Skip to main content

ജലമാകാനുള്ള തുള്ളിയുടെ ശ്രമങ്ങൾ

ജലമാകാനുള്ള ഏറ്റവും കടുത്ത
പരീക്ഷണം
മീനിൽ നിന്നായിരുന്നു തുടക്കം
ഇടയ്ക്ക് എപ്പോഴോ പാറയായി
അപ്പോഴൊക്കെ മനുഷ്യനായിരുന്നു എന്നത് 
സമർത്ഥമായി 
അതിൽ തന്നെ കൊത്തിയ ശിൽപ്പത്തിൽ ഒളിപ്പിയ്ക്കുവാൻ ശ്രമിച്ചു.

കടന്നുപോയി വേരുകളിലൂടെ
ജലമാകാൻ പരിശീലിയ്ക്കുന്ന മനുഷ്യൻ പല ദിവസങ്ങളിൽ സൂര്യനാവണം
ആയി

വേനലാവണം
ആയി
വെയിലാവണം
ആയി
അതും തണലിന്റെ തരിയറിയാതെ
മരുഭൂമി കടക്കും വിധം
ഒട്ടകത്തിന്റെ ഭാവഹാവാദികൾ ചവച്ച്
വരണ്ടനിറം പുതച്ച്

പലദിവസങ്ങളിലായി ആകാശം
അതിലുമെത്രയോ ദിനം മഴ
പലതവണ പുഴ
ഒരുവട്ടം അതിൽ 
തോണി നിഷേധിക്കപ്പെട്ട കടവ്
പലവട്ടം ഒഴുക്കിനപ്പുറം
ഒരുവട്ടം ഉടലിനിപ്പുറം

മലിനമായി പലവട്ടം
അനേകം ദിനങ്ങൾ ഉപ്പായി
ഉപ്പന്റെ കണ്ണായി
അവന്റെ കണ്ണിലെ കരടായി
അവന്റെ പെണ്ണായി
മൃഗമായി
പുതിയ മഴയായി 
അതിന്റെ തോർച്ചയുടെ മറവിയായി

അരയോളം പെയ്തു.
അരയ്ക്ക് താഴേയ്ക്ക് തോർന്നു.
പലതവണയായി
അറയ്ക്കുന്ന മാലിന്യങ്ങൾ 
ജീവിച്ചിരുന്ന പലതിന്റേയും ശവമായി.
ഉറപ്പായിരുന്നു ജലമാകുന്നതിനോടടുത്താവണം
ഞാൻ അവളാവുക.

കടന്നുപോയി അവളിലൂടെ
പലതവണ അവളുടെ ഉടലിന്റെ അളവുപാത്രം

ഇപ്പോൾ അവളിലാണ് ഞാൻ
അവൾ,
എന്റെ ചുറ്റളവുള്ള ജലം
ചരിച്ചു കഴിഞ്ഞാൽ തുളുമ്പുന്ന 
അവളുടെ അരികുകളുള്ള
കര

നീങ്ങുകയാണ്
മുങ്ങിയും പൊങ്ങിയും
ഞാനിപ്പോൾ പൊങ്ങുന്നതൊളിച്ചുവെച്ച 
ശവം
ലോകം മുഴുവൻ ജലം.

മരിച്ചുപോയാൽ
എന്റെ നിശ്ശബ്ദതയെ നിങ്ങളെന്തു ചെയ്യും
എന്ന ചോദ്യം മാത്രം ചുഴി

മുകളിലേയ്ക്കും താഴേയ്ക്കും
എടുക്കുവാൻ ഒരു കുഴിയുണ്ടെങ്കിൽ ഞാനിപ്പോൾ
അതിൽ മാത്രം അടക്കുവാൻ കഴിയുന്ന ജഡം

കഴിയില്ല ജലമാവാൻ
ഒരു തുള്ളിയിലേയ്ക്ക് പോലും തുളുമ്പുവാൻ
കഴിയുന്നില്ല തിളക്കുവാൻ
കഴിയുന്നില്ല ഉറയുവാൻ
കഴിയുന്നില്ല ഒഴുകുവാൻ
കഴിയുന്നില്ല കെട്ടിക്കിടക്കുവാൻ
ഉയരാനില്ല നീരാവി
കുറയ്ക്കുവാനില്ല ദാഹം
എടുക്കാനില്ല ഒരു തുള്ളി കണ്ണുനീർ

ഉറങ്ങാത്ത കുട്ടിയെ
ഉറങ്ങാൻ കൂട്ടാക്കാത്ത കുട്ടിയെ
താരാട്ടുപാടി 
ഉറക്കുവാൻ ശ്രമിയ്ക്കുന്നത് പോലെ
മരണത്തിന്റെ ഉപമയെ 
തൽക്കാലം നെഞ്ചിലേയ്ക്ക്
മയക്കികിടത്തുന്നു
അരികിൽ കൊളുത്തിവെയ്ക്കുന്നു  
താരാട്ട് മണക്കുന്ന പാട്ട് പോലെ 
ഉയർന്നു താഴുന്ന ശ്വാസം

ഒരു വവ്വാൽത്തൂക്കം കറുപ്പ്
ഒരു പഴത്തൂക്കം ഇനിപ്പ്
ഒരു പകൽത്തൂക്കം ഇരുട്ട്
ഒരു വെയിൽത്തൂക്കം സൂര്യൻ
ഒരു മരയിതൽ വേരോളം മിന്നൽ
ഒരു മരപ്പച്ച ഇലയോളം ഇടി
വരണ്ടുവറ്റിത്തുടങ്ങിയ
എന്നോ കേട്ടുകഴിഞ്ഞ ശബ്ദത്തിന് 
ചുനുപ്പിട്ട് 
അതിൽ ചുറ്റിപ്പിടിച്ച് ഓംങ്കാരം
എന്ന് കേട്ടുകിടക്കുന്നു

വിരലുകളുടെ കിടക്കയുള്ള ആശുപത്രി
എങ്ങുമില്ലാ ജലം
ഒറ്റയ്ക്ക് നടന്നുചെന്ന് 
അവിടെ ഞാനന്റെ ഉടലിനെ പ്രവേശിപ്പിക്കുന്നു
മുകളിൽ 
ജലം പോലെ ഇറ്റുന്ന
നിന്റെ എന്ന വാക്ക് മാത്രം
കൊളുത്തിയിടുന്നു.

Comments

  1. ഒറ്റയ്ക്ക് നടന്നുചെന്ന്
    അവിടെ ഞാനന്റെ ഉടലിനെ പ്രവേശിപ്പിക്കുന്നു..
    ഈ വരികളിൽ എന്റെ മനസ്സിനേയും

    ReplyDelete
  2. പിണങ്ങളായി ഒഴുകിയൊഴുകി
    കരയാവും അവളിലെത്തി മണ്ണായി തീരുന്നവർ 

    ReplyDelete
  3. അവിടെ ഞാനന്റെ ഉടലിനെ പ്രവേശിപ്പിക്കുന്നു
    മുകളിൽ
    ജലം പോലെ ഇറ്റുന്ന
    നിന്റെ എന്ന വാക്ക് മാത്രം
    കൊളുത്തിയിടുന്നു.

    ReplyDelete
  4. ജലം പോലെ ഇറ്റുന്ന
    നിന്റെ എന്ന വാക്ക് മാത്രം
    കൊളുത്തിയിടുന്നു.
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ