Skip to main content

പുതിയ സൂര്യൻ

ഞാനും മറ്റൊരാളുടെ
നൃത്തവും ഒരിടത്തിരിക്കുന്നു
ഇരുന്നിരുന്ന്
നൃത്തം എൻറേതാവുന്നു
ഞാൻ മറ്റൊരാളും..

അടുത്ത്
അപ്പൂപ്പന്താടിമുഖമുള്ള
ഒരുവൾ.

അവൾക്ക്
അണിവിരലിൽ
പുഴ
മറവിയുടെ ഉടൽ..

ഞാൻ
അവൾ വെയ്ക്കുന്ന
തൊട്ടാവാടിച്ചുവടുകൾ...

എന്നിൽ ചാരിവെച്ച്
അവളുടെ ഉടലിലേയ്ക്ക്
കയറിപ്പോകുന്ന
ചിത്രശലഭങ്ങൾ

അവർക്ക്
തുള്ളികളുടെ
ഗോവണി

കയറുന്തോറും
പൂമ്പാറ്റക്കാലുകളിൽ
നിന്നും അടർന്നുവീഴുന്ന
കാലങ്ങളുടെ പൂമ്പാറ്റകൾ

ഇറ്റുന്ന ആഴങ്ങൾ

ശലഭങ്ങൾക്കും
അവയുടെ ചിറകിനും
പറക്കലിനും
വെവ്വേറെ ഭ്രാന്തുകൾ

ഉയരം
അവയുടെ ഭ്രാന്ത്
ഒരുമിച്ച്
മായ്ച്ചുകളയുന്ന മായ്പ്പ്കട്ട

അവൾ എന്റെ ഉയരം
ഞാൻ അവളുടെ ആഴത്തിന്റെ
നാലാം ചിറക്

വെറും ശബ്ദംകൊണ്ട് ഉണ്ടാക്കാവുന്ന
അനുകരണ കലയാവുന്നു
അവളുടെ
ഒറ്റപ്പെടലിന്റെ കടൽ

പെയ്യുന്നതായി
തകർത്ത് അഭിനയിക്കുകയാണ്
ഞങ്ങളുടെ
ഭ്രാന്തുകളുടെ മഴ
നുരയും പതയും വരുന്നതിനിടയിൽ
ഞാനതിന്
ഒരു തുള്ളി കൊണ്ട്
ഡബ്ബ് ചെയ്യുന്നു.

എന്ന് വെച്ചാൽ
ഒന്നുമില്ല,
പറഞ്ഞാൽ കേൾക്കാത്ത
ദിക്കുകൾ കടന്ന്
കിഴക്കുദിക്കുമായിരിയ്ക്കും
കൂടുതൽ കവിതകളടങ്ങിയ
ഒരു പുതിയ സൂര്യൻ!

Comments

  1. ഇനിയും ദിക്കുകൾ കടന്ന്
    കിഴക്കുദിക്കുമായിരിയ്ക്കും
    കൂടുതൽ കവിതകളടങ്ങിയ
    ഒരു പുതിയ സൂര്യൻ ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു സൂര്യനൊരു കൊക്കൂൺ വിഷാദമൊരു കിളിക്കൂട് എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ പക്ഷേ കഴിഞ്ഞില്ല  ജമന്തിനിശ്വാസങ്ങളും വേനലും പക്കമേളങ്ങളും എന്ന് ചുരുക്കി ബാക്കിയായി പെരുക്കങ്ങൾ  ഒരു തബലയാവും വെയിൽ അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ ഒപ്പം പുതിയൊരു തബലയും സംഗീതത്തിൽ നിന്ന്  ഒരൽപ്പം മാറി താളങ്ങൾ ഏതുമില്ലാതെ ഒരു തബലയാവും സൂര്യൻ ഈണവെയിൽ എന്നൊക്കെ കുറിക്കുവാൻ തോന്നി ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി ശബ്ദങ്ങൾ പുരട്ടി ഓരോരുത്തരും കൊണ്ട് വരും  വിരൽ വെയിലിൽ തട്ടുന്നു നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ വെയിൽ തുടച്ച്  തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു മഞ്ഞുകാലം, ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു ഉടൽകൊണ്ട് ഉടലിനേ,  കൊണ്ട് നടക്കുന്നു വെയിൽ കൊണ്ട് വെയിലിനേ അടച്ചുവെക്കുന്നു കാറ്റത്തും മഴയത്തും എന്ന പോലെ കറുത്ത ശബ്ദത്തിൻ്റെ കുറുകിയ തോൽ വിരലുകൾ സൂര്യനേ തബലകളിൽ ഒഴിച്ചുവെക്കുന്നു നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ സിഗററ്റിൽ നിന്നും  ചാരത്തേ എന്ന പോലെ  തബലയുടേതല്ലാത്ത ശബ്ദത്തെ ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു സൂര്യൻ്റേത...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ