Skip to main content

ഭയത്തിന്റെ ഷോക്കേയ്സ്

രാത്രികൾ ആടുകളാവുകയും
മേയുവാനവ
ഇരുട്ടിന്റെ പുൽമേടുകളിലേയ്ക്ക്
ഇറങ്ങുകയും ചെയ്യുമ്പോൾ
മറ്റൊരാളായിരുന്നു 
ഞാൻ

അപ്പോൾ,
ഞാനറിയാതെ
സംശയത്തിന്റെ രോമം വളർത്തി
ചെമ്മരിയാടുകളെ
അനുകരിയ്ക്കുക മാത്രം ചെയ്തു
ഇറങ്ങിയോ എന്ന വാക്ക് 

ബുദ്ധനെ നീട്ടിയിട്ടിരുന്നു
ഒരു വശത്തെ കാത്
കേൾക്കാൻ മാത്രം ഉപയോഗിച്ചു അത്

മറുവശത്ത്
അറ്റം കുത്തിക്കെടുത്തിയ പാട്ട്
പാതികേട്ട്
തിരുകി വെറുതേ വെച്ചിരുന്നു 
തെമ്മാടിക്കാത്

അപ്പോഴൊക്കെ
ഞാനില്ലാത്ത പോലെ
നിലാവ് വിരിച്ചു 
ആസനങ്ങൾ ചെയ്തു 
എന്റേതല്ലാത്ത കാതുകൾ

ശവമടക്ക് കഴിഞ്ഞ
കവിതയുടെ കുഴിമാടത്തിനരികിൽ
മടുപ്പ് എന്ന് പേരുള്ള
വാക്കിന്റെ വളർത്തുനായ.

പേരില്ലാത്തപ്പോൾ
ഞാനായിരുന്നു നായ
അപ്പോൾ വാലാട്ടി
എന്റെ അടുത്തുകിടന്നു
വാക്ക്

നായ എടുത്തിട്ടിരുന്നു എന്റെ  പേര്

അപ്പോഴെല്ലാം
ഞാനെടുത്തിടുമായിരുന്നു
നായ ഉപയോഗിക്കാത്ത
വാക്കിന്റെ ശവക്കുഴികൾ

മണൽത്തരികളിൽ
നിലാവിന്റെ കാലടികൾ
മൺതരികൾ ഞെരിഞ്ഞമരുന്ന സ്വരം
ലാവല

നിലാവല്ലാത്തതിനെയൊക്കെ 
സംശയിച്ചുതുടങ്ങിയിരുന്നു
പഴക്കം കൊണ്ട് 
ചന്ദ്രനല്ലാതെയായ ചന്ദ്രൻ

ഞാനിപ്പോൾ മറ്റൊരു വീടിന്റെ
സ്വീകരണ മുറി
അതിൽ ചുവർ നഷ്ടപ്പെട്ട ചിലന്തി,
ഒരു ചിത്രം

ഇറങ്ങിപ്പോയ അതിഥികളിടെ 
പിറകുവശം 
ചില്ലിട്ടുവെച്ചിരിയ്ക്കുന്ന ചിത്രം
വാതിൽ

നിശ്ചലത 
ചിലന്തി ഒപ്പിടുന്ന മഷി
നിശ്ശബ്ദത അവിടെ 
മരണം കൊണ്ടിടാവുന്ന ഒപ്പ്

എനിക്കിപ്പോൾ 
കട്ടൻചായ നിറമുള്ള ഉറക്കം

രക്തം എരിതീയിൽ ഒഴിക്കാവുന്ന എണ്ണ

എനിയ്ക്കു മുന്നിൽ
പൂർണ്ണമായി അനുവദിയ്ക്കപ്പെട്ട
മരണം

വാക്കിന് പുറത്ത്
ഞാൻ 
പാതി കുഴിച്ചിട്ടശവം
കവിത എന്റെ ശവത്തിന്റെ പാതി
അതിന് ജീവിതം
പാതി നിഷേധിയ്ക്കപ്പെട്ട
ശവക്കുഴി

പൂർണ്ണമായും
ശവക്കുഴിയില്ലാത്തതിനാൽ
ഇവിടെ തടഞ്ഞുവെയ്ക്കപ്പെട്ടിരിയ്ക്കുന്നു
പലരുടേയും മരണം

ഞാനിപ്പോൾ ശവത്തിനും
മരണത്തിനും ഇടയിൽ
രണ്ടായി കീറിയ ഒന്ന്

സ്വന്തമായി മരണമില്ലാത്തപ്പോൾ
മറ്റാരുടേയോ ശവം

ആരുടേയെക്കെയോ സ്വീകരണമുറിയിൽ
മറ്റൊരാളുടെ ഭയത്തിന്റെ
ഷോകേസ്.

Comments

  1. മനുഷ്യാ, വാക്കുകളുടെ മെയ്‌സിൽ -കുശാഗ്രബുദ്ധിയുള്ള ,അഹങ്കാരിയായ,മസ്തിഷ്ക ഭോജിയായ കവിത അതിനെ തേടിയെത്തിയവരെ വെറുതെ വിട്ടു കയ്യടി നക്കി തണലിൽ കിടക്കുന്നു .കണ്ണുകൾ പാതിയടച്ചു കനവുകൾ വായിച്ചു നുണയുന്നു

    വായിച്ചു തീർന്ന് ,ആന്തലോടെ ,ഉണർത്താതെ മുന്നിലൊരു പിൻവഴി കാണാതെ വേവലാതിയിൽ അലയുമ്പോൾ നിങ്ങളുടെ കവിത കഴുതപ്പുലിക്കുണ്ടായ സിംഹമായി വന്നു ജീവനോടെ എന്നെ തിന്നു തുടങ്ങുന്നു.

    ഒരു രക്ഷയുമില്ല ട്ടാ ...പൊന്നു ചേട്ടാ തകർത്തു കളഞ്ഞു --സച്ചി മാഷുടെ രൂപകങ്ങളിലൊക്കെ ഇന്ഗ്ലിഷ് സാഹിത്യത്തിൻറെ ഒരു മഞ്ഞൾ നിറം കാണാം ...പക്ഷെ ചേട്ടാ ഇത് .തനി തങ്കം
    സലാം മാഷേ ,കൊടൂര സലാം

    ReplyDelete
  2. സ്വന്തമായി മരണമില്ലാത്തപ്പോൾ
    മറ്റാരുടേയോ ശവം

    ആരുടേയെക്കെയോ സ്വീകരണമുറിയിൽ
    മറ്റൊരാളുടെ ഭയത്തിന്റെ
    ഷോകേസ്.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...