Skip to main content

ബാർക്കോഡുകളുടെ ദൈവം

വെച്ചതും വെയ്ക്കാത്തതുമായ
നൃത്തത്തിന്റെ അടുത്തുകിടക്കുന്നു.
ചുവടുകൾ ഒലിച്ചിറങ്ങുന്ന
കാലുകൾ

ഉടൽ,
ചലനങ്ങളുടെ
വറ്റലായിരിക്കുന്നു

ഇറ്റുന്നതെല്ലാം
ഇന്നലെ കണ്ട
മരത്തിന്റെ ചില്ലകളാവുന്നു

ചുവരിൽ പ്രത്യക്ഷപ്പെടുന്ന
ഇറ്റിനിൽക്കുന്ന
ജാലകം

വാതിൽ
ഒരു കൈകേയി മുറിവായിരിയ്ക്കുന്നു

എല്ലിന്റെ അറ്റത്ത്
ഒച്ച കുറച്ച് വെളുപ്പും
കറുപ്പ് കൂട്ടി
രാത്രിയും ഇട്ടിരിയ്ക്കുന്ന ഒപ്പ്

വളകളിൽ കൂടുകൂട്ടുന്നതിനിടയ്ക്ക്
കണ്ടുകാണില്ല,
കിളികൾ

വീണ്ടും നൃത്തം പഠിപ്പിച്ച്
ഒരുടലുണ്ടാക്കി തരാമെന്ന്
വാക്ക് കൊടുത്ത
വിരലുകൾക്കൊപ്പമാണ്
യാത്ര

കേൾക്കാം
ഇറ്റുവീഴുന്ന
മഴത്തുള്ളി രണ്ടിലകളുടെ ജാരനാകുന്ന
ഒച്ച

ചത്തുപൊന്തിയതാവും
നടന്നുപോകുമ്പോൾ,
മീനിന്റെ കണ്ണുകൾ
ജലം ഊരിയിട്ട ചെരുപ്പുകളാവുന്നിടത്ത് വെച്ച്

ബാർകോഡുകളുടെ
ദൈവമായിരിയ്ക്കുന്നു ജീവിതം
വിലയിടാൻ മാത്രം
കാണുന്നിടത്തൊക്കെ വെച്ച്
ഇനി
സ്കാൻ ചെയ്യപ്പെടുമായിരിയ്ക്കും..

Comments

  1. ലേബൽ കോഡുകളിൽ ക്രമീകരിച്ച
    കൊട്ടിഘോഷിക്കപ്പെട്ട കോട്ടം തട്ടാത്ത ജീവിതങ്ങൾ ...!

    ReplyDelete

Post a Comment