Skip to main content

ഇടം

പകൽ തീരെ ഇടമുണ്ടായിരുന്നില്ല

രാത്രിയിലേയ്ക്ക് നീക്കിവെച്ചതിൽ
ജീവിതവും
ഒരു കാക്കയും 
ഒരിത്തിരി കറുപ്പും

കറുപ്പ് ഇരുട്ടായി പിടിച്ചുനിന്നു
ചേക്കേറാൻ മറന്ന കാക്കയും
ജീവിതവും
ബാക്കിയായി

പതിവായി വരുന്നത്
മൂന്ന് നാല് മിന്നാമിന്നികൾ
ഒരു രാത്രിയും പാകമാകാത്തത്

പലതും
ഇടമില്ലാത്തത് കൊണ്ട്
വെളിച്ചം പോലും അണച്ചുപിടിച്ചത്

ഇന്ന് അഞ്ചാമതൊരണ്ണം വന്നു
അതും സ്വന്തം
വെളിച്ചവുമായി

രാത്രിയ്ക്കും അതിന്റെ
വെളിച്ചത്തിനും ഇടയിൽ ഇറുകുന്ന
അതിന്റെ ശരീരം
ഒപ്പം
എന്റെ ഉപമയും

എനിയ്ക്കും
പാകമാകുന്നില്ല
ഒരു നോവും

കൂടെ നിന്ന് വിരിഞ്ഞ
പൂവിനെ മാത്രമെടുത്ത്

യൗവ്വനം
നരയിൽ പൊതിഞ്ഞ്
കൊണ്ടുകളയാനൊരുങ്ങുന്നു

കൂടെ കാക്കയേയും
അതിന്റെ കറുപ്പിനേയും എടുക്കുന്നു

മാത്രമെന്ന മുകളിൽ
പറഞ്ഞ വാക്ക് പോലും
ഇപ്പോൾ
അധികപറ്റ്

ഒരു നാളത്തിന്റെ ആഴം
ഒരു  മെഴുകുതിരി ചുരുൾ
എരിയുന്തോറും ചുരുളുന്ന
തീ
വായിക്കുന്തോറും ചുരുളുന്ന പേജ്

ഇറങ്ങുമ്പോൾ
ലൈബ്രറിയുടെ ലായനി
കലക്കി ചുവരിലൊഴിക്കുന്നു

ചുവടുകൾ ഒരുപാടുണ്ട്
പലതും പുതിയത്
എന്നിട്ടും നടക്കുവാൻ
പഴയ ചുവടുകൾ തന്നെ
തിരഞ്ഞെടുക്കുന്നു

എതിരെ വരുന്നത്
സ്വന്തം ഭാരം,
ചുമന്നുകൊണ്ട് പോകുന്ന മഴ
വഴിതരുമായിരിക്കും...

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

കാലം നിശ്ചലം.....

അത്രയും നിശബ്ദമായ കാലം.. സമയം പോലും അനക്കം വല്ലാതെ ദീർഘിപ്പിച്ചു ചലിക്കുന്ന ശബ്ദം നന്നായി നേർപ്പിച്ച് ചലനം അടുത്ത നിമിഷത്തേയ്ക്ക് മാറ്റി വെയ്ക്കുന്നു അത്രയും ഏകാഗ്രതയോടെ മനസ്സിനെ ധ്യാനിച്ച് ബുദ്ധനായി തിളക്കത്തോടെ ഏതു നിമിഷവും ഇറ്റുവീണേക്കാവുന്ന ഒരു മഞ്ഞുതുള്ളി ആ മഞ്ഞുതുള്ളിയെ ഉണർത്താതെ അത്രയും നിശ്ചലമായി കാലത്തിന്റെ ജലാശയം ഇതിനു രണ്ടിനും ഇടയിൽ ഒരു തുള്ളിയുടെ ഉടലിൽ ആകാശത്തിന്റെ  മനസ്സുമായി അത്രമേൽ മൌനം ചാലിച്ചു ജലമലയാളത്തിൽ ഞാൻ നിന്റെ പേരെഴുതുന്നു എന്ന് നമ്മൾ ഒന്നാകുന്നുവോ അന്ന് നമ്മുടെ ഇന്ന്, എന്ന് സമയത്തിന്റെ ശബ്ദമില്ലാത്ത ഭാഷയിൽ  കാലം നോക്കി വായിക്കുന്നു ....