Skip to main content

മീനും മാനവും മറ്റും

സൂര്യനെ കല്ല് വെച്ച്
പൊട്ടിച്ചുതിന്നും വെയിൽ
ആ രംഗത്ത് 
കല്ലുകളായി 
അഭിനയം പുരട്ടിക്കിടക്കും
രണ്ട് തുമ്പികൾ

വഞ്ചികൾ 
പഴയചിത്രങ്ങളിലെ
അസ്തമയമാപിനികളാവുന്ന
ഇടത്താണ്

പറക്കുവാനുണ്ടാവും 
അടുത്ത്
രണ്ടോമൂന്നോ കിളികൾ
കറുത്തനിറത്തിൽ
പൂർണ്ണമായും 
പറക്കൽ കുറച്ച്
കറുപ്പ് കൂട്ടി
കറുത്ത് കറുത്ത്
അകലം തെറുത്ത് കൂട്ടി

രണ്ട് തുമ്പിച്ചിറകുകൾ കൂട്ടിവെച്ച് 
കത്തിയ്ക്കുന്നു കെടും വെയിൽ
അരികിൽ മഞ്ഞയോളം മാഞ്ഞ 
വെയിലിൻ കടുംവാക്കെരിയുന്നു

പതിയേ
വെള്ളക്കരം പിരിയ്ക്കുവാൻ
വാതുക്കൽ വന്ന് മുട്ടും, 
മീനാവും ഇരുട്ട്

അസ്തമയം കഴിഞ്ഞും
അസ്തമയത്തിന് പരിശീലിയ്ക്കും
സൂര്യൻ
അത്രയും നേർത്ത്‌
കെട്ടും രാത്രിയുടെ വേഷം
ഇരുട്ടിന്റെ തെയ്യവും

മീൻ കാണാതെ 
വെള്ളം കയറി വാതിലടയ്ക്കും
ഇവിടെ ആരുമില്ല എന്ന്
വെള്ളം വിളിച്ചുപറയുന്ന ഒച്ച
പിന്നെയും ഇരുളും
അരണ്ടവെളിച്ചമാവും

ഓർമ്മ കുമ്പിൾ കുത്തിയിടുമ്പോൾ
അതിൽ കുത്താൻ
ഒരു നെഞ്ചിടിപ്പിന്റെ ഈർക്കിൽ
മുറിച്ചെടുക്കുമ്പോലെ 
അത്രയും സൂക്ഷ്മത
പരിസരസൃഷ്ടിയിൽ
കഥാപാത്രങ്ങളിൽ,
പുലർത്തേണ്ടത് ഇനി ഒരുപക്ഷേ
നിങ്ങളാവും

ചലനങ്ങൾ എവിടെയോ 
ഇനിയും എരിഞ്ഞുതുടങ്ങിയിട്ടില്ലാത്ത
തിരശ്ശീലയോളം നേർത്ത നാളം

കറക്കിയിട്ട എട്ടണ എന്ന വാക്ക്
കറങ്ങിക്കറങ്ങിക്കറങ്ങി
നാണയമായി അടങ്ങുവാൻ
എടുത്തേക്കാവുന്ന സമയം

പതിഞ്ഞ ശബ്ദത്തിൽ
വാതിലിൽ ചെന്ന് മുട്ടും
ശൂന്യത വാരിക്കെട്ടിവെച്ച
വിരലിന്റെ പിറകുവശം

അതിലും പതിഞ്ഞ് പേര്
വിരലോളം കനത്തിൽ
കൈയ്യിൽ കൂട്ടിവെച്ചതെല്ലാം
ഉരുവിടും പോലെ പതിയേ

തുറക്കുവാനെടുക്കുന്ന
സാവകാശങ്ങളുടെ ശേഖരങ്ങൾ വാരികെട്ടി മുറി
ഒരു ഒത്തുതീർപ്പിലെന്നോണ്ണം 
ചാഞ്ഞ്,
ചരിഞ്ഞുകിടപ്പിലേയ്ക്ക്
വഴങ്ങും ഉള്ളിൽ ഒരുവൾ

ഇപ്പോൾ ഉടൽ
നഗ്നതയുടെ ഏറ്റവും ലളിതമായ
ഒരു സന്ദർശനത്തുണ്ട്

പാട്ടിന്റെ ഹൂക്കഴിച്ച് അത്, 
താഴേയ്ക്ക് കേട്ടുകിടക്കും നഗ്നമായ കാത്
കാതിനും പാട്ടിനും വഴങ്ങി
അതിനരികിൽ 
അരുമയായി ശരീരം

വിരലുകൾ നീലമീൻകൊത്തികൾ
മറുകിന്റെ മൂന്നാമത്തെ ഐസ്ക്യൂബ്
വന്നുവീണ പോലെ
ഒന്നുലഞ്ഞുകഴിഞ്ഞ ഉടൽ

അടച്ചുറപ്പില്ലാത്ത മുറികൾ
മാനത്തിനെ 
കൂടുതൽ സംരക്ഷിയ്ക്കുന്നത് പോലെ
ചടങ്ങുകൾക്കിടയിൽ
കട്ടള വെയ്ക്കുവാൻ മറന്നുപോയ വീട്
പുറമേയ്ക്ക് ചാരിവെയ്ക്കും
നെടുവീർപ്പോളം ശ്വാസം

കവിൾ നിറയെ കൊണ്ടവെള്ളം
ഇറക്കുമ്പോൾ കേൾപ്പിയ്ക്കുന്ന
ശബ്ദം
അത് തന്നെ പ്രതിധ്വനിയ്ക്കും
അതിന്റെ നിശ്ശബ്ദതയും

പുറത്ത്
ഒരുപമയ്ക്ക് വില പറയും മീൻ

ഗസൽമറുക്
കാതുകളുടെ സ്ഥാനമാപിനി
മീൻകണ്ണരഞ്ഞാണം

ഇളകുന്ന
ഉടലിന്റെ പെഗ്
അടിയിലേയ്ക്ക്
കവർപ്പിന്റെ കറുപ്പ് ചേർത്ത
നേർത്ത സ്വർണ്ണലായിനി

കടിച്ചുപൊട്ടിയ്ക്കും
ലഹരിയുടെ പേരയ്ക്കാതരികൾ

ഉടൽ
ആലിംഗനങ്ങളുടെ അരപ്പ്,
മുന്നിൽ അരച്ചുവെച്ച
അരകല്ലിന്റെ കടൽ
അരികിൽ
ബാക്കിവരുന്നതെല്ലാം
ചേർത്തുവെയ്ക്കും വിയർപ്പലിഞ്ഞകല്ലുപ്പ്

അപ്പോഴും 
പുറംവിരലുകളിൽ 
പറ്റിപ്പിടിച്ചിരിയ്ക്കും അഴിച്ചിട്ട 
ഓരോ ഹൂക്കിന്റെയും
മുടിമെഴുക്ക് പുരണ്ട
അരണ്ട പിൻകഴുത്തരപ്പ്

ഞാൻ നിന്നിലേയ്ക്ക് 
നീ എന്നിലേയ്ക്ക്
എന്ന താളത്തിൽ 
ചെമ്മീൻ പോലെ ചുരുളുകളിലേയ്ക്ക്
ചെതുമ്പലുകളഴിഞ്ഞ്
നമ്മൾ

നമ്മളിൽ പുരണ്ടുകൊണ്ടിരിയ്ക്കുന്നതെന്തും
സമയം
അതും ജലം പോലെ
അത്രയും സുതാര്യം

പുറത്ത്
ജനൽച്ചതുരം കൊത്തി
അതിൽ മുട്ടി
ഇവിടെയാരുമില്ലേ എന്ന ചോദ്യം
കൊളുത്തി
തിരിച്ചുപോകും മീൻ
ഒപ്പം അതിന്റെ പകരക്കാരനും

വെള്ളം വെറും പക്കമേളക്കാരൻ

നമ്മൾ അതൊന്നും
അറിഞ്ഞിട്ടേയില്ലാത്ത വണ്ണം
ഉള്ളിൽ
തങ്ങളിൽ
നീന്തിനീന്തിപ്പോകും
അതേ മീനുകളുടെ 
രണ്ടുപിറകുവശങ്ങൾ.

Comments

  1. മീനും മാനവും പിന്നെ പിന്നാമ്പുറങ്ങളും

    ReplyDelete
  2. അസ്തമയം കഴിഞ്ഞും
    അസ്തമയത്തിന് പരിശീലിയ്ക്കും
    സൂര്യൻ
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!