന്നത നിലവാരം പുലർത്തുന്ന ഈ കവിതകൾ വിപുലമായ ഒരു വായനാസമൂഹത്തിനു മുന്നിൽ പെരുമഴയായി ആർത്തലച്ചു പെയ്യേണ്ടവതന്നെ.....

    ReplyDelete
  3. പ്രതീക്ഷയായി ഉറക്കം മറ്റൊരു സ്വപ്നം നറുക്കെടുക്കുന്നത് .പ്രദീപ് മാഷ് പറഞ്ഞതിനോട് യോജിക്കുന്നു. :)

    ReplyDelete
  4. ക്ലിയറന്‍സ് സെയില്‍ മികച്ച സാധനങ്ങള്‍ മാത്രമായാല്‍ കച്ചവടം പൊടിപൊടിക്കും..

    കൊള്ളാം കേട്ടോ എല്ലാം...

    ReplyDelete
  5. നന്നായിരിക്കുന്നു അനര്‍ഗ്ഗളമായി പെയ്തിറങ്ങുന്ന ഈ ഹൃദ്യമാം വരികള്‍.
    ആശംസകള്‍

    ReplyDelete
  6. അത് കലക്കിലോ .. വര്ഷാന്ത്യത്തിനു ഇനിയും സമയം ഉണ്ടല്ലോ -അപ്പൊ ഇനിയും ഐറ്റംസ് വന്നേക്കാം അല്ലെ? ക്ലീയറന്‍സ് സെയ്ല്‍ പോടീ പൊടിക്കട്ടെ :)

    ReplyDelete
  7. വര്‍ഷാന്ത്യ പതിപ്പ് കൊള്ളാമല്ലോ....ആഗോള താപനവും ഹോം തീയേറ്ററും ഇഷ്ടപ്പെട്ടു

    ReplyDelete
  8. ക്ലിയറൻസ്‌ ഐറ്റംസ്‌ ആണേലും എല്ലാം നല്ല ക്വളിറ്റിയുള്ളതു തന്നെയാ കേട്ടോ ഭായ്‌? :) :)

    നല്ല കവിതകൾ

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു

    ശുഭാശം സകൾ...

    ReplyDelete
  9. പുഴയുടെ നിർദ്ധാരണവും, ഡിസംബറിലെ ആറും, ക്ലിയറൻസും ഒന്നിച്ചാണു കണ്ടത്. എല്ലാറ്റിലും അനുഭവിച്ചു, കവിതയുടെ കുത്തിക്കൊള്ളുന്ന ചൂട്.തുണ്ടിട്ടു ചേലാക്കിയ ക്ലിയറൻസ് കവിതകൾ തന്നെ ഒരു ചുവടു മുന്നിൽ.

    ReplyDelete
  10. ഒരു വർഷം മനസ്സിലിട്ട്
    മുഷിഞ്ഞ ചിന്തകൾ എല്ലാം
    ഒഴിവാക്കിയ സംതൃപ്തിയോടെ
    പുതു വർഷം വരെ കിടന്നുറങ്ങൂ.

    ReplyDelete
  11. വർഷാന്ത്യ വില്പ്പന കലക്കിയിട്ടുണ്ട്

    ReplyDelete
  12. ഗുഡ് നന്നായിട്ടുണ്ട് ,ആശംസകള്‍

    ReplyDelete
  13. മഴവില്ലഴകുകള്‍ ,തിരകള്‍ ,എത്ര വലിച്ചെറിഞ്ഞാലും തിരിച്ചെത്തുന്ന ഓര്‍മ്മകള്‍

    ReplyDelete
  14. ആദായ വില്പനക്ക് കിട്ടിയതാണേലും
    എല്ലാം നല്ല ഈടുറ്റ കവിതകൾ...!

    ReplyDelete
  15. nalla kavithakal ,clearance sale super

    ReplyDelete
  16. ക്ലിയരൻസ് ആയതിനാൽ ആർത്തിയോടെ വായിച്ചു . എല്ലാം ഒന്നിനൊന്നു മികച്ചത് . അതിൽ കുഞ്ഞു മഴ വലിയ തിര , ആഗോള താപനം എന്നിവ കൂടുതൽ മികച്ചു നിന്നു . ആശംസകൾ

    ReplyDelete
  17. Nannaayirikkunnu.... Aashamsakal.

    ReplyDelete
  18. എല്ലാം വ്യത്യസ്തമായ വിഷയങ്ങൾ‌. എന്തുകൊണ്ടോ ഏറ്റവും ഇഷ്ടം തോന്നിയത് മഴ തന്നെ.

    ReplyDelete
  19. ഈ ക്ലീയറൻസ് പതിപ്പിൽ പങ്കെടുത്തു വായിച്ചും അഭിപ്രായം പറഞ്ഞും പോപ്പുലർ പോസ്റ്റിൽ പോലും ഈ വരികളെ എത്തിച്ച എല്ലാ സുമനസ്സുകൾക്കും നന്ദി സ്നേഹപൂർവ്വം രേഖപ്പെടുത്തുന്നു

    ReplyDelete
  20. Clearance sale kalakkiyenkilum ellam varivalichittulla vilpana venda ketto...

    ReplyDelete
    Replies
    1. പുതിയ സ്റ്റോക്ക്‌ വന്നപ്പോൾ അങ്ങ് ഇട്ടുപോയതാണ് 6 കവിതളേ ആദ്യം ഉണ്ടായിരുന്നുള്ളൂ നന്ദി അനുരാജ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

പ്രതിബിംബത്തിന് പിന്നിൽ രസം ചേർത്ത് കണ്ണാടിയാക്കും വിധം

പച്ചമാങ്ങാ മണമുള്ള  അടർത്തലിൻ്റെ കറ വെച്ച്  ഓരോ വർത്തമാനകാലവും അടയ്ക്കുകയായിരുന്നു ആകൃതിയുടെ കപ്പ് വെച്ച് ഞെട്ടുകൾക്കപ്പുറം മാവ്, നിറങ്ങളിൽ നിറച്ചെടുക്കും മാങ്ങകൾ കണ്ടിട്ടുണ്ടോ പ്രതിബിംബങ്ങൾ നിഷേധിക്കും കണ്ണാടി? എൻ്റെ പ്രതിബിംബങ്ങൾക്ക് ദാഹിക്കുന്നു അത് ഉടയും വിധം പ്രതിഫലനങ്ങളിൽ  മന:പ്പൂർവ്വത്തിൻ്റെ കല്ലിടുന്നു ഉടലിൻ്റെ പിടിയുള്ള കപ്പ് പ്രതിഫലനങ്ങളുടെ വെൻഡിങ് മെഷീൻ ഉടലിൻ്റെ ഏറ്റവും അലസമായ  ഉറയൊഴിപ്പ് പ്രതിബിംബത്തിൻ്റെ കറ വീണ കണ്ണാടിത്തലപ്പിൽ നിന്നും വർത്തമാനകാലം പിടിച്ച് ചായ്ച്ച് ഒരു പ്രതിഫലനം അടർത്തുന്നത് പോലെ എനിക്ക് ഭൂതകാലവും അടർത്തണമെന്നുണ്ട് കരിന്തിരിയ്ക്കരികിൽ മൺതരികൾ, മുഖത്തരികൾ എന്ന് വെളിച്ചം, ഓർമ്മകൾ വേർതിരിക്കുന്നിടത്ത് ഉടലുകൾ ചെരാതുകൾ ഓരോ പ്രതിബിംബവും എന്നെ പിടിച്ച് ചായ്ക്കുന്നുമുണ്ട് അതിൻ്റെ കറുപ്പ്, കാക്ക ചരിക്കുന്നത് പോലെ എൻ്റെ കറുപ്പ് എന്നെ പിടിച്ച് ചരിക്കുന്നുമുണ്ട് കണ്ണാടിയിൽ നിന്നും  ഒരു പ്രതിബിംബം മാത്രം എടുത്ത് പിൻമാറണമെന്നുണ്ട്, ശരിയ്ക്കും എനിക്ക് നാളം പിടിച്ച് ചായ്ക്കുന്നു വെളിച്ചം അടർത്തുന്നു കെടുത്തുവാനാകാത്ത വിധം  കൊളുത്തിയ നിലയിൽ വിരലുകൾ നഖങ്ങൾ മാത്രം അണയ്ക്കുന