Skip to main content

ഉൾക്കൊള്ളിക്കുന്നതിന്റെ ചടങ്ങുകൾ

പൂത്തുതുടങ്ങുന്ന,
വാക്കിന്റെ ജാക്കിവെച്ച് പൊക്കി
മാറ്റിയിടാത്ത
ഭ്രാന്തിന്റെ 
നാലുചക്രങ്ങളിൽ
ഒന്ന് 

മുക്കൂറ്റിക്കും മഞ്ഞയ്ക്കും ഇടയിൽ
തിരഞ്ഞുപോകുന്ന
മൂന്നു പൂക്കളിൽ ഒന്നാവുകയായിരുന്നു
കവിത

പൂത്തുതുടങ്ങിയിരിയ്ക്കുന്നു
വല്ലാതെ 
എങ്ങും കവിത എന്നൊന്നില്ല 
എന്ന തോന്നലും

വാക്കുകൾ കൊഴിഞ്ഞുകിടക്കുന്ന ഇടങ്ങളിൽ
ശൂന്യത, 
ഇടങ്ങളുടെ വൈക്കോൽ തുറു

അയവിറക്കുന്ന ശിൽപ്പങ്ങൾക്കിടയിൽ
മേയുന്നതെന്തും സമയത്തിന്റെ പശു

ചോട്ടിൽ ഞെട്ടിൽ
നീലനിറത്തിന്റെ മേഘമുള്ള
നീലമല്ലിപ്പൂവ്

കൊഴിയുന്നതിന് മുമ്പ്
പൂവിൽ നിന്നും 
പവിഴം അഴിച്ചെടുത്ത
പോലെ
ചുവപ്പും എന്നോ അഴിഞ്ഞുപോയ
ഒന്ന്
കാറ്റുപോലും 
അറ്റങ്ങളിൽ ഒന്നുമില്ലാത്ത
ഒന്നിന്റെ കയറിഴച്ചിൽ

മൊട്ട് തിരഞ്ഞുകണ്ടെത്തും
മാറ്റത്തിന്റെ അറ്റമുള്ള പൂവ്
കനവാലില

മഴക്കോള് പോലെ 
മുമ്പ് എന്ന ഒന്നിന്റെ 
ഉരുണ്ടുകൂടുന്ന ശൂന്യത

കഴുത്ത് 
നീലമഴക്കോളുകൾ സൂക്ഷിക്കുന്ന
ഇടം

കഴുത്തിൽ 
പെയ്ത്തിന്റെ പാമ്പുകൾ ഇഴയും
ശിവനാകുന്നില്ല മഴ

മൂളിയുണ്ടാക്കും തുള്ളികളിൽ
തൂക്കിയിടും
മഴഗന്ധിയാം ഉടൽ
ഡമരുകവുമാവുന്നില്ല

പാദങ്ങൾക്കഞ്ചുതുള്ളികൾ
പാദസരങ്ങൾക്ക് 
അയ്യായിരം തുള്ളികൾ
അതും ഇറ്റിത്തുടങ്ങും
ജലനിഷേധിയാം ഇളനീലത്തുള്ളികൾ

ഉടൽ നഗ്നതയുടെ ഒരു തുള്ളി
ഇറ്റുന്നതിന്റെ അരക്കെട്ടുള്ളത്

തുള്ളിയുടെ ഞെട്ടുകളിൽ
മഴ 
തോർച്ചയുടെ ചില്ലകളുള്ള 
ഒരു മരം

അതിൽ
കൂടുകൂട്ടുന്നതെല്ലാം
പെയ്ത്തിന്റെ കിളികൾ
ചലനങ്ങൾ ഇറ്റിയ്ക്കും
പെയ്ത്താലില

മഴ 
തുള്ളികളിൽ
പെയ്ത്തിന്റെ കൂടുകൾ അഴിയും തൂക്കണാംകുരുവി

മാനം മെല്ലെ 
കിളികളും അഴിയ്ക്കുന്ന ഇടമാവുന്നു

സായാഹ്നം
കിളികൾ ചേക്കേറുന്നതിന്റെ ആകൃതികൾ
തൂക്കിയിടും ഇടം

തുള്ളികളുള്ള ശൂന്യത പോലെ
മേഘത്തിനെ നഗ്നമാക്കി
പെയ്ത്തഴിക്കുന്ന ഒന്ന്

തോരുന്നതിന്റെ 
രത്നച്ചുരുക്കങ്ങളിൽ
മഴ

മെല്ലേ 
അതിലും മെല്ലെ
വെയിലൊരു കല്ല്

അസ്തമയത്തിന്റെ അഹിംസകളിൽ
പൊടുന്നനേ
സൂര്യൻ ഒരു രാജ്യം

തിരകൾ കെട്ടിവെച്ച കടൽ
തൂവലുകളുടെ ഉപ്പ്
കിളി ചേക്കേറുന്നതിന്റെ ഗാന്ധി.

തൊട്ടെടുക്കുവാൻ നിഴൽ
എന്റെ വിരലുകളെ 
അനുവദിയ്ക്കുമെങ്കിൽ
മാത്രം
നിലാവിന്റെ ബോണറ്റ് പൊക്കിവെച്ച്
നോക്കിനിൽക്കും ചന്ദ്രനെ
എനിയ്ക്കീ കവിതയുടെ അവസാനം
ഉൾക്കൊള്ളിയ്ക്കുവാനായേക്കും.

Comments

  1. അഴിഞ്ഞുപോകുമ്പോഴുള്ള കാഴ്ച്ചകൾ

    ReplyDelete
  2. നിലാവിന്റെ ബോണറ്റ് പൊക്കിവെച്ച്
    നോക്കിനിൽക്കും ചന്ദ്രനെ
    എനിയ്ക്കീ കവിതയുടെ അവസാനം
    ഉൾക്കൊള്ളിയ്ക്കുവാനായേക്കും.
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!