Skip to main content

തോർച്ച പണിഞ്ഞുകൊടുക്കും മഴയാശാരി

നിൽക്കുന്നിടത്തൊക്കെ
തോരുന്നത് അരിഞ്ഞെടുക്കും
പെയ്ത്തിന്റെ പിടിയുള്ള 
മഴയരിവാൾ
അത് അരയിൽത്തിരുകി 
പുറത്തിറങ്ങും 
മഷിത്തണ്ട്ച്ചെടി

വിളഞ്ഞനെല്ലിന്റെ 
കാക്കിനിറമുള്ള
കതിർച്ചരിവിൽ മഴയിറക്കിവെച്ച്
വിശ്രമിയ്ക്കും ഭാരം
മുന്നിൽ തുമ്പിചെന്നിരിയ്ക്കും തുള്ളി

വരമ്പ് കഴിഞ്ഞാൽ
ചെറിയതോട് 
അത് കഴിയുന്നതേയില്ല
കുറുകെ ചാടികടക്കുമ്പോൾ
മടന്തയിലകളിൽ ജലം
കവിയുക മാത്രം ചെയ്യുന്നു

പെയ്യുന്ന മഴയത്ത്
കുടയിൽ നിന്നും ഒഴുകിയിറങ്ങുന്നപോലെ
ഒരുടൽ ഉണ്ടായിരിക്കുക
അത് കൊണ്ടുനടക്കുക

മഴ ഒരു ആല
അരികിൽ ഇനിയും  
പറഞ്ഞസമയത്ത് പൊന്മാനിന്
പണിഞ്ഞുകൊടുക്കാത്ത നീല
മുന്നിൽ എരിയുന്ന തീ
കാത്തുനിൽപ്പുകളിൽ
ഓരോ തുള്ളിയ്ക്കും
പരിഭവം പോലെ 
കള്ളത്തോർച്ച പണിഞ്ഞുകൊടുക്കുന്ന
ആശാരിയാവുന്നു ഞാൻ

ബസ് പോലെ
മുന്നിൽകൊണ്ട് നിർത്തുന്നു
പെയ്യുന്ന മഴ 
ചെന്ന് ഓടിക്കയറി അതിൽ നനയാതിരിയ്ക്കുന്നു

തൊട്ടടുത്ത സ്റ്റോപ്പിൽ 
യാത്രക്കാരനായി ഇറങ്ങിപ്പോകും മഴ
അയാൾ ചെന്ന് കയറും വീട്
തുറന്നുകൊടുക്കുമോ മഴ?


Comments

  1. മഴയാലയിലെ പണിയാൾ നടത്തുന്ന കൊത്തുപണികൾ

    ReplyDelete

Post a Comment