Skip to main content

കളഞ്ഞുപോയതിന്റെ കൊത്തുപണി

ചിപ്പിയിലേത് പോലെ
കക്കയിലേത് പോലെ
കടലിന്റെ കര വലിച്ചിഴച്ചുകൊണ്ടുവരുന്നു
അവിടെ കിടക്കുന്നു
ഒരു പക്ഷേ കടലിനോടൊപ്പം

അടപ്പ് പോലെ
കക്ക പോലെ, ചിപ്പി പോലെ
കാല് കൊണ്ട് 
തട്ടിത്തെറിപ്പിക്കാവുന്ന വിധം
ഭൂമിയ്ക്ക് കളഞ്ഞുകിട്ടിയതാവണം
ഭ്രമണം

സോഡാക്കുപ്പിയുടെ അടപ്പ്പോലെ
അതിന് ചുറ്റും കുത്തിയിരുന്ന് 
അരികുവത്ക്കരണത്തിന്റെ
കൊത്തുപണികൾ ചെയ്യുന്നു ഭൂമി
ഒരു പക്ഷേ സമയം കൊടുത്ത്.

ആകാശം കളഞ്ഞുപോയാൽ പക്ഷി
ഏകാന്തത കളഞ്ഞുപോയാൽ മനുഷ്യൻ
ഭ്രമണം കളഞ്ഞുപോയാൽ ഭൂമി
പ്രണയം കളഞ്ഞുപോയാൽ മാത്രം
നീ ചെയ്യുന്നതെന്തും 
ഒരു പക്ഷേ
മരണം കളഞ്ഞുപോയ ഞാനാകും വിധം.

ഭ്രമണം ഒരു ജ്യൂസാവുകയും
പ്രണയം ഭൂമിയുടെ സ്ട്രോയാവുകയും ചെയ്താൽ
ജീവിതം വലിച്ചുകുടിച്ചേക്കാവുന്നതെന്തും

ആകാശത്തിന്റെ ജ്യൂസ് പക്ഷി

തണുപ്പിച്ച ഏകാന്തതയ്ക്ക്
മുമ്പിലിരിയ്ക്കുന്നു
ഏകാന്തത ജ്യൂസല്ല 
ഏകാന്തതയുടെ ജ്യൂസാവുന്നില്ല മനുഷ്യനും

ഒഴിഞ്ഞകാൻ പോലെയോ
സോഡാക്കുപ്പിയുടെ അടപ്പ് പോലെയോ
കളഞ്ഞുപോകുന്നതിന്റെ ആകസ്മികത
എടുത്തുവെയ്ക്കുന്ന,
നിലത്തുകിടക്കുന്ന ഓരോ വസ്തുവും
ചവിട്ടിത്തെറിപ്പിയ്ക്കാവുന്ന വിധം
കൊണ്ടുനടക്കുന്ന
ഒരു നിസ്സഹായതയുണ്ട്

കളഞ്ഞു എന്നതിന്റെ തൂവലുള്ള പക്ഷി
ചവിട്ടിത്തെറിപ്പിയ്ക്കാവുന്ന
ആകസ്മികയതയാണ് ആകാശമെങ്കിൽ
പലവട്ടം
ചവിട്ടിത്തെറിപ്പിട്ടുണ്ടാവണം
ഏകാന്തത

കാണാം
മേഘത്തിന്റെ ഭാരമില്ലായ്മയോടൊപ്പം
മേഘത്തിന് ചുറ്റും
നീലനിറത്തിൽ ഇറങ്ങി
ചുറ്റളവിന്റെ കൊത്തുപണി ചെയ്യും
 ആകാശം
നിലാവിന് ചുറ്റും ചന്ദ്രൻ

പറക്കുന്നതിനിടയിൽ
പറക്കുന്നതിൽ നിന്നിറങ്ങി
നീലനിറത്തിന്റെ കൊത്തുപണി ചെയ്ത്
പറക്കലിൽ തിരിച്ചുകയറും പൊന്മാൻ 

പറക്കുന്നില്ല
പൊന്മാനാവുന്നില്ല
കളഞ്ഞുപോയതിന്റെ കൊത്തുപണിയാവണം

ഏകാന്തതയ്ക്ക് ചുറ്റും 
കൊത്തുപണി ചെയ്ത്
തിരിച്ചുകയറുവാൻ മറന്നുപോയവനാകുന്നു.

Comments

  1. പഴച്ചാറുപോലെ വലിച്ചു കുടിക്കാൻ പറ്റുന്ന വരികൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!