Skip to main content

ഉടൽ എന്ന കോൺഫറൻസിൽ അവതരിപ്പിച്ചേക്കാവുന്ന ഉറക്കം എന്ന പ്രബന്ധം

ഞാനൊരു മരംങ്കൊത്തിയുടെ ഉറക്കം
മോഷ്ടിക്കുന്നു
എന്റെ ഉറക്കം ഒരു മരമാണെന്ന്
സങ്കൽപ്പിക്കുവാൻ
അതിനായിട്ടുണ്ട്.

ഒരു ഗോത്രവർഗ്ഗകൊത്തുപണിയല്ല,
ഉറക്കം
ഞാൻ അതിന് മുന്നിലൂടെ കടന്നുപോകുന്ന നാടോടിയായ
സന്ദർശകനുമാവുന്നില്ല.

എന്നെങ്കിലും
ഇല്ല എന്ന കവിതാസമാഹാരം
പുറത്തിറക്കിയേക്കാവുന്ന
കവിതയുമായി 
അകന്നകന്നുപോകുന്ന
കവി മാത്രമാകുന്നു

എന്റെ അകൽച്ച തന്നെയാണ്
അടുപ്പങ്ങളിൽ മരങ്കൊത്തി
കൊത്താനുപയോഗിക്കുന്ന
കൊക്കും ചുണ്ടും

അകലങ്ങളിലേയ്ക്കു നടക്കുന്തോറും
തുടർനടപടിയാവുന്ന ചിലങ്കയിൽ
നൃത്തം,
അടുക്കുന്തോറും ചുവടുകളിൽ നിന്നും
എത്തിനോക്കുന്ന മാനാവുന്നു
എങ്കിലും എന്ന വാക്ക്,
മയിലും

വിശ്വസിച്ചേക്കില്ല
നടത്തമൊരു കൊടുങ്കാട്

എന്നിട്ടും
പുറത്തേക്കിറങ്ങുമ്പോൾ
രാത്രി എടുത്തിട്ടേക്കാവുന്ന 
വാറുപൊട്ടിയ ചെരുപ്പുകളിൽ 
ഏതുനിമിഷവും ഉപേക്ഷിക്കാവുന്ന ഒന്ന്
സ്വതന്ത്രമായ ഉടലാവുന്നു

കൃഷിചെയ്യുന്നുവെന്നേയുള്ളു,
ഉറക്കത്തിന്റെ കൈതച്ചക്ക 
സ്ഥലം, ഉടലിന്റെ പാട്ടം.

നോക്കുമ്പോഴെല്ലാം
അണ്ണാൻ ഒരു താക്കോൽക്കൂട്ടം
അത് ഓരോ മരവും തുറന്ന് തുറന്ന്
അകത്തേയ്ക്ക്
കയറിപ്പോകുന്നു

ഒരു ഉറക്കംതൂങ്ങലിന്റെ
അനക്കത്തെ 
കാറ്റ് വിളിർച്ചുണർത്തുമ്പോഴെല്ലാം
ഞെട്ടി ഉണരുമ്പോൾ കിട്ടുക
കൂട്ടിയാലും കിഴിച്ചാലും 
ഉറക്കം എന്ന തുക.

ഉടൽ അപ്പോഴും 
ജീവിതം എന്ന ഈടിൻമേൽ
കടം!

ഉറക്കത്തിന്റെ അച്ചടികഴിഞ്ഞ
പ്രിൻറ്റിങ്ങ്പ്രസ് പോലെ
മഴ കഴിഞ്ഞ മേഘത്തിൽ
നനുത്ത അനക്കങ്ങളിൽ
തണുത്ത കാറ്റ്
തൂക്കിയിടുന്ന 
ആടുന്ന ഉടൽ

ഉറക്കം
അപ്പോഴും
അതേ ഉടലിന്റെ കാവൽക്കാരൻ
അതേ ഉറക്കത്തിന്റെ
ഉടമസ്ഥനും!

Comments

  1. ഉടൽ എന്ന കോൺഫറൻസിൽ അവതരിപ്പിച്ചേക്കാവുന്ന ഉറക്കം എന്ന പ്രബന്ധം തന്നെയാണ് ഈ വരികളുടെ സുലാൻ ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ