Skip to main content

ഭാഷ മുമ്പേ ചിതൽ പിറകേ

ഭാഷ മുമ്പേ ചിതൽ പിറകേ

ഭാഷയുടെ പിറകേപോകും മുമ്പേ
കവിതയെന്ന് പേരിടുംമുമ്പേ
പണ്ടുപണ്ടാണ്

ഒരു പക്ഷേ മണ്ണുണ്ടാവുന്നതിനും മുമ്പേ
വീടുകളിൽ,
ചിത്രങ്ങൾ ഫ്രൈയിം ചെയ്ത്
തൂക്കും മുമ്പേ
അവയിൽ ഇരുനിറങ്ങൾ
പഴക്കങ്ങൾക്കൊപ്പം
വിരുന്നുവരും മുമ്പേ

ഒരു പക്ഷേ വീടുകൾ ഉണ്ടാവും മുമ്പേ
അരികിൽ വാഹനങ്ങൾ 
തെരുവുകൾ കോരിയൊഴിക്കും മുമ്പേ
ചുവരുകളിൽ, ഫ്രൈയിമുകൾ
ശൂന്യത തിരയും മുമ്പേ

ചിത്രങ്ങൾ
ഇന്നലെകൾ ചതുരത്തിലെടുക്കും മുമ്പേ

ഒരു പക്ഷേ,
ഏകാന്തത പോലും
ഉണ്ടാകും മുമ്പേ

തികച്ചും ശൂന്യതകളുടെ ഫ്രൈയിം

മുന്നോട്ട് പോകും മുമ്പേ
ആകാശത്തിന്റെ സ്വകാര്യതാനയം,
അതും
രൂപം കൊള്ളും മുമ്പേ മേഘങ്ങൾ
ടിക്ക് ചെയ്യുവാൻ 
നിർബന്ധിതരാവും മുമ്പേ തന്നെ

പിന്നെപ്പിന്നെ വരുന്നുണ്ട് വീടുകൾ
ഭാഷയ്ക്കിരുവശവും വീടുകൾ
അതിൽ
വീടുകൾക്കകത്തും പുറത്തും
പെരുകും ചുവരുകൾ

മൺധമനികളിൽ
ചിതലുകൾ മണ്ണ് കരുതുമ്പോലെ
കാലം,  വൃത്തത്തിൽ 
ചതുരത്തിൽ 
കവിതകൾ കരുതുന്നു

ചിതലുകൾ, കാലം മണ്ണ്, 
എന്ന് ഭാഷ വേർതിരിയും മുമ്പാണ്

എന്റെ ഭാഷ
ചിതലിനെ പരിശീലിപ്പിക്കുന്നു
കവിത എന്ന് അതിനേ
പേരുചൊല്ലിവിളിയ്ക്കുന്നു

കാലം മണ്ണിനെ 
കവിതകൾ മനസ്സിനെ
വിരലുകൾ നിരത്തി
എഴുത്തിനിരുത്തും മുമ്പാണ്

അരണികൾ കടഞ്ഞ് 
തീയുണ്ടാവുന്നതിന്നും മുമ്പ്
ഒരു പക്ഷേ തിരസ്ക്കാരത്തിനും
കവിതകളുടെ പൊതുവായ
തിരസ്ക്കരണികൾക്കും  മുമ്പ്

കാലത്തിനും
തീയ്ക്കും മുമ്പ് 
ഒരുപക്ഷേ 
അന്നും കാണപ്പെട്ടേക്കാം കാലം
തീയ്ക്കും മുമ്പേ
പഞ്ഞി പോലെ 

തീയണച്ച് തീയതിയാക്കിയതാവണം
കാലം
പഞ്ഞിപോലെ തുടരുവാൻ

തുടർച്ചയുടെ അണയാത്ത തീ
തീയതി കൊണ്ടുനടക്കുന്നു

വിരലുകൾക്കിടയിൽ
കവിതയെന്നു പേരുള്ള അണ്ണാൻകുഞ്ഞ്
നിമിഷത്തിൽ നിന്ന് ദിവസത്തിലേയ്ക്ക്
ദിവസങ്ങളിൽ നിന്നും മാസത്തിലേയ്ക്ക്
അതിൽ നിന്ന് കൊല്ലങ്ങളിലേയ്ക്ക്
ചാടാവുന്ന കൈയ്യകലത്തിൽ
ചില്ലയുടെ രൂപത്തിൽ

പണ്ട് എന്ന കാലത്തിൽ,
ഇന്നലെ കൊത്തിവെയ്ക്കുമ്പോലെ
ചിൽ ഛിൽ എന്ന ഉളി
അതിലേയ്ക്ക് ചിന്തേരിട്ട 
അണ്ണാൻകുഞ്ഞിൻ ചാട്ടം,

പണ്ട് പണ്ട് ഒരു താളം
കാലമൊരു കുടുക്ക
അണ്ണാൻകുഞ്ഞതിൽ
കിട്ടുന്ന ഏകാന്തത ദിവസങ്ങൾക്കൊപ്പം
ഓരോന്നായി ഇട്ടുവെയ്ക്കുന്നു

ഒരു കോട്ടുവാ ഇട്ട്
പിന്നിലേയ്ക്ക് കാലം
പോയിവരുമ്പോലെ
നിലാവ്
ഇന്നലെയുടെ
കുടുക്ക പൊട്ടിയ്ക്കുന്നു
ഒരു കവിതയെടുക്കുന്നു

2

ചാട്ടം ഊറിവരുന്ന ഒരവർഗ്ലാസായി
അണ്ണാൻകുഞ്ഞിനെ 
സങ്കൽപ്പിച്ചുനോക്കി

കാലം ഊറിവരും
നിലാവിന്റെ അവർഗ്ലാസ്സായി
ചന്ദ്രനെ തിരിച്ചുവെയ്ക്കുവാൻ
പുറപ്പെടും സമയം 
അത് ചരിയും കലകളിൽ കവിതയാവുന്നു

ഊറിവരും നിലാവിന്റെ തരികൾ
സമാന്തരമായി ചിതലെടുക്കും
അണ്ണാൻകുഞ്ഞിൻ
ഏകാന്തത

അതിന്റെ കണ്ണുകൾക്ക് താഴെ
വിരലുകൾക്കരികിൽ,
കാലം ഒരു അണ്ണാൻകുഞ്ഞ്

അതിന്റെ ചലനങ്ങളിലേയ്ക്കഴിയും ചാട്ടങ്ങൾക്ക് സമാന്തരമായി
അത് നീട്ടി വളർത്തും അതിന്റെ
ചാരനിറമുള്ള ഏകാന്തത

അണ്ണാൻകുഞ്ഞ്
നിശ്ശബ്ദമായി ആവശ്യപ്പെടും
ഏകാന്തത എന്ന പേര്

ഒരു പൊന്മാനിനെ
ഏകാന്തത അണിയിക്കുന്നു
അത് നീലനിറത്തിൽ മാനം കുറിച്ചെടുക്കുന്നു

ഏകാന്തതയ്ക്ക് ഇരുനിറം
അത് ഇരുനിറത്തിന്റെ നീലയിലേയ്ക്ക്
പറന്നുപോകുന്നു

അഭിസംബോധനകൾ കൊരുത്ത്
മാലകെട്ടുന്നതിനിടയിൽ
തുളസിയില ജീവിതംജീവിച്ചവളെ എന്നാവും
കാലം അവളോട് 

3

കൊയ്ത്തിന് പാകമാകുമ്പോൾ
നെൽപ്പാടം
കതിർക്കുലകളുടെ അനന്തമായ ചായൽ

ഇന്നലെയിലേയ്ക്ക് ചായും
കതിർക്കുലകളുള്ള കാലം

വഴുക്കും വരമ്പിൽ ചുമക്കും
ഗൃഹാതുരത്വത്തിന്റെ കറ്റ
ഓരോ കതിരിലും
പാകമെന്ന വാക്കിൻ ഭാരം

ഒരിടവേളയുടെ ചായൽ,
സമയമാകും ഇടത്തെ
വൃത്തങ്ങൾക്കിടയിലെ ജീവിതം

കവിതയിലേയ്ക്കുള്ള വാക്കിന്റെ ചായൽ
ഓരോ വാക്കിലും പാകമായ ഭ്രാന്ത്

കതിർകുലകളെ ചായുവാൻ
പരിശീലിപ്പിയ്ക്കുന്നു

4

പാകമായ കാത്തിരിപ്പിന്റെ ചായൽ
പാകമാവും മഴ 
നക്ഷത്രങ്ങൾ ചായുമിടം

അതിന്റെ പെയ്ത്തിലേയ്ക്ക്
ഒരു മഴ ചായൽ
തോരുന്നതിന്റെ കറ്റ

ഇന്നലെയിലേയ്ക്ക്
ഒരു കാലത്തിന്റേതാണ് ചായൽ

മിനുക്കം പാകമായ മിന്നാമിനുങ്ങ്
മിനുങ്ങുന്നതിലേയ്ക്ക് അതിന്റെ
പാതിചായൽ

നക്ഷത്രത്തിലേയ്ക്ക് ചാരിയിരിക്കും
പാകമായ ഇരുട്ട്

എല്ലാ മഴകൾക്കും പാകം
വരികൾ തരിശ്ശ്
ഭാഷ ഭാരമാവുന്ന കതിർക്കുല പോലെ
ചിതലുകളിലേയക്ക് ചരിയും
കവിത.

Comments

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം