Skip to main content

ഭ്രാന്തിന്റെ ശിൽപ്പം

ഭ്രാന്തെടുക്കുന്നതിൽ
നിന്നും
ഇന്നലെവരെ എന്നെ
ഒരു പരിധിവരെ
തടഞ്ഞിരുന്ന
ഒരാളുണ്ടായിരുന്നു.

അയാളിന്നലെ
മരണം കൃത്യമായി,
അളന്നെടുത്തത് പോലെ
കൂടിയ അളവിൽ
കൊല്ലപ്പെട്ടിരിയ്ക്കുന്നു

അതും ഇരുചെവിയറിയാതെ

അയാളുടെ ശവത്തിന് വരെ
ഇപ്പോൾ ഭ്രാന്ത്

കഴിഞ്ഞ ജന്മത്തിലെ
ഭാഷയായിരുന്നു

കൊല്ലപ്പെടുന്നത് വരെ
ഒരു കവിതയും

ഉടയുക എന്ന തെരുവ്
സ്വയം വെയിൽ കെടുത്തി,
മടങ്ങുന്ന സൂര്യൻ
മടങ്ങുന്ന തൊട്ടാവാടി ഇലകൾ
കടന്നുപോകുന്ന തീവണ്ടികളുടെ ജാലകങ്ങളാവുന്നു

മഴയുടെ മുറ്റത്ത്
അയാളുടെ എഴുത്തുകളുടെ
കൈകുഞ്ഞ്

നോവുകളിൽ
വീടിന്റെ
അഴിഞ്ഞഴിഞ്ഞ് പോകുന്ന വാതിൽ
ഉടുപ്പിന്റെ കുടുക്ക് പോലെ
മടിയിലിട്ട് തുന്നുന്ന
അവൾ

ഇല്ല എന്ന വാക്കിട്ട്
ഒരു കിളിപ്പൊക്കം ഉയരത്തിൽ
കെട്ടിപ്പൊക്കിയ,
അടിസ്ഥാനത്തിന് മുകളിൽ
എല്ലാ കൊത്തുപണികളും
കഴിഞ്ഞ്,
അനാച്ഛാദനം കാത്തുകിടക്കുന്ന
അയാളിപ്പോൾ
ആരുടേയോ
ഭ്രാന്തിന്റെ ശിൽപ്പം.

Comments

  1. അയാളുടെ ശവത്തിന് ,
    ഭ്രാന്ത് കഴിഞ്ഞ ജന്മത്തിലെ ഭാഷയായിരുന്നു
    കൊല്ലപ്പെടുന്നത് വരെ ഒരു കവിതയും ...

    ReplyDelete

Post a Comment