Skip to main content

എന്റെ ഉടൽ പൂക്കളുടെ റുബിക്സ് ക്യൂബാവുന്നു, ആകാശം സംശയങ്ങളുടേതും!


3

ആയുസ്സിന്റെ കല്ലിൽ
ഉയിരിന്റെ കൊത്തുപണി
അരികിൽ,
മായുന്നത് മാത്രം കുറിച്ചുവെക്കുന്നു
പൊടിയടങ്ങാൻ തളിക്കും ജലം,
വിരൽ പോലെ

കവിത എഴുതിപ്പോയാൽ എന്ത്
ചെയ്യും?
എഴുതാതിരുന്ന ഒരാളുടെ 
കാലടിക്ക് മുകളിൽ
ഇല്ലാതായത് പോലെ ഉടൽ,
അത് പ്രതിധ്വനിക്കും ശൂന്യത

തിരമാലകൾ തമിര് വെക്കും ഒച്ച
കപ്പലുകൾ ഉടച്ചെടുക്കും,
ക്വാറിയാകും കടൽ

തളിക്കപ്പെടുന്നുണ്ടാവണം ജലം
അടങ്ങുവാനുണ്ടാകില്ല പൊടികൾ

അഭയാർത്ഥിയാം ജമന്തി
ഭാഷയുടെ കൊന്നയോട് ഇരക്കും മഞ്ഞ
ഞാൻ താരാട്ടിന്റെ രണ്ട് വറ്റ്,
മുല്ലപ്പൂവിലിടുന്നു
പൂക്കൾക്കൊപ്പം മയങ്ങുന്നു

1

ജനിക്കുന്തോറും
ഉടലിൽ തളിക്കപ്പെടും പൊക്കിൾക്കൊടികൾ തൻ ജലം

അരികിൽ
ചുണ്ടുകൾ കെട്ടും താരാട്ടിൻ തൊട്ടിൽ
പല ഭാഷകളിലേക്ക്
പല ദേശങ്ങളിലേക്ക്, 
അതിന്റെ ആന്ദോളനം
ഒപ്പം പറക്കും പക്ഷികൾ

എന്തൊരു ശിൽപ്പമാണ് ഉറക്കം
പണിഞ്ഞുതീരാത്ത താമരയുടെ 
നാഭിക്കൂട് ഉടലിൽ

നാഭിയൊരു താക്കോൽക്കൂട്ടം
അത് ജനിക്കുന്തോറും കിലുങ്ങുന്നു

ഭാഷയുടെ പക്ഷി 
കൊത്തിപ്പറിക്കും സ്വരത്തിന്റെ നാര്
ഉയിരിൽ
ഭ്രാന്തിന്റെ കിളിക്കൂട് 
ഉടലിൽ
ആത്മാവിന്റെ കീചെയിൻ പോലെ 
കവിത കൊണ്ടുനടക്കും ഭാഷ

സുഷിരത്തിന്റെ ഉപ്പിലിട്ട്
കൊത്ത് സൂക്ഷിക്കും മരങ്കൊത്തി
മരത്തിന് പുറത്തുവന്ന് 
ഒരേ സമയം പൊത്തും 
പക്ഷിയുമാകും മരങ്കൊത്തിയുടൽ
ഒരു ദ്വിഭാഷിയാവും പൊത്ത്

ചിറകടികൾക്കിടയിൽ
കിളികൾ അവതരിപ്പിയ്ക്കും പ്രബന്ധമാവും ഉടൽ
രതിക്കും ധ്യാനത്തിനും 
ഇടയിൽ
പറന്നുപൊങ്ങുന്നു

രതിയുടെ സ്പീഡോമീറ്ററാവും ഭാഷ
രതിധ്യാനം

വിരിയുന്നതിനിടയിൽ
ആകാശം ഇറുത്തെടുക്കും പൂക്കൾ
അത് കേസരത്തിനരികിൽ
വെക്കുന്നു

എങ്ങും എടുത്തുവെക്കുന്നില്ല
ഇലകൾ,
അവയുടെ മാതൃഭാഷ
എന്നിട്ടും അതിൽ 
മരത്തോടൊപ്പം
പച്ചനിറത്തിൽ തൊടും ആകാശം

സുഷിരങ്ങൾക്കൊപ്പം ഓടക്കുഴലും
ഉടച്ചുചേർക്കുന്നു
സുഷിരങ്ങളുടെ അനാഥത്തത്തോടൊപ്പം
ഒരാളുടെ മാത്രം പാട്ടിരിക്കുന്നു

അനാഥനീല

6

ഉടലിന്റെ ഡാഷ്ബോഡിൽ
ശലഭരൂപത്തിൽ
ആകാശം ശതമാനത്തിൽ

ആകാശം കൂടുതലുള്ള ദിവസങ്ങളിൽ
പക്ഷിയോടൊപ്പം 
അവൾ ചെയ്യുന്നതെന്തും

ഒരേ സമയം സഞ്ചാരിയും
വാഹനവുമാവും ഭാഷ

സഞ്ചാരി അഴിഞ്ഞുപോയ 
സഞ്ചാരം പോലെ ദിക്ക്
ഉടൽ ധ്യാനത്തിന്റെ സ്പീഡോമീറ്റർ

ധ്യാനത്തിന്റെ തൂവലുള്ള
പക്ഷി എന്നാവും അവളുടെ ഉടൽ

4

ദൈവത്തിന്റെ ഉടലിട്ട് ബുദ്ധനെ തുറക്കുന്നു

ആകാശത്തിന്റെ റുബിക്സ്ക്യൂബ്
ഇനിയും അടുക്കിതീരാത്ത പക്ഷിയാവും ഭാഷ

ഒരു ചന്ദ്രക്കലയ്ക്ക് താഴെ
ഉടലിന്റെ കീചെയിനാവും ശിവൻ
ശിവൻ വെക്കാൻ മറന്ന നൃത്തം 
ഉയിർ പോലെ.

മാനത്തിന്റെ നഗ്നതയാവും വിധം
തെറുത്ത ചന്ദ്രക്കല മാനത്ത്
ചന്ദ്രക്കലകൾ ഉടലിൽ പ്രവേശിക്കും
വിധം ഉപവസിക്കുന്നു
മാനവും ഉടലും അത് പങ്കിടുന്നു

നിലാവിന്റെ നാലാമത്തെ നെയ്ത്തുപുര
നഗ്നത കടവും കടത്തുമാകും ഉടൽ

5

നിശ്ശബ്ദതയുടെ ഓടാമ്പലുള്ള ഭാഷ
മഴയുടെ പൊന്മാൻ നിറമുള്ള
വേഴാമ്പൽധാരണകൾ

വിരലിലിട്ട് കറക്കും
ധ്യാനത്തിന്റെ കീചെയിൻ

നീലയിട്ട്
വേഴാമ്പലിനെ തുറക്കുന്നു
നിലാവിട്ട് ചന്ദ്രനേയും

കൂക്കെന്ന ശബ്ദത്തിന്റെ കൊളുത്ത്

ഭൂപടങ്ങൾക്കപ്പുറം
ഭാഷയുടേതാണ് കയറ്റിറക്ക്
കവിതയ്ക്ക് അതിന്റെ നോക്കുകൂലി

മനസ്സിന്റെ കടത്തുവള്ളം
ഉടൽ അതിൽ സഞ്ചാരി

മാതൃഭാഷയുള്ളത് കൊണ്ട് മാത്രം
മനുഷ്യനാവുന്നു
അഭയാർത്ഥിയേപ്പോലെ സ്വന്തം
ഉടലിനെ മാത്രം തൊടുന്നു

7

കുനിഞ്ഞ് 
ശലഭനാഭിയിൽ ചുംബിക്കും ആകാശം
നാഭിക്കല്ലുടയും സ്വരം
എവിടെയാണ് പക്ഷികൾ എന്ന്
നീലമാത്രം തിരയുന്നു

കടവിലേയ്ക്ക് തേവി
നദിയിലേയ്ക്ക് തുളുമ്പി 
ബാക്കിയാവും തോണി

കിനാവിലേക്കും തേവുന്നുണ്ട്
ഉറക്കവെള്ളം

വരൂ 
നിശ്ശബ്ദതയേ നിലാവെന്ന്
നിർവ്വചിക്കൂ എന്ന് 
അപ്പോഴും നാഭിയിൽ തുളുമ്പും മാതൃഭാഷ

ധ്യാനക്കല്ലുടയും സ്വരം
ഭാഷയുടെ ഉന്മാദബുദ്ധൻ
കവിതയിൽ

മുറിച്ച് 
തടികൾ പോലെ സൂക്ഷിക്കും
അറുത്ത ആകാശം
പ്രാവുകളുടെ അറക്കവാൾച്ചിറകടികൾ

അടുക്കിവെച്ച ആകാശം  കടത്തിക്കൊണ്ടുപോകും
ലോറികളാവും മേഘങ്ങൾ
അനുഗമിക്കും ചിറകടികൾ
പ്രകാശത്തിന്റേതാണ് കയർ

സായാഹ്നങ്ങളും കാലടികളും
ഉടൽ അടങ്ങാത്ത പൊടികളുടെ കൂമ്പാരം

അടുക്കിവെച്ചിട്ടുണ്ട്
അറുത്ത മനസ്സ്
ഉടലത് ലോറിയെപ്പോലെ കടത്തുന്നു

കവിതയിലേക്ക് കിനിയും
സഞ്ചാരിയാം ഭാഷ

കാലടികളുടെ തിരകളുള്ള
വൈകുന്നേരക്കടൽ
അത് സായാഹ്നം പോലെ വൈകുന്നു

പർവ്വതാരോഹകനായ മേഘം
ഇതളുകളിലേക്ക് ഇറക്കിവെക്കും
നീലനിറം
പൂക്കളുടേതാണ് ക്രെയിൻ

തേങ്ങയിൽ നെയ് പോലെ
ആകാശത്തിൽ നീലനിറയ്ക്കുന്നു
മേഘങ്ങളിൽ മൂന്ന് സുഷിരങ്ങൾ

മെഴുകുതിരിയ്ക്ക് മുകളിലേക്ക്
മണമുള്ള തീയെടുത്തുവെക്കും
വാക്കുകളുടെ ക്രെയിൻ

വിരിയുമ്പോൾ
ഇതളുകൾ തമ്മിലുരഞ്ഞ്
പേരറിയാത്ത കാട്ടുതീയ്ക്ക് 
തീപ്പൊരി സമ്മാനിക്കുകയാവണം കാട്ടുപൂവ്

വാക്കാവുന്നുണ്ടാവണം
ഭാഷയുടെ മണമുള്ള പൂക്കൾ

മോഷണംപോയ 
മെഴുകുതിരികാല് പോലെ 
വെളിച്ചത്തിന്റെ മുന്നിൽനിൽക്കും
ഭാഷ

2

ആകാശം നീല ഉപേക്ഷിക്കുമോ എന്ന്
എന്റെ ശംഖുപുഷ്പ അരികുകൾ മാത്രം
സംശയിക്കുന്നു

ആകാശം
സംശയാലുവായ ശലഭത്തെ മാത്രം നിരന്തരം നിർമ്മിക്കുന്നു,
വെറുതെയിരിക്കുന്നു

നീല വാർത്തുകളയും
ഉടലിന്റെ ശംഖുപുഷ്പച്ചെടി
സംശയത്തിന്റെ വറ്റുകളെ 
പൂക്കളായി നിലനിർത്തുന്നു

നദികളെ നെയ്തെടുത്ത് 
പക്ഷികളെ പോലെ കളയും,
ബാക്കി ജലം.
പക്ഷികളുടെ ആകൃതിയിൽ
ഉപമകൾ

കാവ്യാത്മകമായി 
മൃഗമാവും ഭാഷ സമീപിക്കുമ്പോൾ 
നിസ്സഹായനായ ഒരു മനുഷ്യൻ ചെയ്യുന്നതെല്ലാം

ആമ്പലുകൾ നീതിപാലിയ്ക്കുക,
എന്നൊരു മുദ്രാവാക്യം സങ്കൽപ്പിക്കുന്നു
ഒരു നക്ഷത്രം നയിക്കും
രാത്രികളുടെ ജാഥ കടന്നുവരുന്നു.




Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

കണ്ണുനീർ പുരാണം

സ്വയം എരിഞ്ഞ് ഉൽപ്പാദിപ്പിക്കുമ്പോഴും സ്വയം ഉപയോഗിക്കാത്ത ഒന്നത്രേ സ്ത്രീക്കിന്നും കണ്ണുനീർ ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു സ്ത്രീ എന്നെങ്കിലും അറിയാതെ എങ്കിലും ഒന്ന് ഉപയോഗിച്ചിരുന്നെങ്കിൽ കണ്ണ് നീര് ഗ്രന്ഥിക്ക് ശാപമോക്ഷം ലഭിച്ചേനെ.. സ്ത്രീക്കും അതൊരു ശാപമോക്ഷമായേനെ "ഭൂ"   മുഖത്ത് നിന്നും എന്നെന്നേക്കുമായി അത് അപ്രത്യക്ഷമായേനെ ലോകം കണ്ടു പിടിച്ചതിൽ വച്ച് ഏറ്റവും ശക്തമായ അണു നാശിനിയും കള നാശിനിയും ഇന്നും കണ്ണ് നീർത്തുള്ളി തന്നെ നേർപ്പിക്കാത്തത്  അതിപ്പോ കിട്ടാനുമില്ലല്ലോ ഏതു അസുരനേയും നിർവീര്യമാക്കുന്ന  ഏതു ചാരത്തെയുംഞൊടിയിൽ രുദ്രനായി മാറ്റുന്ന അശ്രുബിന്ദുക്കളെ ആനന്ദമായി മാറ്റുന്ന അശുവിനെ പശുവാക്കി മാറ്റുന്ന ആടിനെ ശ്വാന പ്രദര്ശനം നടത്തുന്ന രണ്ടു കണ്ണിൽ നിന്നിറ്റുന്ന "ഒരിറ്റു" കണ്ണുനീരേ   ഉപ്പുകലര്ന്ന മിട്ടായിയേ ചിലന്തിക്കു-വലയായി സ്വയം ഒട്ടാതിരിക്കുവാനും പല്ലിക്കു വാലുപോൽ പോഴിഞ്ഞങ്ങു വീഴാനും പൂച്ചക്ക് നാലുകാലായി മഴ പൊഴിച്ചൊരു  കണ്ണുനീരും കണ്ണീരില്ലാത്ത സ്ത്രീയെ നീയേ ദേവത കണ്ണീരിൽ കുളിച്ച ചാപല്യമേ നീ യേ പൂരുഷനും കഴിവുള്ളതത്രേ കണ്ണുനീർതുള്ളിയും