Skip to main content

കള്ളൻ ആൾക്കൂട്ടം എന്നിവയിലെ ഒന്നെന്ന നിർമ്മിതി

ഒരാൾ കൂടി 
വരുവാനുള്ള ഒരാൾക്കൂട്ടം.
ഒരാൾക്കൂട്ടത്തെ 
മോഷ്ടിച്ചുകൊണ്ടു പോകുന്ന 
കള്ളൻ

എല്ലാ ആൾക്കൂട്ടങ്ങളും
പലപ്പോഴായി
കള്ളനായി മാറ്റിനിർത്തി 
അവരിൽ ഒരാളെ

അയാളുടെ നിറം
അയാളുടെ സ്വഭാവം
അയാളുടെ സമയം
അതിനനുസരിച്ചു രൂപപ്പെട്ടുവരുന്നു

പകൽ ആൾക്കൂട്ടങ്ങളെ 
ഒഴിച്ചുവെയ്ക്കുന്ന
കുപ്പിയായി കാണപ്പെട്ടു
കൂടെ ഒഴിക്കപ്പെട്ടു 
അയാൾക്ക് ചുറ്റും നിൽക്കുന്നവർ
ഒപ്പം രാത്രിഗന്ധിയായ
പൊള്ളുന്ന വെയിലും
നിറം കൊണ്ടുകൊണ്ടു കറുത്തുപോയത്
നിറമുള്ളതും നിറമില്ലാത്തതുമായ
കുപ്പികളുണ്ടായി

ആൾക്കൂട്ടം, ഒരാളെ തുറക്കുന്ന താക്കോലാണെന്ന്
ആരോ പറഞ്ഞു
എന്നിട്ടും അയാൾ മാത്രം തുറന്നുകിടന്നു.
അകത്തേക്ക് മാത്രം ചാരി

അവിടെ തുടർന്നു
ഓടിട്ട വീടുകളിൽ
പിറകുവശത്ത് മാത്രം
ചാരി,
ചരിച്ച് വെച്ചിരിക്കുന്ന വിധം 
കാണപ്പെടുന്ന എണികൾ

വാരിയിൽ നിന്നും 
താഴെ വീഴുന്ന വെള്ളം
താഴെവീണ്
താഴെവീണ് 
അവിടെ കിടന്ന്
കെട്ടിക്കിടക്കുന്നതിന് മുമ്പ്
ഒലിച്ചുപോകുന്നതിന് മുമ്പ്
താഴെ നിന്ന്
എണിയെടുത്ത് ചാരി 
മുകളിലേയ്ക്ക് കയറി
ചോർച്ചകൾ അടച്ചു
ഓടുകൾ മാറ്റിയിട്ടു
തനിയെ മഴ നനഞ്ഞ്
താഴെയ്ക്കിറങ്ങി

പനിയ്ക്കപ്പെട്ടവരും
പനിപിടിക്കാത്തവരും ഉണ്ടായി ആൾക്കൂട്ടങ്ങളിൽ

അവർ തങ്ങളിൽ ഇടപഴകി
പനിക്കോളുകൾ പങ്കുവെച്ചു

വിരൽ കമഴ്ത്തി 
പരസ്പരം അളന്നു
നെറ്റിയിൽ പനിച്ചൂടുകൾ

ഇല്ലാതായി
ഓടിട്ടവീടുകൾ വാരികൾ
ചാരിവെയ്ക്കുവാൻ 
ഇല്ലാതായി ഏണികൾ

അദൃശ്യവാരിയിൽ നിന്നും
വെള്ളം മാത്രം ഇറ്റി താഴെ വീണു
കെട്ടിക്കിടന്നു
ഒഴുകിപ്പോയി.

ആൾക്കൂട്ടങ്ങൾ കയറിയിറങ്ങി
വീടുകളിൽ
ഉള്ളതും ഇല്ലാത്തതുമായ
വീടുകളുണ്ടായി

വീടുളളവരെന്നും
വീടില്ലാത്തവരെന്നും 
ആൾക്കൂട്ടം രണ്ടായി

സാവകാശത്തിലും
വേഗത്തിലും
ബംബിൽ 
വാഹനങ്ങൾ കയറിയിറങ്ങുന്ന
പ്രതീതി ചുറ്റുമുണ്ടായി

കള്ളൻ കയറാതെ
തുറന്നുകിടന്നു വീടുകൾ

ഇല്ലാതായ വീടുകളുടെ അകവശം
മാത്രം 
മഴയില്ലാത്തപ്പോഴും ചോർന്നു

അവിടുന്നൊരാൾ ഇറങ്ങിവന്നു
ചുറ്റും ആൾക്കൂട്ടത്തെ ഉണ്ടാക്കുന്നു
കാലിൽ ചിലങ്കയിട്ട്
നൃത്തം വെയ്ക്കുന്നത് പോലെ
കള്ളനാവുന്നു.



Comments

  1. വീടുള്ളവരും ഇല്ലാത്തവരും അതിൽ നിന്നും ജനിക്കുന്ന കള്ളന്മാരും ..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ