കാട്ടുതീ കഴിഞ്ഞ് കാട്
കനലുകൾ എടുത്ത് വെച്ച് മൃഗങ്ങളാക്കുന്നത് പോലെ
കഴിയാത്ത,
കെടാത്ത കാട്ടുതീകളുടെ ആരവം
ഭാഷ എടുത്തുവെച്ച്
കവിതകളാക്കും വിധം
കാലിലെ കെടുത്തുവിത്തുകൾ
അതിലെ കെടാത്ത നടത്തങ്ങൾ
ഓരോ ചുവടുകളിലേക്കും
ആളിക്കത്തും നൃത്തങ്ങൾ
ഒരു നായാടിയുടെ കാലടികളും
നാടോടിയുടെ പഴയ ഉടലുമുള്ള
പുനരുജ്ജീവിപ്പിക്കുവാൻ
കഴിയാത്ത വിധം
ഏതുനിമിഷവും
വംശനാശം വന്നുപോയേക്കാവുന്ന മനുഷ്യനാവുന്നു
പ്രണയിച്ചു തീരാത്ത ഭാഷക്കരികിൽ
ഞാനും എൻ്റെ വാക്കും
വാക്കിന്നരികിലെ കെടുത്തുജലം
അതിനെ ഓമനയെന്നോണ്ണം നക്കിതുടച്ച് അതിൽ ഒഴുകിനടക്കും മൃഗനാവുകൾ
കെട്ടിക്കിടക്കും ഭാഷയിൽ നിന്നും
ഒഴുക്ക് ജലത്തിൽ നിന്നും
ദാഹത്തെ എടുത്തു വളർത്തും
വാക്കിൻ്റെ ഓമനമൃഗങ്ങൾ
നാലായിരം നാവുകൾക്കും നിലാവുകൾക്കും ഒറ്റക്കാട്
പൗർണ്ണമി ഒരു മൃഗമാവുന്ന രാത്രിയിൽ വേട്ടയ്ക്കരികിൽ
വായിലെ നാവുമൃഗങ്ങൾ
അവ വേട്ടയാടും വാക്കുകൾ
അതിനെ
അതേ കാടിനെ
ചന്ദ്രനെന്ന് വിളി
ചന്ദ്രനെന്ന് വിളി
എന്ന് കാതിൻ്റെ കാട് കടന്ന് പോകും
എൻ്റെ പാട്ടുമൃഗങ്ങൾ
ഈയത്തിൻ്റെ ശബ്ദവും
വേദത്തിൻ്റെ നിശ്ശബ്ദതയും
കടന്നുപോയ കാതാണ്
അഹിംസ ഒരിടമാവുകയായിരുന്നു
ബുദ്ധനെന്നും ഗാന്ധിയെന്നും
ഒഴുകാത്ത ചോര
എടുത്തുവെച്ച ഇടങ്ങൾ
അഥവാ
കവിത്വവും മനുഷ്യനും
അധികം വന്നിട്ടുണ്ടോ ഹിംസകളും
അഹിംസകളും
നഷ്ടമായിട്ടുണ്ടോ ഇടങ്ങൾ
തലയിലിരുന്ന് ഹിംസയും അഹിംസയും തുല്യത ഇല്ലാത്ത വിധം തുളുമ്പുന്നു
ഗാന്ധിജിയും ബുദ്ധനും നനയുന്നു
ഇടം നഷ്ടമായിട്ടുണ്ട്
അധികം വരുന്നു ഹിംസകൾ
കോടതിവിധികൾ പോലും
പോരാതെ വരുന്ന വിധം
നീതികളുടെ വേട്ടയാടലാവണം
ഇനിയും കാഴ്ച്ചയുടെ മുന
കൂർപ്പിച്ചിട്ടില്ലാത്ത അമാവാസി
ഇനിയും തൊടുക്കാത്ത ഒരമ്പ്
അതിൻ്റെ വേട്ടമൃഗപ്പാട്ട്
അതിൻ്റെ വേഗത്തോൽമുറുക്കങ്ങൾ
എൻ്റ കാട്ടുകാലുകളും
പകൽകാതുകളും
അതിൻ്റെ പാതി
പാട്ടിൻ്റെ പാതി കടന്നുപോകുന്നു
ചിലന്തിക്ക് വല കെട്ടികെട്ടി കൊടുക്കുന്നു
ഇരയേ ബോധവൽക്കരിക്കുന്നു
നൂലുകളുടെ നൂൽപ്പാണ്
നല്ല നടപ്പുകളുടെ ഉടുപ്പും
അമ്പിൻ്റെ മുനയും ഇരയും ഉരയും
കാഴ്ച്ചകളുടെ കാട്
ഇനിയും വന്നുകൊള്ളാത്ത
അമ്പിൽ ചാരിയിരിക്കും ഇരകൾ
ഇരുട്ടിൽ മുട്ടും വിധം
ഉടൽ വളച്ച്
വേട്ടയിലേക്ക് ഒരു അമ്പ് തെറുത്തിട്ട്
ലക്ഷ്യം കൊളുത്തുന്നു
ഇരയ്ക്കരികിലാണ് എന്നും കവിത
വാക്കുകളിൽ പതുങ്ങിയിരിക്കും
കവിതയിലെ വേട്ടമൃഗങ്ങൾ
വിരലുകൾക്കിടയിൽ
മൃഗതെറുപ്പുകൾ
വരികൾക്കിടയിലെ
മൃഗമുരൾച്ചകൾ
എങ്ങും എവിടേയും നുരയും
പ്രാതിനിധ്യസ്വഭാവമുള്ള ഇരകൾ
കഴിയാത്ത വേട്ടക്കരികിലിരുന്നു.
ഉടൽ കഴിഞ്ഞ് വിരലുകൾ,
കവിതയും
ഹിംസയും വീതിക്കുന്നു!
Comments
Post a Comment