Skip to main content

ഹൈകു ഡി-അഡിക്ഷൻ

1)മഴ നനയാതെ 
വെയിൽ മാറ്റാൻ 
മേഘങ്ങൾ

2)ഓടി കിതച്ചൊരു
ശ്വാസം 
മരണത്തിലേയ്ക്ക്

3)തെരുവ് വിളക്കുകൾ 
തെളിയുമ്പോൾ 
കെട്ടതെരുവുകൾ

4)പുകപ്പുരയിൽ 
തുണ്ട് റബ്ബറായി 
കര്ഷകമനസ്സ്

5)ഒഴിവാക്കാൻ കഴിയാത്ത 
ദുശീലമായി 
മനസ്സ് 


6)ഉണക്കാൻ വെയിൽ
കഴുകി ഇടാതെ 
കടൽ      

7)കഴുകാതെ 
നീലം മുക്കി 
കടൽ  

8)ഒരു കുഞ്ഞു വിഷാദത്തിൽ 
ചേക്കേറി
ആരെയും വേദനിപ്പിക്കാതെ സന്ധ്യ

9)മരിച്ചിട്ടും 
വിതുമ്പുന്നു 
അടക്കാത്ത പൂക്കൾ

10)തണുത്തു വിറച്ചിട്ടും 
നഗ്നമായി 
മഴ

11)നിലവിളിക്ക്‌ മുകളിൽ 
മൊബൈൽ ഷൂട്ട് 
മരണം അഭിനയിച്ചു അപകടം

12)വീട്ടിലേയ്ക്ക് കയറ്റാതെ
നനഞ്ഞൊലിക്കുന്നു 
മഴ

13)തൊഴിൽ അഭിവൃദ്ധിക്കും 
പങ്കാളി പ്രീതിക്കും 
ഫേസ് ബുക്ക്‌ വ്രതം

14)കാറ്റുള്ളപ്പോഴൊക്കെ 
നിസ്കരിക്കുന്നു
മരങ്ങൾ

15)കഴിവതും മഴ നനയാതെ 
മാറി നടക്കുന്നു
പനി പേടിച്ചു സൂര്യൻ

16)കൂടെ കിടന്നിട്ടും 
ഒരുമിച്ചു കണ്ടിട്ടും 
മിണ്ടാതൊരു സ്വപ്നം

17)മഴക്കാറ് കീറി 
മടുത്തൊരു മിന്നൽ
കോടാലി

18)സ്വർണ കൊലുസ്സിട്ടു 
നടക്കുന്നു 
പട്ടു പാവാട

19)എത്ര വേദനിച്ചിട്ടും 
പ്രസവം നിർത്താതെ
മാതൃത്വം ആസ്വദിച്ചു കണ്ണുകൾ

20)ചുവരുകൾ എല്ലാം അഴിച്ചു കളഞ്ഞു
മഴ കൊണ്ട് മേല്ക്കൂര മേഞ്ഞു 
നിലാവ് മെഴുകിയൊരു വീട്

21)നെറ്റിയിൽ ഒരുവിവാഹ പൊട്ടുതോടാൻ 
ഓരോ വിരഹ രാവും 
എടുത്തു വച്ചൊരു പെണ്ണ്

22)കൃത്യ സമയത്ത് മരിക്കുവാൻ
അലാറം വച്ചൊരു ഹൃദയം 
മരിച്ചിട്ടും മറക്കാതെ

23)അശ്വത്ഥാമാവിന്റെ 
ശാപവും പേറി
പാൽ

24)പായൽ പിടിക്കാതെ 
വെള്ള പൂശി 
നിലാവ്

25)ശരീരം കെട്ടിയിട്ടും 
അവിവാഹിതനായി 
മനസ്സ്

26)ശലഭം തേൻ നുകരുമ്പോൾ 
പറക്കുന്നു 
പൂക്കൾ

27)കടം വാങ്ങിയ പ്രകാശത്തിനു 
നിലാപലിശ കൊടുത്തു 
ഇരുളിൽചന്ദ്രൻ

28)അധികാരസ്ഥാനങ്ങളിൽ മണൽ 
പുഴവഴിയിൽ 
കൊടിവയ്ക്കാത്ത ടിപ്പറുകൾ

29)ഇനി ഒരു ജനനം പേടിച്ചു 
മരണം നീട്ടി കൊണ്ട് പോകുന്നു 
ജീവിതം

30)വില ഉയർത്തി നിലവിളിക്കുന്നു 
സ്ത്രീകളുടെ തടവറയിൽ
സ്വർണം

31)തെന്നി വീഴാതിരിക്കുവാൻ 
വരമ്പിനു വഴിമാറി 
പാടങ്ങൾ

32)മഴ തോരും മുമ്പേ
ഇറയത്ത്‌ ഗോലി കളിച്ചു 
മഴത്തുള്ളി

33)പനി ചൂടുമായി 
ആവിയും വിക്സിന്റെ എരിച്ചമ്മന്തിയും 
പുരട്ടി കഞ്ഞി

34)ശസ്ത്രക്രീയക്ക്‌ പണം ഇല്ലാതെ 
സാധുക്കൾ മാത്രം കൊണ്ട് നടക്കുന്നു 
അർബുദം ബാധിച്ച മന:സ്സാക്ഷി

35)നിറവും തൂലികയും ഇല്ലാതെ 
വെള്ളം വച്ച്
മേഘത്തിന്റെ മഴചിത്രം  

36)ഭംഗിയായി പെയ്തിട്ടും 
നനയാൻ കുട മാത്രം 
മഴ മതം മാറി 

37)പണത്തിന്റെ ആത്മകഥ 
പണക്കാരന്റെ കീശയിൽ 
വായിക്കാൻ മറ്റൊരു പണക്കാരൻ

38)ജീവൻ നിലനിർത്തുവാൻ
പുഴ  മരത്തിൽ പിടിക്കുന്നു
മഴ പോലെ

39)മനുഷ്യന്റെ തണലിൽ മരത്തിനെ കെട്ടി 
പശു പുല്ലിനു
പുല്ല് വന്നപ്പോൾ ഒരു "ങേ" 

40)പാലിന് വേണ്ടി 
പ്ലാസ്റ്റിക്‌ കവറു വളർത്തി
മലയാളി

41)എത്ര കറുത്ത രാവും 
വെളുപ്പിച്ചു 
സൂര്യന്റെ ഡ്രൈക്ലീനിംഗ്

42)മനുഷ്യൻ പണയപ്പെടുത്തി 
പുഴ 
വാർക്കപ്പണിയ്ക്ക് മണൽ

43)തൊണ്ണൂറു ഡിഗ്രിയിൽ 
വീണു പോയ മഴ
നൂറ്റിയെമ്പതു ഡിഗ്രിയിൽ പുഴ

44)എത്ര വൈകിയാലും 
ഓഫീസിൽ കൃത്യമായി 
സമയം 

45)ഒളിച്ചോടുന്നു 
ചുണ്ടുകൾ
ലിപ്സ്റ്റിക്കിനൊപ്പം

46)മഠവും മാങ്ങയും 
അമ്മയും തേങ്ങയും 
കല്ലിനൊരു പോലെ

47)പുഴ പ്രതീക്ഷിക്കുന്നു 
പഴകിയ വഴികളി
മണൽ മഴ

48)മതം 
അവിശ്വാസികളുടെ 
മുഖം മൂടി 


49)ജീവിതം കയ്ച്ചു
കെട്ടി തൂങ്ങി 
കയ്പ്പക്ക 

50)കൊള്ളുന്ന കല്ലിൽ 
ഉപ്പു തിരഞ്ഞു 
മാങ്ങ

51)അമ്മയേക്കാൾ 
നല്ലൊരു 
ഹൈകുവില്ല 

52)എന്റെ മഴയിലേക്ക്‌ 
വന്നു കേറുന്നു
നനയാതൊരു കുട

53)അച്ഛനമ്മ നിറങ്ങളിൽ
വീട്ടിലൊരു 
മഴവില്ല്

54)സുബ്രഹ്മണ്യനും ഗണപതിയും 
നിമിഷ മണിക്കൂർ 
സൂചികൾ 

55)ഒരു പരാജയപ്പെട്ട ഉമ്മ 
അധരത്തിലേയ്ക്കു  തിരിച്ചു പോകുന്നു
ചുണ്ടോപ്പം ചിതലെടുക്കാൻ 

56)മഴയിലേക്ക്‌ 
ചോർന്നൊലിച്ച്
നിറം പോയ പൂവ്

57)വെളുപ്പാൻകാലം 
കടലിലേയ്ക്ക് 
ഉറക്കച്ചടവിൽ വള്ളങ്ങൾ


58)നെല്ലി മരച്ചോട്ടിൽ 
കൂട്ടുകാരെ കാത്തു 
സ്കൂളിൽ നിന്ന് കൊഴിഞ്ഞ നെല്ലിക്ക

59)വിശന്ന അഥിതി
പൂവുമായി
പൂവങ്കോഴി

60)തുള്ളികൾ തോറും ദീപാലങ്കാരം 
പുകയും മണവും ഇല്ലാതെ വെടിപ്പടക്കം
മഴയ്ക്ക്‌ പരിസ്ഥിതി സൌഹൃദ ദീപാവലി

61)പ്രണയം കൊഴിച്ചു 
ശിശിരകാല
കലാലയങ്ങൾ

62)കണ്ണടച്ചാൽ കിട്ടുന്ന 
ഇരുട്ട് തേടി 
കണ്ണുകളില്ലാത്ത പ്രകാശം

63)വിടരുന്ന ചുണ്ടിൽ; 
ഇമ പിടഞ്ഞ്- 
ശലഭചുംബനം

64)ഓരോ പെയ്ത്തിലും
കണ്ണീർ വെള്ളം പോലെ ചേർത്ത് 
മഴ 

65)അന്ധന്റെ ആത്മജ്ഞാനത്തിനു
മുമ്പിൽ പകച്ചു
വെളിച്ചത്തിൽ ഒളിച്ച് സൂര്യൻ


66)നിലാവ് അയക്കുവാൻ 
കാത്തു നില്ക്കുന്നു 
വിയർപ്പ്‌ മണക്കുന്ന ചന്ദ്രൻ

67)ഒരു നുള്ള് എരിയിൽ 
മനസ്സിൽ പൂത്ത് നില്ക്കുന്നുണ്ട് 
കൂട്ടുകാരിയുടെ മുഖമുള്ള കാന്താരി

68)അഞ്ചിതളായി വീതം വെച്ച് 
വാടി നില്ക്കുന്നൊരു
പാഞ്ചാലിപ്പൂ

69)വെള്ളമില്ലാത്ത മുടിയിൽ 
മുങ്ങിക്കുളിക്കുന്നു 
ഈറനുടുത്തു തുളസ്സിക്കതിർ

70)മുറ്റത്ത്‌ സമയം 
നോക്കി 
രത്നം പതിപ്പിച്ച പൂവ്

71)തണലില്ലാത്തൊരു മരത്തിൽ 
തുള്ളി ഇല്ലാത്തൊരു മഴയുടെ 
തിളങ്ങുന്ന വെയിൽ പ്രതിമ

72)പള്ളിക്കൂട മാവിൽ 
പുളിമാറാതെ നാവിൽ
കൂടെ പഠിച്ച മാങ്ങാ

73)ചുറ്റമ്പലം ചുറ്റി 
തൊഴുതിട്ടും മടങ്ങാതെ 
കൂടെ ഒരു ദീപം

74)അലക്കി തേച്ചു വടി 
കണ്ണീരിൽ കഴുകി 
ചുളിവു വീണു തുട

75)ചുംബനത്തിൽ ഒളിപ്പിച്ചു 
മാനം കാണാതൊരു 
പ്രണയം

76)വെളുപ്പാൻകാലം 
കടലിലേയ്ക്ക് 
ഉറക്കച്ചടവിൽ വള്ളങ്ങൾ

77)ചിറകുമുറിച്ചിഴയുന്നു 
ഈയാം പാറ്റയുടെ 
മുഖച്ചായയിലൊരുമഴ

78)കാറ്റിൽ കളിവിളക്ക് 
ചിറകിൽ ചുട്ടികുത്തി 
പൂമ്പാറ്റ

79)കാറ്റിനെ 
വീശി തണുപ്പിച്ച് 
കാറ്റാടി

80)കയർ പിരിക്കുന്നു 
ഇരു കിളികൾ 
ഒരു കൂരയ്ക്ക്

81)മഴ നനഞ്ഞു മനസ്സ് 
വെയിലടിച്ചു ശരീരം 
പനിപിടിച്ചു ജീവിതം

82)മുറ്റത്തേയ്ക്ക് പറന്നിറങ്ങി, 
വെയിൽ കൊത്തി 
അരിമുല്ല പ്പൂവുകൾ

83)സുവർണ മണൽ; 
മിഴിനീരിറ്റി
പുഴ

84)വെള്ളപൂശി 
കണ്ണുകൾ
നനവ്‌

85)ഒരു മുഴം 
കയറിൽ ശമിച്ചു 
മരണ ദാഹം

86)ഭയത്തിന്റെ എഴുന്നെള്ളത്ത് 
വിറച്ച് വെഞ്ചാമരം 
ആനവാൽ

87)ഉടഞ്ഞ സ്ലേറ്റിനെ
ആശ്വസിപ്പിച്ചു 
പൊട്ടിയ തുട

88)ഘടികാരം ചുറ്റി സുബ്രഹ്മണ്യസൂചി 
മണിക്കൂർ മടിയിൽ ഗണപതിയും 
അദ്വൈതസമയം

89)കര പറ്റി മക്കൾ 
തിരതള്ളി കടൽ
വൃദ്ധസദനം

90)ചില്ലക്ഷരമെഴുതി 
പായ്‌ക്കപ്പൽ 
മായ്ച്ചെഴുതി കാറ്റ്

91)പൂവിന്റെ മധു പങ്കിട്ടു
ഭംഗിയേറെ ഉണ്ടായിട്ടും 
ഭാരമില്ലാത്തൊരു സ്നേഹം

92)കാട്ടുചോല 
വെള്ളാരങ്കല്ലുകള്‍
ജലമൗനം

93)പുഴയുടെ മാറിൽ കുത്തി 
അധരം പൂട്ടി 
തോണി

94)പുഴ തുഴഞ്ഞു, 
കടലിലേയ്ക്ക്; 
വെള്ളം

95)രാവിന്റെ ഈണം 
മീട്ടി 
മിന്നാമിന്നി ഇലകൾ

96)കിണറിന്റെ ആഴങ്ങളിൽ
ഒരു പഴയ 
സ്കൂൾ ദാഹം

97)നിന്റെ കണ്ണീരിനു 
എന്റെ നാമധേയം 
ദാമ്പത്യം

98)കാറ്റനക്കം
ഒച്ച വയ്ക്കാതെ 
ഇല

99)കണ്ണുകളിൽ 
ഞെട്ടി ഉണർന്നു 
ഇമ

100)പേരിട്ടത് നിന്റെ കണ്ണുകൾ
വിളിച്ചത് നിന്റെ ചുണ്ടുകൾ
പേര് ചുംബനം

101)നിരൂപകവിമർശനം 
സുഖ ശമനം 
കവിത

Comments

  1. ഹൈക്കു ആവുബോള്‍ വേഗം പറഞ്ഞു തീര്‍ക്കാം അല്ലെ....പലതും ഒറ്റയടിക്ക് . വായനയില്‍ കണ്ടത് എല്ലാത്തിലും പ്രകൃതിയും ജീവനുമുണ്ട് ആവോളം .

    ReplyDelete
  2. 916 ഹൈക്കു മാല..
    ഫ്രം ബൈജു(ഭായ്) മണിയങ്കാല... :):)


    സൂപ്പർ...

    ശുഭാശംസകൾ......

    ReplyDelete
  3. ഹൈകു വളരുമ്പോള്‍ വന്‍മരം ആകുന്നുണ്ട്

    ReplyDelete
  4. ഹൈക്കുവിൽ കവിത ഉണ്ടെന്നും ഇല്ലെന്നുമുള്ള വിഭിന്ന വാദഗതികൾ നിലവിലുണ്ട് - പക്ഷേ ഒരു പൂർണകവിതയുടെ ആസ്വാദനവും, ലയവും ഹൈക്കു തരുന്നില്ല - നന്നായി കവിതകൾ എഴുതുന്ന ഒരു കവിക്ക് ഇടക്ക് ഹൈക്കുവും ആകാം എന്നേയുള്ളു .

    ReplyDelete
  5. നന്നായിരിക്കുന്നു ഹൈക്കുക്കവിതകള്‍
    ഇനിയും കുറച്ചെണ്ണം പിടി തന്നിട്ടില്ല.ശ്രമിക്കട്ടെ........
    ആശംസകള്‍

    ReplyDelete
  6. ഒഴിവാക്കാൻ കഴിയാത്ത
    ദുശീലമായി
    മനസ്സ്
    ഹൈക്കുമാല പെട്ടെന്ന് വായിച്ചു പോകും.

    ReplyDelete
  7. :) ഹൈക്കു അഡിക്ഷന്‍ - ഡി അഡിക്ഷന്‍ ... പണ്ടും പിടി തന്നിട്ടില്ല ഈ കുറുംകവിതകള്‍ , അതോണ്ട എഴുതുന്നവരോട് കടുത്ത അസൂയ ;).

    ReplyDelete
  8. പലതും എനിക്ക് പിടി തരുന്നില്ല.......
    ആശംസകൾ...

    ReplyDelete
  9. മനസ്സിലായ ചിലത് വളരെ മനോഹരം.

    ReplyDelete
  10. അപാര സുന്ദര നീലാകാശം
    അപാര സുന്ദര ഹൈക്കുക്കവിത...

    ReplyDelete
  11. ചില ഹൈക്കുകള്‍ ഇഷ്ടായി .

    ReplyDelete
  12. ഹൈക്കുകള്‍ ഇഷ്ടപ്പെട്ടു..

    ReplyDelete
  13. ചിന്തകൾ കുറുകി മൂന്നിതളാകുന്ന ഹൈകു ! ഒട്ടുമിക്കതും മനസ്സിൽത്തൊട്ടു.

    ReplyDelete
  14. ഒരു ശലഭ ചുംബനം!

    ReplyDelete
  15. ഈ 101 ഹൈക്കുകളിൽ ചിലതൊക്കെ
    ചില്ലിട്ട് വെക്കാവുന്നവയും ഉണ്ട് കേട്ടൊ ഭായ്

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം