Skip to main content

ആരുടെ ബുക്ക് ഷെൽഫാണീ ചന്ദ്രക്കല

ഭംഗി ഒരു കലയിലെടുത്ത്
മാനത്ത് വെയ്ക്കും ചന്ദ്രൻ
മാനം ചുറ്റും കൂടി നിൽക്കുന്ന സ്വരമാവുന്നു

വൈകിവരും ചന്ദ്രൻ
ഒരു തവിമാനം കോരിവെയ്ക്കും
ശബ്ദം

എത്ര നക്ഷത്രങ്ങൾ എടുത്തുവെച്ചാലും
താണുതന്നെയിരിയ്ക്കും
ചന്ദ്രനിരിയ്ക്കും തട്ട്
ഇരുട്ടാവുന്നതാവണം പതിയേ

അർദ്ധനഗ്നത കൊണ്ട്
അരക്കെട്ടിന് മുകളിലേയ്ക്ക്
നിർമ്മിച്ച മീൻ
അതിന്റെ കുളിക്കടവാക്കിയിരിയ്ക്കുന്നു
ആരും അവകാശപ്പെടാനില്ലാത്ത 
എന്റെ ഉടൽ

നിന്റെ ഉടൽ
അതിന്റെ വന്യത
എന്റെ വളർത്തുമീനുള്ള ക്ഷണക്കത്ത്
അത് മറന്നുവെച്ചിടത്ത്
ഓഡിറ്റോറിയം എന്ന് പേരുള്ള നക്ഷത്രം

മുഖത്തോട് മുഖം നോക്കി
കല്യാണം കഴിക്കുവാൻ മറന്ന
രണ്ടുപേരിരിയ്ക്കുന്നു

മാനത്ത് മേളത്തിന്റെ മുല്ലപ്പൂക്കൾ
വിരലറ്റങ്ങളിൽ ഇറ്റുവീഴും തകിൽ
പൂവിടും നാദസ്വരം
ചന്ദ്രൻ മറവിയുടെ ക്ഷണക്കത്ത്

2

ഉടൽ നദിയുമായി കലർത്തുന്നു
ഒഴുക്കിന്റെ ചമയങ്ങളിടുന്നു
ബുക്ക് ഷെൽഫിൽ 
മീനുകൾ ജലജീവികൾ
പായലുകൾ

ഏതോ ഒരു ജീവിയുടെ ഓർമ്മയിൽ
ശലഭങ്ങളുടെ നദീതടസംസ്കാരത്തിൽ
നദിയുടെ വേഷം ചെയ്യാം 
എന്നേറ്റ
നാടകനടനായിരുന്നു

താളുകൾക്കിടയിൽ
വിരലുകൾക്കൊപ്പം
കുരുങ്ങിക്കിടക്കും ഓർമ്മ
എന്നോ വായിച്ചുനിർത്തിയതിൻ അടയാളം

മീനുകൾക്കുള്ള ക്ഷണക്കത്ത്
അരക്കെട്ടിന്റെ ഒന്നാം ചാരം
മാനത്തിനുള്ള ക്ഷണക്കത്ത്
അരക്കെട്ടിന്റെ രണ്ടാം ചാരം

അന്നന്നത്തെ വ്യവസ്ഥിതികളോട്
കലഹിയ്ക്കും തീ
അതിന്റെ എരിച്ചിൽ 
അന്നന്നത്തെ അതിന്റെ ആന്തൽ
അതിന്റെ ആളൽ
കത്തുന്നതിന്റെ മൂളൽ
അണയുന്നതിന്റെ കൊത്തുപണി
കത്തുന്നതിന്റെ ആവർത്തനങ്ങൾ
കെടുന്നതിന്റെ വിരസത

ചന്ദ്രൻ ഒരീണത്തിന്റെ ക്ഷണക്കത്ത്
കല അതിന്റെ ലിപി
തീയതി തരിശിട്ടത്
ജനാല ഒരു കടൽപ്പുറം
അതിന്നപ്പുറം അസ്തമയം
ഇവിടെ സൂര്യൻ,
അന്നന്നുള്ള ക്ഷണക്കത്തുകൾ 
തീ പിടിയ്ക്കും ഇടം

ആരുടെ ബുക്ക്ഷെൽഫാണീ ചന്ദ്രക്കല?

Comments

  1. പുഴയും മീനും ചന്ദ്രനും സൂര്യനുമെല്ലാം ബിംബങ്ങളായി മാറിമാറിവരുന്ന വരികൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!