Skip to main content

മൂന്ന് നിറത്തിൽ സൂര്യന്മാർ

മൂന്ന് നിറത്തിൽ സൂര്യന്മാർ
അതിൽ ഒരു നിറമുള്ള സൂര്യന് മാത്രം
ആകാശം വാതിൽ തുറന്നുകൊടുക്കുന്നു

ഒരു വീജാവരിയാകും പകൽ
പകൽ തുറക്കുമ്പോൾ ഊറിവരും ശബ്ദം
വാഴത്തട നുറുക്കുമ്പോൾ
ഊർന്നുവരും നൂലുപോലെ 
വിരലുകളിൽ ചുറ്റി പ്രഭാതം, ഊരിമാറ്റുന്നു.

നിശബ്ദം നെറ്റിയിലണിയും
കുങ്കുമമാകും ശബ്ദം

നീലനിറമുള്ള വിരലിനെ അരികിൽ വെക്കുന്നു
വിരലുകളിൽ ഒന്നിനെ കുരുവിയാക്കുന്നു
അദൃശ്യതയുടെ ആകാശങ്ങളിലേയ്ക്ക്
പറത്തിവിടുന്നു

അമ്പലവിരലിന്നരികിലെ പള്ളിവിരൽ.
എന്റെ വിരൽ,
അതിന്റെ ദേവാലയം തിരഞ്ഞു പോകുന്നു
ചിത്രപ്പണികളുള്ള അതിന്റെ പരവതാനിയിൽ പതിയേ മുത്തുന്നു
പതിയേ എന്ന വാക്കിനും
അതിലും പതിയേ മുത്തം

വിശ്വാസിയായ പ്രാവിന്റെ കുറുകലിൽ
അരുമയായ മറ്റൊന്നിന്റെ കൊത്തുപണി
വേനലിന്റെ പതാകയുള്ള സൂര്യൻ
മുൻകാലുകളിൽ നിശ്ചലതയുടെ
കൊത്തുപണികളുള്ള കിഴക്കെന്ന കുതിര

അസ്തമയം നീക്കി വെച്ച്‌ പടിഞ്ഞാറഴിക്കുന്നു
ചേക്കേറുന്നതിന്റെ ചിനയുള്ള
മരത്തിന്റെ കുതിരകളെ
അതിന്റെ ചിനപ്പിൽ നിന്നും 
കിളികൾ മാറ്റിക്കെട്ടുന്നു

യുദ്ധത്തിന്റെ മറുകുള്ള സമാധാനം
പകയുള്ള ഒരു വാക്കാവുകയാവണം മരണം

ഒരാൾ ആത്മഹത്യചെയ്യുമ്പോൾ
അത്രയും നഗ്നത ഉൽപ്പാദിപ്പിക്കപ്പെടുന്നു
പിന്നീട് അത് സമൂഹം,
പങ്കിട്ടെടുക്കുന്നു

ഇനി പറയട്ടെ
നഗ്നത ഒരു പിയാനോ
അതിൽ സങ്കൽപ്പത്തിൻ വിരലുകൾ

കൂടുതൽ നഗ്നതയ്ക്ക് വേണ്ടി
വിരലുകളില്ലാത്ത മനുഷ്യർ കടിപിടികൂടുന്ന തെരുവിൽ,
സമാധാനത്തിന്റെ ചതുരംഗങ്ങളിൽ
യുദ്ധത്തിന്റെ കരു,
അതും അത്രയും 
സമാധാനമുള്ളവർ മാത്രം
നീക്കിനീക്കി വെയ്ക്കുന്നു

ആത്മഹത്യ ഞൊറിഞ്ഞുടുത്ത
ഒരുവളുടെ പുറത്തുകാണും
പൊക്കിൽക്കൊടി
അതിന്റെ പേരിൽ നടന്നേക്കാവുന്ന  ഒരു കലാപം,
മറ്റൊരു നാട്ടിൽ യുദ്ധമാകുന്നു

പരാതികൾക്ക് മുകളിൽ കല്ല് പോലെ
മനസ്സാക്ഷി എടുത്തുവെയ്ക്കും
സമൂഹം
യുദ്ധമില്ലാത്ത രാത്രികൾ വകഞ്ഞ്
അവർ യുദ്ധമില്ലാത്തവർ,
യുദ്ധമില്ലാത്തിടത്തേയ്ക്ക്
ഉറങ്ങുവാൻ പോകുന്നു
ഉറക്കത്തിന്റെ പലായനം

ഉറക്കത്തിന്റെ കല്ല്
അതിൽ ജീവിച്ചിരിക്കുന്നവരുടെ
കൊത്തുപണികൾ
ഉണരുമ്പോൾ ഓരോരുത്തർക്കും
അരികിൽ
അവരവരുടെ പ്രതിമകൾ
ഇനി എവിടെയാവും അവരുടെ സ്വപ്നങ്ങൾ

അതിൽ ജീവിതം നിരന്തരം 
നീക്കിവെയ്പ്പുകളുടെ
കൊത്തുപണികളെടുക്കുന്നു
നടത്തത്തിൽ കാൽപ്പാടുകൾ ചെയ്യുന്ന
പോലെ തന്നെ

മരിച്ചവർക്കുള്ള പ്രതിമകൾ
പൂർത്തിയാകാതെ നിർത്തും
പ്രതിമകളുടെ നഗരം.

മനുഷ്യർക്കരികിൽ
അവരുടെ മറവികളുടെ പ്രതിമകൾ
അതിൽ കൈമോശം വന്ന
അവരുടെ സ്വപ്നങ്ങളുടെ കൊത്തുപണികൾ

കടന്നുവരും ബസ്സിൽ
യുദ്ധമുള്ളിടത്ത് നിർത്തുവാൻ
ആവശ്യപ്പെട്ട് 
ഇറങ്ങി 
യുദ്ധത്തിലേയ്ക്ക് നടന്നുപോകും മനുഷ്യരെ,
അവരുടെ പിറകുവശം 
ഒരു പക്ഷേ ഇപ്പോൾ നിങ്ങൾക്കു 
കാണുവാനായേക്കും

പിറകുവശം മാത്രമുള്ളവർ
എപ്പോഴും യുദ്ധത്തിലേക്ക് നടക്കുന്നു

മറുക് ഒരു കുതിരയാണെന്ന്
ഉടൽ അതിന്റെ മുകളിൽ കയറി സഞ്ചരിക്കുന്നുവെന്ന്
കാതിൽ കടിയുടെ പാടുള്ള ഒരുവൾ.

അടക്കിപ്പിടിച്ച സ്വരത്തിൽ
അവളുടെ സ്വരത്തിന്റെ കുതിര 
അതിന്റെ കുഞ്ചിരോമങ്ങൾക്ക് അവൾ വെള്ളമൊഴിക്കുന്നു
പാട് കൊടുത്തു വളർത്തും കുതിരയാവും ഉടൽ

യുദ്ധത്തിന്റെ കുതിര
യുദ്ധത്തിന് പോകുന്നു
മുകളിൽ ആളില്ലാത്ത കുതിര
രതിയിലേയ്ക്ക് തിരിയുന്നു

പിറകുവശത്തിന്റെ മറുകുള്ള കുതിരകൾ

തൂവലുകൾക്കക്കരെ
ചെയ്യാനുള്ള രതികൾക്ക്
വെള്ളമൊഴിക്കും കിളികൾ

അവൾ പൂക്കളുടെ പ്രതിമകളുള്ള
വസന്തത്തിന്റെ നഗരം
ഉന്മാദികളായ സന്ദർശകരുള്ള
ഭ്രാന്തിന്റെ മ്യൂസിയം
അസ്തമയത്തിന്റെ മ്യൂസിയമാകും സൂര്യൻ

ഇനിയും മടങ്ങിയെത്തിയിട്ടില്ല
യുദ്ധത്തിന് പോയ 
കുളമ്പടിയൊച്ചയുടെ മറുകുള്ള കുതിരകൾ
ജീനിവള്ളികൾക്കരികിൽ
അതിന്റെ രതിയുടെ 
മറന്നുവെച്ച ചിനപ്പുകൾ

അവന്റെ പ്രതിമക്കരികിൽ
യുദ്ധത്തിന്റെ മറുകുള്ള സൈനികൻ
അവൻ അവന്റെ പ്രതിമയെ നിശ്ചലതയിലിലും 
അനുസരിക്കുക മാത്രം ചെയ്യുന്നു
അവന് മുകളിൽ അപ്പോഴും 
ക്രൂരതയുടെ മറുകുള്ള ഭരണാധികാരി

സമാധാനത്തിന് വെള്ളമൊഴിക്കുന്നുണ്ട്
ഇപ്പോൾ രതി,
ചെയ്തുകഴിഞ്ഞ കിളികൾ

ഗ്രാമമാണ്
ഇനിയും എത്തിയിട്ടില്ല
യുദ്ധത്തിന്റെ മണം

പരമ്പിൽ
അവളുടെ കൊലുസിട്ടകാലുകൾ
ചിക്കി ഉണക്കാനിട്ട 
കുരുമുളക് മണം

രതി കഴിഞ്ഞ കാലിലെ
കൊലുസ്സിന്റെ ശബ്ദം 
അവൾ വാരിക്കെട്ടിവെക്കുന്നു
കൊലുസുകൾ കഴിഞ്ഞാൽ
വാരിക്കെട്ടിവെച്ച 
കുരുമുളകിന്റെ മണം
ഇപ്പോൾ അവളുടെ കാലുകൾക്ക്

കിളികൾക്ക് കിളികളുടെ ബുഫെ
അത് അവർ ചിലയ്ക്കുന്നതിലെടുക്കുന്നു
യുദ്ധത്തിന്റെ ബുഫെയാണ് സൈനികർക്ക്
അത് അവർ ജീവിച്ചിരിക്കുന്നതിലെടുക്കുന്നു

അരികിൽ പുസ്തകമുള്ളവളുടെ
കണ്ണുകളിലെ സ്വപ്നം
അതിലുണ്ട് സമാധാനം
അതിന് ജീവിതത്തിന്റെ പുറഞ്ചട്ടയും

മറ്റൊരു നാട്ടിലെ അസ്തമയം.
ഉദയത്തിന് അതിൽ പങ്കില്ല
സൂര്യനും
കഴിഞ്ഞിരിക്കുന്നു ശിശിരം
വിരലിൽ ഭ്രമണത്തിന്റെ നൂല്

വസന്തത്തിന്റെ ബുഫേ
പൂക്കൾ വിളമ്പുന്നു വസന്തത്തിന്
അസ്തമയത്തിന്റെ ബുഫേ സൂര്യനും

ഒരു കൊത്ത് മല്ലിയില
അതിൽ ആറുമണി മണത്തിന്റേതാണ് കൊത്തുപണി

സൂര്യനൊരു ടാക്സിയാകുന്നു
അതിൽ ചെയ്തുകഴിഞ്ഞ രതികൾ വന്നിറങ്ങുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...