എഴുത്ത് തീരത്തെ കടൽ
എഴുതാനിരിക്കുമ്പോൾ
ജനലിനപ്പുറം പ്രത്യക്ഷപ്പെടും കടൽ
പിന്നെ അത് എന്നോ ഏതോ
ഒട്ടിച്ചുമറന്ന തപാൽസ്റ്റാമ്പിലേക്ക്
ഇരമ്പം മറന്നുവെച്ച്
അതിൻ്റെ മടങ്ങിപോക്ക്
എഴുതാനിരിക്കുന്നവരുടെ കടൽ
മടങ്ങിപ്പോകുന്നവരുടെ കടലിനേക്കാൾ
കൂടുതൽ ഇരമ്പങ്ങൾ ബാക്കിവെക്കുന്നു
കാതോരത്തെ കടലും പകലും
ചുണ്ടിന്നോരത്തെ പുഞ്ചിരി
രാത്രി,
നക്ഷത്രങ്ങൾ ഇട്ടുവെക്കുന്ന പഴ്‌സായിരിക്കുമ്പോഴും
രണ്ട് പകലുകൾക്കിടയിലെ കടൽ
എന്ന് നടക്കുന്നു
പിന്നെ എപ്പോഴോ കിടക്കുന്നു
മഴക്കാലരാത്രികൾ ഇട്ടു വെക്കുന്ന
അവളുടെ ഭാഷയുടെ പേഴ്സാവും ഞാൻ
രാത്രിനാണങ്ങൾ നക്ഷത്രങ്ങളിൽ ഇട്ട് വെച്ച് പതിവായി ആകാശത്ത്
ഉറങ്ങാൻ പോകുന്നവരായിരുന്നു
ഉണരുമ്പോൾ പാതിനനച്ച
ഉപ്പുരുചിപ്പരലേ എന്ന് മടക്കം നുണയും രണ്ട് കടലുകൾ
കുറവ് നക്ഷത്രങ്ങൾ ഉള്ള രാത്രി
ഏറ്റവും പഴക്കമുള്ള വസന്തത്തിൻ്റെ
ഗൃഹാതുരത്തത്തെ നോക്കിയിരിക്കുന്നു
ഏറ്റവും പഴക്കമുള്ള വസന്തത്തിൻ്റെ
ഗൃഹാതുരത്തം അതിൻ്റെ നൊസ്റ്റാൾജിയൻമറുകുള്ളവളെ
കാണുന്നു
അഭിസംബോധനകളുടെ വസന്തമേ
എന്ന് അവളേ ഓരോ പൂക്കളും.
അവളുടെ ഋതുവിരൽ പരതലിൽ
മാഞ്ഞുപോകും പകൽ!
2
ദ്വാരകേ,
പ്രതീക്ഷയോളം വലിയ കൃഷ്‌ണനില്ല
കടലെടുത്ത് നിർത്തിയിടത്ത് നിന്ന്
ഞാൻ തുടങ്ങുന്നു
ഒന്നും കടലെടുത്ത് തീരുന്നില്ല
എടുത്ത് തീരാത്ത ഒന്നിൻ്റെ തുടർച്ചയാവും കടൽ
കടലാണോ അതോ
എടുത്ത് തീരാത്ത മടുപ്പാണോ
ഇനി അതോ
കടലെടുക്കും കാലമോ
ജലം ചേർത്ത കാലത്തേ
കടലെന്ന് വിളിക്കുമോ
അതോ ഇനി ദ്വാരക തന്നെയോ എന്ന് ഉറപ്പില്ലാതെ അവൾ
കൃഷ്ണനല്ല എന്ന ഉറപ്പ് മാത്രം
കൈ മുതലായുള്ള ഞാൻ
ഒരു മിന്നാംമിന്നിക്കുള്ളിൽ
കൃഷ്ണമിനുക്കം
രാത്രിക്കും നേരത്തേ എന്ന്
ഉള്ളിലെ മിനുക്കങ്ങൾ
അവൾ വിരഹസമുദ്രത്തിലെ
ഒരു പരിഭവത്തിര മാടി ഒതുക്കുന്നു
ഒരു നാലുമണിച്ചുരുൾ അവളുടെ നെറ്റിയിലേക്ക് വീഴുന്നു....
Comments
Post a Comment