Skip to main content

ശബ്ദം ബ്രാക്കറ്റിലിട്ട ഒന്ന്

ഒരു പ്രാവിനെ മീട്ടിയിരിയ്ക്കുന്നു
പ്രാവ് പലവട്ടം തലയാട്ടി
പ്രാവല്ല എന്ന്
സമ്മതിയ്ക്കും വരെ

അതുവരെ
പ്രാവിനെ അനുസ്മരിപ്പിച്ച്,
തോരുന്ന മഴ തോളിലിട്ട്
കാത്തുനിന്ന് മടുത്ത്
കയറുന്ന വാതിൽ
തോർത്തിനെ പോലെ എടുത്തുകുടഞ്ഞ്
ഒരു പ്രൈവറ്റ് ബസ്സിനെ എടുത്തുടുത്ത്
നടന്നുപോകുന്നു

വേദന എന്ന ബസ്സ്

വേദന എന്ന് പേരുള്ള
പൂച്ചകുഞ്ഞ്

അതിന്റെ കണ്ണുകൾ
രണ്ട് മുലഞ്ഞെട്ടുകൾ

അത് 
എന്റെ ദുഃഖങ്ങൾക്ക്
സ്വകാര്യമായി പാലൂട്ടുന്നു

പേരല്ലാത്തപ്പോൾ
പൂച്ചക്കുട്ടിയ്ക്ക് പുറത്ത്
വേദന
ഒരാധാർ കാർഡാണ്
അത്
ഒരുവിധം എല്ലാകോശങ്ങളുമായും
ബന്ധിച്ചിരിയ്ക്കുന്നു

പൂച്ചയുടെ കണ്ണുകളേക്കാൾ
സ്വതന്ത്ര്യമായി ഒന്നുമില്ല
അത് കാണുന്ന കാഴ്ച്ചകളിൽ നിന്നുപോലും
സ്വതന്ത്രൻ

ആകാശം വായിച്ചുമടക്കിവെച്ച
ഇലകളെ പോലെ
ഒറ്റഞെട്ടുകളിൽ മാത്രം
ശിശിരങ്ങളിൽ കാറ്റുവന്ന് വിളിയ്ക്കും വരെ
ഉയരങ്ങളിൽ
ബന്ധിതൻ

ആകാശത്തിന്റെ എത്രാമത്തെ
സ്വാതന്ത്ര്യമായിരിയ്ക്കും
മരം ഇന്നുവായിക്കുന്ന അധ്യായം

ബസ്സിൽ വെച്ചിരിയ്ക്കുന്ന പാട്ട്
ബസ്സിന് പുറത്ത്
മരത്തിന്റെ ഉയരമാവുന്നു
അകത്ത് പൂച്ചകുഞ്ഞിന്റെ മയക്കവും

പൂച്ചകുഞ്ഞിനെ
തട്ടിയുണർത്തുവാൻ
വിരലുകൾ വേണം

ഉയരത്തിൽ
വിരലുകൾ തട്ടിയുണർത്തുമ്പോഴും
കൊഴിഞ്ഞ ഇലതൂകലുകളിൽ
വിതുമ്പി വീഴുമ്പോഴും
മരത്തിന്റെ അടിത്തട്ടിൽ
നിന്നും
വേരുകൾ
ആഴത്തിൽ പൂർത്തിയാക്കുന്ന
വിരൽ മെടഞ്ഞുണ്ടാക്കുന്ന ശബ്ദം

ഭ്രാന്തിന്റെ മൃദംഗമേ
അമ്മ രൂപത്തിൽ
കാണപ്പെടുന്ന
പരിശുദ്ധമായ (ശബ്ദത്തിന്റെ)
മുലപ്പാലാകുന്നു നീ
നിന്റെ മടിയിൽ നിന്നും
നിനക്കെന്നേ
ഒരിക്കലും ഒഴിവാക്കുവാനായേക്കില്ല..

Comments

  1. വേദന എന്ന് പേരുള്ള
    പൂച്ചകുഞ്ഞ്

    അതിന്റെ കണ്ണുകൾ
    രണ്ട് മുലഞ്ഞെട്ടുകൾ

    അത്
    എന്റെ ദുഃഖങ്ങൾക്ക്
    സ്വകാര്യമായി പാലൂട്ടുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

കാലം നിശ്ചലം.....

അത്രയും നിശബ്ദമായ കാലം.. സമയം പോലും അനക്കം വല്ലാതെ ദീർഘിപ്പിച്ചു ചലിക്കുന്ന ശബ്ദം നന്നായി നേർപ്പിച്ച് ചലനം അടുത്ത നിമിഷത്തേയ്ക്ക് മാറ്റി വെയ്ക്കുന്നു അത്രയും ഏകാഗ്രതയോടെ മനസ്സിനെ ധ്യാനിച്ച് ബുദ്ധനായി തിളക്കത്തോടെ ഏതു നിമിഷവും ഇറ്റുവീണേക്കാവുന്ന ഒരു മഞ്ഞുതുള്ളി ആ മഞ്ഞുതുള്ളിയെ ഉണർത്താതെ അത്രയും നിശ്ചലമായി കാലത്തിന്റെ ജലാശയം ഇതിനു രണ്ടിനും ഇടയിൽ ഒരു തുള്ളിയുടെ ഉടലിൽ ആകാശത്തിന്റെ  മനസ്സുമായി അത്രമേൽ മൌനം ചാലിച്ചു ജലമലയാളത്തിൽ ഞാൻ നിന്റെ പേരെഴുതുന്നു എന്ന് നമ്മൾ ഒന്നാകുന്നുവോ അന്ന് നമ്മുടെ ഇന്ന്, എന്ന് സമയത്തിന്റെ ശബ്ദമില്ലാത്ത ഭാഷയിൽ  കാലം നോക്കി വായിക്കുന്നു ....