Tuesday, 22 April 2014

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു
ഒരു പരിചയം ഇല്ലാത്ത ഒരു മഴ
അയല്ക്കാരന്റെ പറമ്പിൽ നിന്ന്
പെയ്യുന്നുണ്ട്

അത് കണ്ടു
തുണി ഉണക്കുവാൻ
എന്ന വ്യാജേന
ഞാനോ മുറ്റത്തേക്കിറങ്ങുവാൻ
നോക്കുന്നുണ്ട്

വിരിയ്ക്കുവാൻ എങ്ങും
തുണി ഒന്നും കാണാതെ
ഉടുതുണിയുടുത്ത്
മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട്

അത് കണ്ടു അയൽക്കാരൻ 
മുണ്ട് മടക്കി കുത്തി
പുറത്തേക്കിറങ്ങി
വരുന്നുമുണ്ട്

മനോഹരമായി പെയ്യുന്ന
മഴയെ നോക്കാതെ ഉടുതുണി
കണ്ടു വിയർക്കുന്നുണ്ട്‌,

മഴ കണ്ടു നില്ക്കുന്ന
വരണ്ട തുണി കണ്ടാകണം
മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട്
അത് കണ്ടു
മഴ ഒന്ന് തോര്ത്താതെ  തോരാതെ
എങ്ങോട്ടോ കേറി മറയുന്നുണ്ട്‌

മഴ തോര്ന്നോ പുഴ പൂത്തോ
പാടം നനഞ്ഞോ
ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട്

അങ്ങിനെ ആരോ പാടി
ഉലഞ്ഞു നിൽക്കേ
ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ
മുറ്റത്തു വീണ വെയിലും തൂത്തുവാരി
 മൂളിപ്പാട്ട്മൂളി  തണലുമുണ്ട്

അടുത്ത പറമ്പിലെ
നനഞ്ഞ മരത്തിൽ
മരംകയറ്റം എഴുതി പഠിച്ചു
കണ്ടിട്ടും മിണ്ടാതെ
അണ്ണാനുമുണ്ട്‌

എന്നിട്ടും ഞാനോ
നല്ലൊരു അയൽക്കാരൻ
വെറുതെ ഓർത്തു യേശുവിനെ
യേശുവോ ഓർത്തുവോ
എന്നെ അപ്പോൾ
അറിയില്ല ഞാൻ വെറും
അയൽക്കാരൻ
ഓർത്തുവോ അയൽക്കാരൻ
എന്നെ അപ്പോൾ
അറിയില്ല ഞാൻ വെറും
അടിയാളൻ

അപ്പോൾ അയൽവക്കത്തുനിന്നും
ഒരു വറുത്ത മീൻ മണം
എന്റെ വീട്ടിലേയ്ക്ക്
അതിക്രമിച്ചു കയറി പോയി
എന്റെ വീട്ടിലെ കറുത്ത പൂച്ച
മീൻ വറുത്ത വീട്ടിലേയ്ക്ക് ഓടികയറി
അത് കഴിഞ്ഞു അടുത്ത വീട്ടിൽ
അത് വരെ കണ്ടിട്ടില്ലാത്ത
ചെറിയൊരു പരിഭവ ചുണ്ടെലി
മുഖം വീർപ്പിച്ചു വെറുതെ
കെറുവിച്ചങ്ങിറങ്ങി  പോയി

ഒരു നിഷ്കളങ്കമായ പുഞ്ചിരി കരിയില
അപ്പോൾ കാറ്റടിച്ചു
പടിക്കൽ വന്നെത്തി നോക്കി
പിന്നെ ആരോ വിളിച്ചപോലെ
പരിയമ്പുറത്തൂടെ   തിരിച്ചു പോയി

പിരിവുകാർ
ചിരിച്ചും പിരിച്ചും
കടന്നു പോയി

വേനലും  പതിയെ
കടന്നു വന്നു
ചൂടോടെ
വേനലിൽ ചുംബിച്ച
 പൂവാക
ചുണ്ടത്ത് തീ  ആളി
വാടി വീണു  

അറിയുന്നു ഞാൻ

വെള്ളം ചോദിച്ചു അയൽക്കാരൻ
ഏതു നിമിഷവും കടന്നുവരാം
കൂടെ പെയ്യാൻ ഭയക്കുന്ന  
ഒരു മഴക്കോളുമുണ്ടാകാം 

മുറ്റത്തു നില്പ്പുണ്ട്
ധാരാളം വെള്ളം അഴിച്ചിട്ടു
ഇത് വരെ  വെട്ടിയിട്ടില്ലാത്ത
ഒരു മഴ കാണാകിണർ  
ഒരു ഒരു മിഴിയാഴം കുഴിച്ച്
ഒരു താലികയറിട്ടു
പരിശീലിപ്പിക്കുന്നുണ്ട് ഞാൻ    
എന്റെ ഒറ്റ നോട്ടത്തിനു
വീട്ടിനകത്തേയ്ക്ക്
കയറി പോകാൻ! 

25 comments:

 1. ഗൃഹ പ്രവേശം ആഘോഷിക്കുന്ന അജിത്‌ ഭായ്ക്ക് ഈ കവിത സ്നേഹപൂർവ്വം സമർപ്പിക്കുന്നു

  ReplyDelete
 2. സമർപ്പണം ഉചിതമായി; ഭുവനവുമായി ബന്ധപ്പെട്ട ഭാവന നന്നായി.

  ReplyDelete
  Replies
  1. ഡോക്ടര വളരെ സന്തോഷം ഈ വായന സന്ദേശം സ്നേഹപൂർവ്വം

   Delete
 3. നന്നായിരിക്കുന്നു..

  ReplyDelete
  Replies
  1. നന്ദി അറിയിക്കുന്നു Habby സ്നേഹപൂർവ്വം

   Delete
 4. കവിതയുടെ മൊത്തത്തിലുള്ള ഭാവം, തിരഞ്ഞെടുത്ത ബിംബാത്മക കൽപ്പനകളുടെ ചാരുത എല്ലാം ആകർഷണീയം. ചൂടോടെ വേനലിനെ ചുംബിച്ച പൂവാക ചുണ്ടത്ത് തീ ആളി വാടി വീണു ..... ഇത് വരെ വെട്ടിയിട്ടില്ലാത്ത ഒരു മഴ കാണാകിണർ.... തുടങ്ങിയതൊക്കെ കവിത തുളുമ്പുന്ന മനോഹരമായ ഭാവകൽപ്പനകൾ .....

  എന്നാലും, ചിതറിത്തെറിച്ച വാങ്മയങ്ങളെ വ്യക്തതയുള്ള ഒരു അർത്ഥതലത്തിലേക്ക് വായിച്ചെടുക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു എന്നു പറഞ്ഞുകൊള്ളട്ടെ......

  ReplyDelete
  Replies
  1. പ്രദീപ്‌ മാഷെ വളരെ നന്ദി പ്രകൃതിയെ സ്വാർത്ഥമായി സ്വന്തമാക്കുന്ന വൈരുധ്യം ആണ് വരച്ചിടാൻ ശ്രമിച്ചത്‌. വളരെ നന്ദി പ്രദീപ്‌ മാഷെ സ്നേഹപൂർവ്വം ഈ തുറന്ന വിലയിരുത്തലിനു

   Delete
 5. കുറെയായല്ലോ ബൈജു ഭായിയെക്കണ്ടിട്ട്. നാട്ടിൽ പോയിരുന്നോ?

  നല്ലൊരു കവിതയുമായി വീണ്ടും... ഇഷ്ടമായി ഈ കവിതയും. അജിത് സാറിനുള്ള ഡെഡിക്കേഷനും നന്നായി.  ശുഭാശംസകൾ....

  ReplyDelete
  Replies
  1. നന്ദി ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു പക്ഷെ എഴുത്ത് ഒന്ന് കുറച്ചു അതാ പറ്റിയത് വളരെ സന്തോഷം എന്നത്തേയും പോലെ ഈ വായനക്ക് അഭിപ്രായത്തിനു എനിക്ക് കിട്ടിയ ആദ്യ അഭിപ്രായം പോലെ ഊഷ്മളം
   നാളെ ഈ ബ്ലോഗ്ഗിനു ഒരു വയസ്സ് തികയുമ്പോൾ ആദ്യ അഭിപ്രായം ആ കുഞ്ഞുടുപ്പു പോലെ മനസ്സിൽ ഇട്ടിട്ടുണ്ട് സൂക്ഷിച്ചിട്ടുണ്ട് ആ സന്തോഷം ആഹ്ലാദം ഈ ബ്ലോഗ്‌ എടുത്തണിയുന്നു ഒരിക്കൽ കൂടി നന്ദി

   Delete
 6. ലളിതമാണ്. ഭംഗിയാണ് .
  കവിത ആയോണ്ട് എനിക്ക് അങ്ങിങ്ങും ഒക്കെയേ മനസ്സിലായുള്ളൂ.
  കവിത ധാരാളം ഞാന്‍ വായിക്കേണ്ടിയിരിക്കുന്നു.
  ആശംസകള്‍.

  ReplyDelete
  Replies
  1. റാംജി മാഷെ വളരെ സന്തോഷം ഓരോ വായനയും അഭിപ്രായവും സ്നേഹപൂർവ്വം

   Delete
 7. അജിത്തേട്ടന്‍റെ ഗൃഹപ്രവേശത്തിന്‍റെ ദിവസം
  ഐശ്വര്യമായ ഒരു മഴയുടെ അകമ്പടി ഞാനും നേരട്ടെ..!!

  രണ്ടുപേര്‍ക്കും ആശംസകള്‍....

  ReplyDelete
  Replies
  1. അലി ഭായ് തീര്ച്ചയായും അജിത്‌ ഭായ് ഇല്ലാതെ നമുക്ക് എന്ത് ആഘോഷം
   അലി ഭായിയുടെ സന്തോഷത്തിൽ ഈ വായനയിൽ അഭിപ്രായത്തിൽ ഞാനും പങ്കു ചേരുന്നു സ്നേഹപൂർവ്വം നന്ദിയും

   Delete
 8. മനോഹരമായ ബിംബകല്‍പനകളിലൂടെ പെയ്തിറങ്ങുന്ന നല്ലൊരു രചന.
  ആശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പൻ ചേട്ടാ ഒത്തിരി സന്തോഷം മനസ്സ് നിറയുന്ന നല്ല വരികൾ എഴുതാൻ പ്രചോദനം തരുന്ന ഓരോ വായനയും അതിനു കുറിച്ചിടുന്ന അനുഗ്രഹം പോലുള്ള അഭിപ്രായവും സ്നേഹപൂർവ്വം നന്ദി

   Delete
 9. നല്ലൊരു രചന.. വാക്കുകളില്‍ മനോഹരമായ ബിംബങ്ങള്‍ മനസ്സിലേക്ക് ഒഴുകിവരുന്നു ..ആശംസകള്‍

  ReplyDelete
  Replies
  1. മൊഹമ്മദ്‌ ഭായ് വളരെ സന്തോഷം സ്നേഹപൂർവ്വം നന്ദി ഈ വായനയ്ക്ക് അഭിപ്രായത്തിനു

   Delete
 10. നല്ല വായനാനുഭവം മഴപോലെ
  കവിതയും പെയ്തിറങ്ങട്ടേ ...ആശംസകൾ ...

  ReplyDelete
  Replies
  1. സുലൈമാൻ ഭായ് വളരെ നന്ദി വായനയ്ക്ക് അഭിപ്രായത്തിനു താങ്കളുടെ ഓരോ ചിന്തയും അവ കുറിച്ചിടുന്ന കവിതകളും മനുഷ്യത്വത്തിന് മാനവികതയ്ക്ക് വളരെ സ്നേഹം ഇവിടെ കാണുമ്പോൾ സന്തോഷ പൂര്വം നന്ദി

   Delete
 11. മഴയുടെ രൂപഭാവങ്ങളില്‍ ഒരു
  പെണ്ണിന്നഴക്..rr

  ReplyDelete
  Replies
  1. റിഷ വളരെ നന്ദി നല്ല വാക്കുകൾക്ക് വായനയ്ക്ക് സന്തോഷപൂർവ്വം

   Delete
 12. പ്രകൃതിയുടെ സ്ഥായീഭാവമായ പ്രേമം അങ്ങനെ പൂത്തുലഞ്ഞു നില്ക്കുന്നതായി തോന്നുന്നു....

  ReplyDelete
  Replies
  1. അന്നൂസ് വളരെ സന്തോഷം കുറച്ചു മാറി നിന്ന് ബ്ലോഗ്ഗിൽ നിന്ന്. മറക്കാതെ ഇപ്പോഴും ഓർമയിൽ സൂക്ഷിക്കുന്നതിന് വളരെ നന്ദി വായനയ്ക്കും അഭിപ്രായത്തിനു സ്നേഹപൂർവ്വം നന്ദി കൂടി അറിയിക്കുന്നു

   Delete
 13. സ്നേഹം മാത്രം മാഷെ :)
  പരിചയമില്ലാത്ത ഒരു മഴ!!! അജിത്തെട്ടന് വേണ്ടി ആകുമ്പോള്‍ ആ മഴയും മധുരിക്കുന്നു.... നന്ദി, ഈ വരികള്‍ കുറിച്ചതിന്!

  ReplyDelete
 14. ഒരു നിഷ്കളങ്കമായ പുഞ്ചിരി കരിയില
  അപ്പോൾ കാറ്റടിച്ചു
  പടിക്കൽ വന്നെത്തി നോക്കി
  പിന്നെ ആരോ വിളിച്ചപോലെ
  പരിയമ്പുറത്തൂടെ തിരിച്ചു പോയി

  ReplyDelete