Skip to main content

കടൽകൊള്ളക്കാരന്റെ ഭാര്യ

നീ കടൽക്കൊള്ളക്കാരന്റെ ഭാര്യ
ഓരോ കൊള്ളയും കഴിഞ്ഞാൽ അയാളിത്ര
നന്നാവുന്നതെന്തിനാണെന്ന് ഞാൻ വിചാരിക്കുന്നു

കടൽകൊള്ള കഴിഞ്ഞാൽ
അയാൾ ഏറ്റവും കൂടുതൽ സമയം,
ചിലവഴിയ്ക്കുന്നത് 
നിന്നെ സ്നേഹിക്കുവാനാണെന്ന് 
നീ പറയുന്നു

അയാൾക്ക് താമരവിരിയുന്ന മണമാണെന്ന്,
അയാൾക്ക് മാറത്ത്
നീലപ്പൊന്മാൻ നിറമുള്ള ചുണങ്ങുണ്ടെന്ന്,
അത് പക്ഷിയോളം പറക്കുമെന്ന്

കൊള്ളയുടെ ഭാഗമായി അയാൾ
ഭാര്യയും കുഞ്ഞുമുള്ള ഒരു നാവികനെ 
അതിക്രൂരമായി കൊന്നിട്ടുണ്ട്.
അത് നീ എന്നോട്,
ഒരു കൂസലുമില്ലാതെ പറയുന്നു.

എന്തിനാണ് അയാളിങ്ങനെ കൊള്ളയടിക്കുന്നത് ?
എന്ന് ചോദിക്കുമ്പോൾ നീ ചിരിക്കുന്നു
അതും ഉറക്കെയുറക്കെ.
പക്ഷികൾ അകന്നകന്നുപോകുമ്പോലെ.

അവരുടെ സമയം കൊള്ളയടിക്കുന്നുണ്ടാവും
അല്ലാതെ അയാൾ ആരെയും കൊല്ലുന്നുണ്ടാവില്ല
സ്വയം ആശ്വസിപ്പിക്കുവാനെന്നോണ്ണം
ഞാൻ പറയുന്നു

അപ്പോഴും,
എന്റെ ഓർമ്മ അതിന്റെ ഗൂഗിളിൽ
തിരയുന്നുണ്ട്,
എന്തിനാണ്
കടൽകൊള്ളക്കാർ അവരുടെ ഒരു കണ്ണ്
മറയ്ക്കുന്നത് ?
എന്തിനാണ് അവർ 
മക്കാവു എന്ന പേരുള്ള തത്തകളെ
ഓമനകളായി
ചുമലിൽ കരുതുന്നത്

കണ്ണുകൾ പാതിമറച്ചാൽ,
ഒരു പകൽ കൊള്ളക്കാരനാവുകയാണ്
സൂര്യൻ.
ജീവിതം പാതി മറച്ചവർ,
ഏത് നിമിഷവും കൊള്ളയടിക്കപ്പെട്ടേക്കാവുന്ന,
കൊല്ലപ്പെട്ടേക്കാവുന്ന
നാവികരും വഴിയാത്രക്കാരും

എല്ലാ കൊള്ളകൾക്കൊടുവിലും
അയാൾ അരികിൽ കരുതി
നിന്നിലേക്ക് തുറക്കുന്ന ഒരു ജാലകം

കപ്പലൊഴിയും നേരം,
അരക്കെട്ടിന്റെ അഴിയുള്ള ജാലകം
എന്ന് ഉടലിനെ
എടുത്തുവെയ്ക്കുന്നിടമെല്ലാം 
അപ്പോൾ അയാൾക്ക് വീടായി

അരക്കെട്ടുകളും ജാലകങ്ങളും

ഒരു കടൽക്കൊള്ളക്കാരന്റെ അരക്കെട്ടിന്
ഒരുലച്ചിൽ കൂടുതലാണ്
എന്നാവും നിന്റെയുള്ളിൽ

ഇപ്പോൾ അയാളുടെ ഉലച്ചിലിനെ
കൊന്തിത്തൊട്ടുകളിക്കുന്ന
ഒരു കുട്ടിയുണ്ടാവും നിന്റെ ഉള്ളിൽ

ഒരു ഓർമ്മറാഞ്ചിപ്പക്ഷിയാവുകയാണ്
കാലം.

പഴക്കം ഒരു പുള്ളിപുലി
അതിനെ കൊള്ളക്കാരൻ 
കഥകൾ കൊടുത്ത് ഓമനിയ്ക്കുകയാണ്
അവളുടെ ഓർമ്മകളിൽ

കടൽകൊള്ളക്കാർ കയറുമ്പോൾ
കപ്പലുകൾ ഓർത്തുവെയ്ക്കും
ഒരുലച്ചിലുണ്ട്

മുള്ളുകളുള്ള കടൽ
കപ്പൽ മാത്രം മാറുന്നു

കൊലകളുടെ, കൊള്ളകളുടെ
പഴക്കമുള്ള കപ്പലിൽ
ഭാരമുള്ള കഥകളാണ്,
പല കപ്പലുകളുടേയും
നങ്കൂരം

പറക്കലൊതുക്കുന്നു
പക്ഷി അതിന്റെ നങ്കൂരമായി
നീലയും നിലത്തേയ്ക്കിടുന്നു

കാക്കകളെ കടൽ മണപ്പിച്ചുനോക്കുന്നു
അവയുടെ കറുപ്പ്
വെളുപ്പിൽ നേർപ്പിച്ച് കടൽകാക്കകൾക്ക്
വിതറുന്നു

കടൽചൂര് കലർന്ന
ഉണങ്ങിയ കുരുമുളകിന്റെ
മണമാണ് ഇപ്പോൾ അവൾക്ക്

ഒരു തിരമാല മാത്രം തിരശ്ശീല
പ്രതീക്ഷ എന്ന കൊളുത്തിവെച്ച നാളം.
കാലം എന്ന നിലവിളക്ക്.
കപ്പലുകൾ,
കടലുകളിലെ ആടും കഥകളിവേഷക്കാർ

കഥകളിലെ മിത്ത് 
ചുറ്റിവരും കപ്പൽ

മുദ്രവെച്ച കവറിൽ
ഞാൻ കൊല്ലപ്പെട്ട നാവികൻ
എന്ന എന്റെ ഓർമ്മ 

നീയാ നാവികനാവല്ലേ എന്ന 
നിന്റെ അടുത്തടുത്തുവരും
പ്രാർത്ഥന

മുറിവേറ്റതിനും മരിയ്ക്കുന്നതിനുമിടയിലെ
ഓർമ്മയുടെ കടലിടുക്ക്

അടുത്ത ജന്മം എന്ന കപ്പലിൽ
നമ്മൾ രണ്ട് യാത്രക്കാർ

അവളെത്തൊടും നീയെന്ന വാക്കാണ്
കടൽ

നിനക്കിപ്പോൾ
വല്ലാതെ ഇറുകിത്തുടങ്ങിയിട്ടുണ്ട്,
കൊള്ളക്കാരന്റെ ഭാര്യയാകുന്നതിന് മുമ്പ്
നീ ധരിച്ചിരുന്ന 
കൊല്ലപ്പെട്ട നാവികന്റെ ഭാര്യ എന്ന കുപ്പായം.

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

കണ്ണുനീർ പുരാണം

സ്വയം എരിഞ്ഞ് ഉൽപ്പാദിപ്പിക്കുമ്പോഴും സ്വയം ഉപയോഗിക്കാത്ത ഒന്നത്രേ സ്ത്രീക്കിന്നും കണ്ണുനീർ ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു സ്ത്രീ എന്നെങ്കിലും അറിയാതെ എങ്കിലും ഒന്ന് ഉപയോഗിച്ചിരുന്നെങ്കിൽ കണ്ണ് നീര് ഗ്രന്ഥിക്ക് ശാപമോക്ഷം ലഭിച്ചേനെ.. സ്ത്രീക്കും അതൊരു ശാപമോക്ഷമായേനെ "ഭൂ"   മുഖത്ത് നിന്നും എന്നെന്നേക്കുമായി അത് അപ്രത്യക്ഷമായേനെ ലോകം കണ്ടു പിടിച്ചതിൽ വച്ച് ഏറ്റവും ശക്തമായ അണു നാശിനിയും കള നാശിനിയും ഇന്നും കണ്ണ് നീർത്തുള്ളി തന്നെ നേർപ്പിക്കാത്തത്  അതിപ്പോ കിട്ടാനുമില്ലല്ലോ ഏതു അസുരനേയും നിർവീര്യമാക്കുന്ന  ഏതു ചാരത്തെയുംഞൊടിയിൽ രുദ്രനായി മാറ്റുന്ന അശ്രുബിന്ദുക്കളെ ആനന്ദമായി മാറ്റുന്ന അശുവിനെ പശുവാക്കി മാറ്റുന്ന ആടിനെ ശ്വാന പ്രദര്ശനം നടത്തുന്ന രണ്ടു കണ്ണിൽ നിന്നിറ്റുന്ന "ഒരിറ്റു" കണ്ണുനീരേ   ഉപ്പുകലര്ന്ന മിട്ടായിയേ ചിലന്തിക്കു-വലയായി സ്വയം ഒട്ടാതിരിക്കുവാനും പല്ലിക്കു വാലുപോൽ പോഴിഞ്ഞങ്ങു വീഴാനും പൂച്ചക്ക് നാലുകാലായി മഴ പൊഴിച്ചൊരു  കണ്ണുനീരും കണ്ണീരില്ലാത്ത സ്ത്രീയെ നീയേ ദേവത കണ്ണീരിൽ കുളിച്ച ചാപല്യമേ നീ യേ പൂരുഷനും കഴിവുള്ളതത്രേ കണ്ണുനീർതുള്ളിയും