Skip to main content

എനിക്ക്





ഇലകളേ നിർദ്ദേശിക്കുന്നു
ശലഭങ്ങൾക്ക് മുൻഗണന എന്നൊരു
ആശയം നൽകുന്നു 

പിന്നെയത് ആകാശമായതാവണം
ഒരു ഔദാര്യമെന്ന നിലയിൽ

ഒരാൾക്ക് പാകമായ ശൈത്യം
മറ്റൊരാൾക്ക് പാകമായ ഏകാന്തത
എന്നൊക്കെയുണ്ടാവണം

എൻ്റെ അപകർഷതാബോധമാണ്
ഏറ്റവും ഉദാത്തം എന്ന് കരുതിയിരുന്നു

ഗൗനിക്കുന്നതേയില്ല മേഘങ്ങളെ
ആരും മിണ്ടുന്നേയില്ല പക്ഷികളേ ക്കുറിച്ച് 
പക്ഷികൾ മിണ്ടുന്നു എന്ന 
ആഖ്യാനം ചമച്ച്
അതും പക്ഷികൾ 
പുരാതന കാലം മുതൽ മിണ്ടിയിരുന്നു,
എന്ന് കണ്ടുപിടിച്ച മാതിരി
നുണപ്രചരണങ്ങൾ നടത്തുന്നു

വന്ന് വന്ന് ഒന്ന് മിണ്ടിയാൽ
നുണയായിട്ടുണ്ട് പക്ഷികൾ

എൻ്റെ പക്ഷികൾ
അവയുടെ നിശ്ശബ്ദതകൾക്ക് നിർദ്ദേശങ്ങൾ നൽകുന്നു

ഒരാൾ വൈകുമ്പോൾ വീടിൻ്റെ ചവിട്ടുപടികൾ ചെയ്യുന്നതെല്ലാം

ഇനി ഉണ്ടാവുമോ
ചവിട്ടുപടികൾ ഉടച്ച് കളഞ്ഞ
വീടുകൾ

ഇനി ഉണ്ടാകുമോ
ആർക്കും പാകമാകാത്ത വിഷാദം
എന്ന ഒന്ന്

ഒരു പക്ഷിക്കും പാകമാകാത്ത കൂട്

നീല നിറമാണ് ചുറ്റും
ആകാശത്തെ വകഞ്ഞുമാറ്റുന്നു
ഇളംനീല നിറത്തേ അഭിമുഖം ചെയ്യുന്നു

ഇനി
തുമ്പികളുമായി മാത്രം അനുവദിക്കപ്പെടും അഭിമുഖങ്ങളിൽ
ദൈവം വലിച്ചിടുന്ന 
കസേരകളാവുമോ വിഷാദം?

ഇനിയുള്ളത് ദൈവമില്ലാത്ത ഒരാൾ 
എന്ന സത്യവാങ് മൂലം

എനിക്ക് നെടുവീർപ്പുകളേ
തെറ്റിദ്ധരിപ്പിക്കുവാൻ തോന്നുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ഭയം അഥവാ തെരുവുകളെ മരങ്ങളായി പ്രഖ്യാപിക്കുന്നത്

നീലിച്ച ഞരമ്പുകൾ മരങ്ങളിൽ പിടയ്ക്കുന്നു  ഇനിയും തിരിച്ചു വന്നിട്ടില്ല മൈലാഞ്ചി അരച്ചിടാൻ ഒരു കുരുവിയും കൂട്ടി തെരുവിലേയ്ക്ക്  പോയ പച്ചിലകൾ കത്തിക്കിടക്കുന്ന ചുവന്ന വെളിച്ചങ്ങൾ കെട്ടുകഴിഞ്ഞാൽ വാഹനങ്ങളെ; നിങ്ങൾ തെരുവിലെ തിരക്കിലേയ്ക്ക് തുളുമ്പരുതേ.. അനങ്ങരുതേ നടക്കാനിരിക്കുന്നത് തെരുവുകളെ;  മരങ്ങളായി പ്രഖ്യാപിക്കുന്ന ചടങ്ങാണ് ചലിച്ചു കഴിഞ്ഞാൽ നിങ്ങളാവും പിന്നെ ആ മരങ്ങളിലെ ഇലകൾ വെയിലിനെ നേരിട്ട് തണലാക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ച് കേട്ടിട്ടുണ്ടോ മരങ്ങളുടെ ആവശ്യമില്ലിനി വീതികൂടിയ തെരുവുകൾക്ക്‌ മരങ്ങളുടെ പേര് മതി അതാ മഹാഗണി തെരുവ് അശോക തൈതെരുവ് ചുവന്ന തെരുവിന് ഒരു പേരിന്റെ  ആവശ്യമേ ഇല്ല ഇതൊന്നും കേട്ട് ഭയക്കരുത് ഭയം നിങ്ങൾ പുറത്തു വിട്ടെക്കാവുന്ന കറുത്തപുകയാണ് നല്ലൊരു നാളയെ പോലും ഭൂമുഖത്തുനിന്നും കത്തിച്ചു  കളയാൻ നിങ്ങൾ ഭയക്കുന്ന ആ പുക മാത്രം മതി വികസനം  അതിന്  നല്ലൊരു  മറയാണ്! 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...