Skip to main content

നാല് തുള്ളി ജനൽ ഒരു വീടാവും വിധം

വീടിന്റെ മാവ് കുഴച്ച്
ജനലുകൾ അപ്പം ചുടുന്നു

ജനലുകൾ മേഘങ്ങളല്ല
എന്നിട്ടും അവ 
മറ്റു വീടുകളുടെ മുറ്റങ്ങളിൽ
പതിയേ എന്ന നീക്കങ്ങളുമായി
പെയ്യുവാൻ പോകുന്നു

നോക്കിനിൽക്കുന്നു എന്ന വാക്ക് 
ചെടികളിൽ
പൂക്കളായി വിരിയുന്നത് വരെ

വിരിഞ്ഞുകഴിഞ്ഞാൽ
തിരികെ 
വിരിഞ്ഞതിന്റെ ക്ഷീണവുമായി
പൂക്കൾ
കൊഴിഞ്ഞുവീഴുവാൻ 
വരുന്ന ഇടം

ഒരു പക്ഷേ ചെടികളിൽ നിന്ന്

അതിഥിനിഘണ്ടുവിലെ 
ഇനിയും കൊഴിയാത്ത ഒരു വാക്ക്
മുറ്റം കഴിഞ്ഞ്
വീടാവുന്നു

വരണ്ട
മേൽക്കൂരപുരണ്ട 
മേഘങ്ങളേയും കൂട്ടി
വീടിന്റെ വാരിക്കീഴിലേയ്ക്ക് 
തോരുവാൻ വരും മഴ

വരണ്ടവാക്കുകളുടെ മേൽക്കൂര
ചുവരിന് മുകളിൽ

നിലത്ത് ചരലിൽ 
കുഴികൾ കുത്തി
മഴത്തുള്ളികൾ വാരിക്കെട്ടിവെച്ച
ചുവരോട് ചേർന്ന വാരിക്കീഴ്

ജനലുകൾ ചുവരുമായി 
നിരനിരയായി കലരുന്നിടത്ത്
വൃത്തത്തിൽ വീടിന്റെ കടവ്

നിലത്ത്
അകലങ്ങളിലേയ്ക്ക് 
അലഞ്ഞലഞ്ഞ് പോകും 
വെള്ളത്തിൽ
ഓരോ തുള്ളിയും ഇറ്റി
ഓളങ്ങളുണ്ടാക്കുന്നു

അകന്നകന്നുപോകും 
കിളികളുടെ തോണി

നാലുതുള്ളി ജനൽ ഒരു വീടാവുന്ന ഇടം
അതിലൊരു തുള്ളി 
എടുത്തുവെയ്ക്കും മഴ 
അത് വീടിന്റെ ഏകാന്തതയെ 
മെല്ലെ എന്ന വാക്ക് കലക്കിത്തൊടുന്നു

വാതിലാവുന്നുണ്ടാവണം
ഇടയ്ക്ക് വന്നുപോകുന്ന ചാറ്റലുകൾ

ഇരുട്ട് മാറ്റിവെച്ച്
രാത്രിയഴിച്ചിട്ട് 
വീടിന്റെ സ്വകാര്യതയിൽ 
കുളിയ്ക്കുവാനിറങ്ങും നിലാവ്

കുളിച്ചുകയറുമ്പോൾ
താഴെ 
കലകളിലേയ്ക്ക് മാറ്റപ്പെടും ഓളങ്ങൾ
മുകളിൽ 
മാറ്റച്ചന്ദ്രനെ ആവശ്യപ്പെടും നിലാവ്

പിറ നിഷേധിയ്ക്കപ്പെട്ട ചന്ദ്രനെ
ഒളിച്ചൊളിച്ച് അണിയുകയാവണം വീട്

പകൽ 
വീടിന്റെ അമ്മയാവും ജനാലകൾ

വീട് കുഞ്ഞാവുന്ന ഇടങ്ങളിൽ
അത് വീടിനെ പരിചരിയ്ക്കുന്നു
അത് വീടിനെ വാരിയണയ്ക്കുന്നു
പുറം കാഴ്ച്ചകൾ കാണിച്ച് മാമൂട്ടുന്നു

മീനമാസവേനൽ 
സൂര്യന്റെ അടി കാണും 
ഇടവമാസക്കിണർ

ഇടയ്ക്ക്
വെള്ളം കുറഞ്ഞുതുടങ്ങിയ കിണറിനെപ്പോലെ
തൊടിയിൽ തല വെച്ച്
ആഴമഞ്ഞയോടുള്ള വീടിന്റെ 
മേടമാസക്കലഹങ്ങൾ

മറുവശം തണലുള്ള 
ജാലകയില
കിണറിന്നരികിലെ അകലക്കല്ല്

ഒരു ജനലുണ്ടാവുന്നതിന്റെ
ആശ്വാസത്തിലേയ്ക്ക് വീട് തല ചായ്ക്കുമ്പോലെ
മഴയെ വിളിച്ചു കൊണ്ട് വന്ന് മുറ്റത്ത്
പെയ്യിക്കുന്ന
കർക്കിടകജാലകങ്ങൾ

വയസ്സാകുമ്പോൾ
വയ്യാ എന്ന ചതുരത്തിൽ വീട്
അരികിലിരുന്ന് പരിചരിയ്ക്കും വിധം
അഴികളുള്ള നഴ്സാവും ജനാലകൾ

ഇന്നലെകൾ 
അതിലെ രണ്ട് പാളികൾ
എപ്പോഴോ പാതി വന്നടഞ്ഞത്

മാസങ്ങളില്ലാത്ത കലണ്ടറിലെ
രണ്ടാന്തിപ്പുഴ
നാലുമണിമുറ്റം

ഗൃഹാതുരത്വത്തിന്റെ 
മണമുള്ള പൂക്കൾ പിടിയ്ക്കും 
ഒരു ചെടിയാവും വീട്

ഏകാന്തതയെ ഇറുത്ത് 
പൂക്കളായി
അപ്പോഴും വീടിന്നടുത്ത്
മുറ്റത്ത് വെയ്ക്കുകയാവണം
ജാലകങ്ങൾ.

Comments

  1. മാഷെ കൊള്ളാലോ എഴുത്ത് !! വാക്കുകൾക്ക് വല്ലാത്തൊരു മാന്ത്രികത ..rr

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...