Skip to main content

തുമ്പിശീലങ്ങൾ ശാന്തത

അത്രയും ശാന്തമായി 
തുമ്പിയിരിക്കുന്നതിന്നടിയിലെ 
നിമിഷം മോഷ്ടിക്കുന്നു
അതും തുമ്പിയേക്കാൾ ശാന്തമായി
സമീപിക്കുമ്പോഴുള്ള തുമ്പികളുടെ സഹജമായ വെപ്രാളം തീരെയില്ലാതെ

മോഷ്ടിച്ചത് മുതൽ 
തുമ്പിക്ക് ചോട്ടിലിരുന്നും 
എൻ്റെ കൈവെള്ളയിലിരുന്നും 
നിമിഷം തുളുമ്പുന്നു

അഥവാ
നിമിഷങ്ങളുടെ നിഘണ്ടു
തുളുമ്പുന്നു എന്ന വാക്ക് 
എത്തിനോക്കും വിധം

തുമ്പിയല്ലാ എന്ന കല്ലിൻ്റെ ഭാരം
ഓരോ നിമിഷവും ഞാൻ ചുമക്കുന്നു

അരക്ഷിതാവസ്ഥകളിൽ നിന്നും ദൈവങ്ങളെ രക്ഷപ്പെടുത്തുന്ന
കൽപ്രതിമകളേ എന്നൊരു പ്രാർത്ഥന
എനിക്കരികിൽ 

അതിൽ അതിലും ശാന്തമായി.
ഇപ്പോൾ തുമ്പിയിരിക്കുന്നു

2

ദൈവം കൽപ്രതിമളുടെ നിഘണ്ടു
നിമിഷങ്ങളുടെ  തീർത്ഥാടകനാവും മുമ്പത്തെ തുമ്പിയും ഒരു പക്ഷേ 
അതേ അനന്തതയുടെ ചിറകുള്ളത്

അന്തർമുഖത്വമുള്ളവരുടെ നോമിനീ
എന്നൊരു കുത്തുവാക്ക് 
തുമ്പിശീലങ്ങൾ മറികടക്കുന്നു
അവഗണന തന്നെ മറ്റൊരു കുത്തുവാക്കാകുമ്പോഴും
തുമ്പി അതവഗണിക്കുന്നു

ധ്യാനവ്യാകരണങ്ങളിൽ
ബുദ്ധനും ഭാഷയും
തുമ്പിശാന്തതകളിൽ 
ജലവും നിമിഷങ്ങളും

നിമിഷത്തിലിരിക്കുന്ന തുമ്പി
എന്ന്  ബുദ്ധൻ നിരന്തരം,
ധ്യാനത്തിലേക്ക് തുളുമ്പുന്നു

എനിക്ക് മുമ്പിൽ
ധ്യാനത്തിലേക്ക് മാത്രം തുളുമ്പും
തുമ്പിയാവും ബുദ്ധൻ

3

ജലമാകുവാൻ പോകും ഇന്നലെകളെ
നിമിഷങ്ങളുടെ വനദേവതകൾ
കാടുകളിൽ നിന്നും ജലത്തിൽ നിന്നും കണ്ടെടുക്കും വിധമാവണം

അനുഭവിക്കാത്ത
കടന്നുപോകാത്ത പുതിയൊരു ഇന്നലെ
തുമ്പികൾക്കും മനുഷ്യർക്കും
ഇടയിലായി വനദേവതകൾ അനുവദിക്കുന്നു

വനദേവതകളുടെ ഇന്നലേ
വേനൽക്കാലങ്ങളുടെ ശംഖേ
അനുവാദങ്ങളുടെ തുളുമ്പലാകണം
ഭംഗി കൂട്ടിവെക്കും തുള്ളികൾ

4

എത്രമാത്രം ഇന്നലെ ചേർത്തിട്ടാവും
തേനിത്രത്തോളം മധുരിക്കുന്നുണ്ടാവുക

എത്രത്തോളം ഇന്നലെകൾ ചേർത്തിട്ടാവും ഇത്രമേൽ നിലാവ്, സുതാര്യമായിട്ടുണ്ടാവുക

ഇന്നലെയുടെ ശംഖേ എന്ന വരിയും
എന്നെ സമീപിക്കുന്നുണ്ട്
നിലാവതിൽ അതിസൂക്ഷമതീർത്ഥം

5

ഉറക്കം ആമ്പലുകൾ,
ജലത്തിൽ എടുത്തുവെക്കുമ്പോലെ
ജലവിരഹത്തിൻ്റെ മാതൃകകൾ
പ്രതിമകളിൽ നിർമ്മിക്കുന്നു
വിരഹത്തിൻ്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമേ
എന്നൊരു പ്രാർത്ഥന
കണ്ണിൽ തങ്ങിനിൽക്കുന്ന തുമ്പി
വിരൽ കൂമ്പലുകൾ കടക്കുന്നു
ചുറ്റും വിരഹജലം.

നീലയും അതിൻ്റെ ഇളം നീലയും
ആകാശത്തിൻ്റെ 
പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കാണാമെങ്കിൽ മാത്രം
ശൂന്യതയും അതിൻ്റെ ഇളം ശൂന്യതയും
അടയാളപ്പെടുത്തും ഇടങ്ങളിൽ
ഋതുക്കൾ മറികടക്കും,
തുമ്പിഉദാസീനതകൾ

ആകാശം തന്നെ കത്തിച്ചിട്ട്
ആകാശം ഉയർത്തുന്നിടത്ത്
മേഘങ്ങൾ തീവണ്ടികൾ കളിക്കുന്നിടത്ത്
തുമ്പികളുടെ ലെവൽ ക്രോസിങ്ങുകൾ
ഇരജാഗ്രതകൾ നിഷേധിക്കപ്പെടുന്നവരുടെ ആത്മവിശ്വാസം മേഘങ്ങൾ,
ഭാരമില്ലായ്മകളിലൂടെ കടത്തുന്നു

6

ഇതിനിടയിൽ 
തുമ്പിക്ക് പാകമായ നിമിഷങ്ങൾ തിരഞ്ഞ് ഞാനും തുമ്പിയും 
നിമിഷങ്ങളുടെ ഷോപ്പുകൾ
സന്ദർശിക്കുന്നുണ്ട്

വനദേവതകൾ 
ഇന്നലെയുടെ വനങ്ങൾ
സന്ദർശിക്കുന്നത് പോലെ തന്നെ
അതിലൊരു വനദേവതയാവണം
ഇന്നലെയുടെ അമ്മ

ഇന്നലെ ചേർത്ത കറികൾ
ഇന്നലെ ഉണ്ടായിരുന്ന ജനാലകൾ
ഇന്നലെകൾ കൂടുതൽ ഉണ്ടായിരുന്ന മുറികൾ എന്നിങ്ങനെ

ഒരുപക്ഷേ
അമ്മയുണ്ടായിരുന്ന ഇന്നലേകൾ
കൂടുതൽ സുപരിചിതം
എന്ന് തോന്നുമ്പോലെ

ഗൃഹാതുരത്തങ്ങളുടെ തീർത്ഥങ്ങൾക്ക്
ഇന്നലെകളിലേക്ക് കൈ നീട്ടുന്നു

സമയമില്ലാത്തത് കൊണ്ട് ഞാനിതൊന്നും എഴുതിയേക്കില്ല
ഈ കവിതയിൽ എഴുതിയിട്ടില്ലാത്ത
വരികളാണ് അധികവും
എന്നൊരു തുമ്പിയുടെ ആത്‌മഗതത്തേ
അത്രയും സൂക്ഷ്മമായി
എൻ്റെ കവിത പിന്തുടർന്ന് തുമ്പിയാക്കുന്നുണ്ട്

ആ തുമ്പിയേ ഇപ്പോൾ എൻ്റെ വാക്കുകൾ സമീപിക്കുന്നു

7

ഒരു തുമ്പിയെ പിടിക്കുവാൻ
ആവശ്യമായ സൂക്ഷമതയുടെ ശേഖരം
അരികിലെത്തുമ്പോൾ തുമ്പികൾ തട്ടിക്കമഴ്ത്തുന്നത് പോലെ
നിമിഷങ്ങളുടെ പരിസരം 
കവിതയിൽ പരന്നേക്കാം എന്നൊരു മുൻകൂർ ജാമ്യത്തിന് 
തുമ്പികൾ നിരന്തരം 
അപേക്ഷകൾ നൽകിയിട്ടുണ്ടെന്ന് തോന്നുന്നു

കൂടുതൽ ബഹുമാനം അർഹിക്കുന്നുണ്ടാവണം
തോന്നലുകളുടെ ആകാശം 

8

അടുത്ത നിമിഷത്തിൻ്റെ മുൻകൂർ ജാമ്യമേ എന്നൊരു ശ്വാസത്തിൻ്റെ അപേക്ഷ ആയുസ്സാവുന്നിടത്താണ്

ഏത് നിമിഷവും 
പറന്നുപോയേക്കാവുന്ന തുമ്പി 
അതിൻ്റെ ഇരുത്തം ഈ കവിത ഉപയോഗിക്കുന്നുണ്ട്

നിങ്ങൾക്ക് ഒന്നുമില്ല
അത് നിങ്ങൾക്കറിയാം 
ഈ നിമിഷത്തിനും അറിയാം
ആ നിമിഷത്തിൽ ഇരിക്കുന്ന 
തുമ്പിക്കും അതറിയാം
ഒന്നും അറിയിക്കാത്തത് ഈ കവിതയേയാണ്!

എന്നാലും നിനക്ക് ഒന്നുമില്ല
എന്ന് ആർക്കെങ്കിലുമൊക്കെ ആശ്വസിപ്പിക്കുവാൻ തോന്നുന്ന
മാനസീക സംഘർഷങ്ങളിലൂടെ
എനിക്കും തുമ്പിക്കും
ഇപ്പോൾ ദേ ഈ കവിതക്കും
കടന്നുപോകുവാൻ തോന്നുന്നു....


Comments

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം