Skip to main content

Posts

Showing posts from November, 2025

കപ്പിലെടുത്ത സായാഹ്നത്തെക്കുറിച്ച്

മുറുക്കിപ്പിടിക്കാനും അടക്കിപ്പിടിക്കുവാനും കഴിയാത്ത വിധം ചിലപ്പോഴെങ്കിലും ഉടലിൻ്റെ അതിഭാവുകത്വങ്ങൾ ഒരു അപ്പൂപ്പന്താടിയേപ്പോലെ എടുത്ത് വെച്ച് ഊതിപ്പറത്തി വിടാറില്ലേ, ജീവിതം? മുതിർന്നവരും പങ്കെടുക്കുമെന്നേയുള്ളു, മുതിർന്നാലും അപ്പോൾ അവർ കാപ്പിപ്പൊടി നിറമുള്ള അപ്പൂപ്പന്താടികൾ വായുനിറച്ച ബലൂണിൻ്റെ ചോട്ടിൽ കൈവിട്ടുപോകുന്നതിൻ്റെ ഉൽസവങ്ങളിൽ  കുട്ടിയേപ്പോലെ, കുട്ടികൾ മാത്രം പങ്കെടുക്കുന്ന ഉത്സവങ്ങളിൽ കാപ്പിക്കപ്പുകൾ  ബലൂണുകൾ ആവുന്ന ബാൽക്കണിയിലെ ആഴങ്ങളിൽ രണ്ട് ഉടലുകളേക്കുറിച്ച്  മുതിരുന്തോറും അവർ കുടിക്കുന്തോറും കലങ്ങുന്ന വാചാലത അവരുടെ കപ്പുകളിൽ കാപ്പിപ്പൊടിയിൽ പാൽ കലരും നിശ്ശബ്ദത അവരുടെ കണ്ണുകളിൽ കാപ്പിക്കപ്പുകളുടെ  ബലൂണുകളിൽ തൂങ്ങി അവർ നമ്മളായി കാപ്പിനിറമുള്ള സായാഹ്നങ്ങളിൽ വന്നിറങ്ങുന്നു അഥവാ, ഒരു കപ്പിൽ എടുക്കാവുന്ന സായാഹ്നങ്ങൾ അവർ ചുണ്ടോട് ചേർക്കുന്നതാവാം 2 ചുണ്ടോടടുപ്പിക്കുമ്പോൾ കാപ്പിക്കപ്പുകൾ എടുക്കും തീരുമാനം അത്രയും ചൂടുള്ളത് ആവി പറക്കുന്നത് വിയർക്കുവാൻ തീരുമാനിക്കുമ്പോൾ മാത്രം അവൾ ധരിക്കും  കാപ്പിപ്പൊടി നിറമുള്ള കുപ്പായം  അതും അധികം കൈയ്യിറക്കമില്ലാത്തത് ...

പകലുകൾ ഒത്തുതീർപ്പുകൾ

എനിക്ക് സൂര്യനേ  ഒരു കിളിയാക്കുവാൻ പകലിൻ്റെ  ഒരു ചെറിയ ചിറകടി കൂടി മതി, എന്ന് കരുതിയിരുന്നു ഞാൻ ആഷ്ട്രേക്കരികിലെ പകൽ വിരലുകൾക്ക് ഉള്ളിലേക്ക് എരിയും കനലുകൾ സമയങ്ങളിൽ ചെന്ന് തട്ടി വിരലുകൾ അത്, ചാരമെന്ന തീരുമാനം നിലത്തേക്ക് തട്ടി പക്ഷേ വേനലിലേക്ക് പറന്നിറങ്ങിയ കിളി  എന്നൊരു വരി കൂടി ആവശ്യപ്പെടും അദൃശ്യസൂര്യൻ ഏറ്റവും നിശ്ശബ്ദമായ സൂര്യൻ്റെ വേനൽ അരക്കെട്ടിലെ പുഴയേ നിരന്തരം അനുഗമിക്കുന്ന മീനുകൾ പഴയ കാലങ്ങളിലെ സൂര്യനാണ് കൂടുതൽ ഉന്മാദങ്ങളുടെ ചൂടും ചൂരും ചലനങ്ങളും ആകാശം ഒരു താപസ്സൻ മേഘങ്ങൾ അയാളുടെ തപസ്സ് എന്ന കാൽപ്പനികതയേ ആകാശം ഒരു ന്യായാധിപൻ ദിവസങ്ങൾ അയാളുടെ വിധി എന്ന പൊള്ളയായ വിശ്വാസം കൊണ്ട് തിരുത്താമെന്ന് കരുതി ജനലുകളുടെ പതാകകൾ ഉള്ള വീടുകൾ വാതിലുകൾ സ്വതന്ത്രരാജ്യങ്ങൾ എന്ന് കണ്ടെത്തി മീനുകൾക്ക് പങ്കില്ല, ഒരു പുഴയിലും അതിൻ്റെ ഒഴുക്കിലും കെട്ടിക്കിടക്കലാണ്  ഇനിയും കീറിക്കൊടുക്കാത്ത അതിൻ്റെ രസീതികൾ ഉറപ്പില്ല, പകലിൻ്റെ പൂർണ്ണതക്ക് ഇനി, നിശ്ശബ്ദതയുടെ ഇര  എന്നൊരു ഒത്തുതീർപ്പിന് ഞാനും സൂര്യനും കിളിയും കൂടി വഴങ്ങേണ്ടിവരുമെന്ന് തോന്നുന്നു

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..

എന്നിട്ടും

പിന്നെയാണോ ? അല്ല എന്ന പൊട്ടൊട്ടിച്ച് നീ നിൽക്കുന്നു നമുക്കിടയിൽ  ഇപ്പോൾ എന്ന, നിമിഷത്തിൻ്റെ  പൊട്ടിവീഴൽ ഒരിക്കലും പടരാത്ത ഒരു പൊട്ടിൻ്റെ സമീപങ്ങളിൽ  അധികമില്ലാത്ത ദൂരങ്ങളിൽ   അധികമില്ലാത്ത സമയത്തിൻ്റെ ഓരങ്ങളിൽ നമ്മൾ നിൽക്കുന്നു അരണ്ടനിറത്തിൻ്റെ ശ്വാസവും പിൻകഴുത്തും പോലെ നമ്മൾ അരണ്ട ശ്വാസം നിറങ്ങളിൽ തുടരുന്ന വസന്തം തുടരുന്നവരിൽ, കടന്നുപോകുന്നവരിൽ നമ്മളുണ്ടായിരിക്കുന്നത് പോലെ നിൽക്കുന്നവരിലും ഇരിക്കുന്നവരിലും നമ്മളുണ്ടായിരുന്നിരിക്കണം എന്നാലും പ്രണയിക്കുന്നവരിൽ മാത്രം നമ്മൾ നമ്മളേ കണ്ടെടുക്കുന്നു വീണ്ടും വീണ്ടും പ്രണയിക്കുന്നവരിലേക്ക് നമ്മളേ വീണ്ടെടുക്കുന്നത് പോലെ തന്നെ ഒരുപക്ഷേ തിരിഞ്ഞ് നിൽക്കുന്ന ജീവിതത്തിൻ്റെ പിൻകഴുത്തിൽ തൊടും  ശ്വാസത്തിനെ പ്രണയം എന്ന് അടയാളപ്പെടുത്തുന്നത് പോലെ അഭൗമപ്രണയത്തിൻ്റെ  പ്രകാശനങ്ങളിൽ നീയോ ഞാനോ കാലികമായി പങ്കെടുക്കുന്നില്ല കഴിഞ്ഞുപോകുന്ന നിമിഷങ്ങളിൽ നമ്മൾ വിശ്വസിക്കുന്നില്ല എന്നിട്ടും...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഒരു നാളം

ഒരു തീയതിയാണ് ഉടൽ കലണ്ടറിൽ കലണ്ടറിനും ഉടലിനും ഇടയിൽ ഭിത്തിയിൽ ചാരിയിരിക്കും ശ്വാസം സമയത്തിൽ ചാരിയും ചാരാതെയും ഉടലിൽ ചാരി വെക്കാവുന്ന തമ്പുരു എന്ന വണ്ണം  ശ്രുതികളുമായി ശക്തമായി ഇടപഴകി കാതുകൾ ഒരു തീയതിയാണോ ഉടൽ എന്ന സംശയം, സംശയം അല്ലാതെയായി ഒരു സംശയമായി ഉടൽ കൊണ്ട് നടക്കാൻ തുടങ്ങി മറ്റ് സംശയങ്ങളുമായി ഉടലിന്നെ, സംശയങ്ങൾ ഏതുമില്ലാത്തവണ്ണം ഇടപഴകുവാനായി ഉദിക്കുന്നത് ഉഴപ്പി അപ്പോഴും  സംശയങ്ങളുടെ സൂര്യൻ വൈകുന്നേരങ്ങളുടെ സംശയം, മാത്രമായി അസ്തമയം സൂര്യരഹിത അസ്തമയങ്ങളുണ്ടായി വിരലിൻ്റെ അറ്റത്ത് വന്ന്  ഇറ്റിനിന്ന ആകാശം  അടർന്ന് നിലത്ത് വീഴാൻ മടിച്ചു പകരം അവ ഇലകളെ അടർത്തി നിലത്ത് വീഴൽ കുറച്ചു കേട്ടുകഴിഞ്ഞ ശേഷം പാട്ടുകൾ ശരീരത്തിൽ കുറച്ച് നേരം  തങ്ങിനിൽക്കുമ്പോലെ സമയത്തിൽ തങ്ങിനിൽക്കുവാൻ തങ്ങിനിൽപ്പുകൾ കടംകൊണ്ട അപ്പൂപ്പന്താടികളുണ്ടായി പരിവർത്തനങ്ങളുടെ തീർത്ഥാടനം അപ്പൂപ്പന്താടികളിലേക്ക് ഭാരമില്ലാതെ വരിയിട്ടു പിടിച്ചുനിന്നത് കൊണ്ട് മാത്രം  മരം എന്ന കുറ്റം ചെയ്തത് പോലെ കുറേ നേരം കാറ്റിനേ കേട്ടുനിന്നു,  പിന്നെ, കുറ്റപ്പെടുത്തൽ എന്ന ഉലച്ചിൽ  മരം, നിലത്തിട്ട് ചവിട്ടിക്കെ...