Skip to main content

സ്വരം സൂര്യൻ വിതയ്ക്കും വിധം കവിത

രണ്ട് നിശ്വാസങ്ങൾ ചേർത്തടയ്ക്കുന്നു
വാതിലിന്റെ രൂപത്തിൽ കാറ്റു തുറക്കുന്നു

കേട്ടിട്ടുണ്ടോ
പൂവിൽ വന്ന് 
കാറ്റിൽ വന്ന് 
മൊട്ട് തട്ടുന്ന സ്വരം

വിരിയുന്ന ഒന്ന് നുണഞ്ഞു കിടക്കുന്ന
മുലപ്പൂപാൽ മണം.
മൊട്ടിൽ,
പാലൂട്ടുന്ന അമ്മ അനുഭവിയ്ക്കും
നിർവൃതി

കാറ്റ് ചുമക്കും
വിരിയുന്നത് എഴുതിപ്പഠിയ്ക്കും
പൂക്കളുടെ നാല് വര

അതിൽ
നിലാവിൽ തൊടും
നാലാമത്തെ വര
അതിൽ കുഞ്ഞു കിടക്കുന്നു

2

തുടക്കമൊന്നും ഇല്ലാത്ത
കവിതയെഴുതണമെന്ന് വിചാരിക്കുകയായിരുന്നു

തിടുക്കവും ഉണ്ടായില്ല തീരെ
തുടക്കത്തിന്റെ കടലിലെ 
ഒരു തിര വന്ന് വരിയായി

ഋതുക്കളുടെ പകർത്തിയെഴുത്തു പുസ്തകത്തിൽ ഒന്ന്
വസന്തമാവും വിധം
മാറോട് ചേർത്ത് പൊതിയിടുന്ന
മറ്റൊന്ന്
പൂവായി

ഭ്രമണമണിഞ്ഞവളെ
എന്നൊരു വിളി ഭൂമി കാതിൽ,
കൊളുത്തിവെയ്ക്കുമെങ്കിൽ
അമ്മ മണം പൂക്കൾക്ക്

മൂന്നരമണിക്കനൽ

ഉലയുന്നതിന്റെ നാളം
അടിച്ചുനനയ്ക്കും
ഉണരുന്നതിന്റെ കല്ല്

മറിയുന്ന മണത്തിന്റെ താളുകൾ 
മണത്തിന്റെ പേജ്നമ്പർ പതിയേ
ഒരു പൂവാകുന്നു

പൂക്കുന്നതിൽ വാക്കുകൾ വാക
തിരുകിക്കയറ്റുന്നത് പോലെ
നിറങ്ങളിൽ തിരുകിക്കയറ്റി
 ചോപ്പ്

കവിത സൂര്യന്റെ 
ഉന്തുവണ്ടി ഉന്തുന്നത് പോലെ
ഓരോ പൂക്കളേയും ഉന്തുന്നു

ഉന്തുന്നതിനിടയിൽ
കാലിലെ ഓരോ വിരലുകളേയും
കൊന്തിത്തൊട്ട് കളിയ്ക്കും
പൂക്കൾ

3

ഋതുക്കളേയും ഉന്തുന്നു കാലുകൾ

വിരൽനീട്ടി 
വിരലിന്റെ അറ്റത്തെ കുഞ്ഞ് തൊടുന്നതെല്ലാം അമ്മയാവുന്നു

തൊട്ടുനോക്കിയിട്ടുണ്ടോ
താരാട്ടിലൊഴിച്ചു വെയ്ക്കും
കുഞ്ഞിന്റെ ഉറക്കം

ആടുന്നത് കെടുത്തി
തൊട്ടിൽ എന്ന് കൊളുത്തി
വിരലിന്റെ അറ്റത്തെ
ഊറുന്ന ഊഞ്ഞാൽ എന്ന് പൂക്കൾ

അരക്കെട്ട് വിരിഞ്ഞ്
മുട്ടിലിഴയുന്നതിന്റെ 
ഒരു കുഞ്ഞ്
അതിന്റെ മൂളിപ്പാട്ടുകൾ വീണുകിടക്കും
ഇടം

വായിച്ചുകൊണ്ടിരുന്ന 
പുസ്തകത്തിന്റെ താള് 
കാറ്റിൽ മറിയുന്നത് പോലെ
കാറ്റ് കൊണ്ട് വിരലുണ്ടാക്കി
ഉടലിൽ വെയ്ക്കുന്നു 
അത് കവിതയിൽ തൊടുന്നു

4

മറിയുന്നതിൽ നിന്ന് 
ഉടലിന്നെ 
കാറ്റിന്റെ രൂപത്തിൽ 
വിലക്കുന്ന ഒന്ന് ശ്വാസമാവുന്നതാവണം

തുറന്നിരിയ്ക്കുവാൻ ജാലകപ്പാളിയിൽ
നീളത്തിൽ കുത്തിവെയ്ക്കുന്ന
കൊളുത്തിനേപ്പോലെ 
അമ്മ ഒരു ജന്നൽ
കുഞ്ഞ് ഒരു കൊളുത്ത്
അത് മാതൃത്വത്തിലേക്ക് തുറക്കുന്നു

അണയാതിരിക്കുവാൻ
എരിയുന്നതിന്റെ അറ്റത്ത് കൊളുത്തിവെയ്ക്കുന്ന ഒന്ന്
തീ നാളമാകുന്നത് പോലെ തന്നെ
എരിഞ്ഞ്
ഒറ്റപ്പെട്ട്

തേൻ പുരണ്ട തീ
തേനീച്ചക്കൂട്ടിലെ
കത്തുന്ന വെയിൽ സൂര്യൻ

മാറിമാറിപ്പറക്കുന്ന
തേനീച്ചയും സൂര്യനും

5

ചുമന്നുകൊണ്ടിടലാണ്
അണയാതിരിയ്ക്കലാണ്

വട്ടത്തിനകത്ത് നിന്ന് 
പൊള്ളിവരും കുമിളകൾ പൊട്ടാതെ
വട്ടത്തിനകത്ത് പിടിച്ചുകൊടുക്കും
പപ്പടം പോലെ
പൊട്ടാതെ പിടിച്ചുകൊടുക്കലാണ്
തലയിൽ

അതിനിടയിൽ
കുമിളകൾ മറികടക്കുന്നുണ്ട്
തിളച്ചയെണ്ണകൾ

കണ്ടില്ലെന്ന് നടിയ്ക്കും
പപ്പടം കുത്തിയുടെ അറ്റത്തെ 
മാനംമര്യാദകൾ

തിരയുടെ തലയിൽ
ആരോ പിടിച്ചുകൊടുക്കും 
കടൽ
അത് ചുമന്ന് അക്കരെ കൊണ്ടിടുന്നിടം
എന്ന് ചുരുക്കാമെങ്കിൽ
കാഴ്ച്ച തിരിച്ചുവിടുന്നു 
നോവിൽ നിന്നും 

ജമന്തിയൊരു 
പള്ളിക്കൂടമായിരുന്നുവെങ്കിൽ 
സ്കൂൾ വിട്ട്,
ആദ്യം ഓടിവരും നിറം

പൂക്കുമ്പോൾ
എനിയ്ക്ക്
മുമ്പേ നടക്കുന്നു വാക്ക്
പിന്നിൽ ഞാൻ

6

പുഴ അതിന്റെ ഒഴുക്കുഘടികാരത്തെ
കടൽ അതിന്റെ ജലത്തെ

സമയം കൊണ്ട് തൊടുംവിധം

കടലാസിലെ
ഉടഞ്ഞ കുടം 
അടുക്കുന്നതിനടുത്ത് 
ചിതറിയ ശബ്ദത്തെ

ചിതറുന്ന അക്കങ്ങളിൽ സമയം
അടുക്കുന്ന ശബ്ദം

തുള്ളികൾ വന്ന്
തള്ളിത്തുറക്കും
മഴ കൊണ്ടുണ്ടാക്കിയ വാതിൽ

ധൂളി നുണയും
കുഞ്ഞുമഴ

തൊടുന്നത് അടുക്കാമെങ്കിൽ
കാലത്തിനെ തീ,
അതിന്റെ വെളിച്ചം കൊണ്ട് തൊടുന്നു
എനിയ്ക്ക് പൊള്ളുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...