Skip to main content

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ
ചുവപ്പും അതിൻ്റെ അന്തിയും
പിന്നെയും അതിൻ്റെ 
ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും 
ഒരന്തിമൊട്ട്
മറ്റൊരു പകലിൻ്റെ ഇല
വൈകുന്നേരം

സമോവറിൻ്റെ കൊടിയുള്ള
ഒരു രാജ്യമാവും ചായ
ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള 
ഒരു പാട്ടിൻ്റെ
ചുവട്ടിലിരിക്കുന്നു

കാതിൽ തലേന്നത്തെ ഇരുട്ട്
അതും നീലനിറമുള്ളത്
കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും

ഒരു ഇലത്തുമ്പിൽ വന്നിരുന്ന്
തുളുമ്പും ഭാഷ
അത് മഞ്ഞുതുള്ളിയാണെന്ന് 
പറഞ്ഞ്
മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം
ഒരു കവിതയായി പോകുമോ
എന്ന് ഭയക്കുന്ന ഞാൻ

തുളുമ്പുമ്പോൾ എൻ്റെ ഭയം 
കൂടുതൽ മനോഹരം
അത് അത്രയും സ്വാഭാവികം
പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും 
പറഞ്ഞു
മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ്
എൻ്റെ കവിതക്കില്ല

അത്യന്തം
മനുഷ്യത്തം എൻ്റെ തുളുമ്പലിൽ

ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട്
ഹാർമോണിയം പാട്ടിൻ്റെ
സമോവർ

നടക്കുന്നവരുടെ കൊടികളാണ്
കാലടികൾ
പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട്

ഭാഷയുടെ മജ്ജയുള്ള 
ഒരെല്ലാകും വാക്ക്
ഒരു മജ്ജയല്ല മൗനം

പാറുന്നുണ്ട് കാതുകളും
കാതുകൾ കൊടികളല്ല
ഒരു ലാളനയ്ക്കും 
ഉടൽ വിട്ടുകൊടുക്കാത്ത 
പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ
പാട്ടുകളോട് അടക്കം പറയുന്നു

കാതിൻ്റെ സ്വകാര്യതയിലേക്ക് 
രഹസ്യം പോലെ തുളുമ്പും
നേർത്തവാക്കിൻ്റെ ധൂളികൾ

ഭാഷയുടെ മൗനം  
കൺമഷിയായി എഴുതിയ
ഒരു വാക്കിൻ്റെ മടിയിൽ കിടക്കുന്നു
തുള്ളികളോടൊപ്പം 
പാട്ടിലേക്കും
അവളിലേക്കും തുളുമ്പുന്നു

വരൂ വിരിയാം
പൂക്കളുടെ ക്ഷണക്കത്ത്
പൂക്കൾ തയ്യാറാക്കുന്നത് പോലെ
ഉടൽ, ഉടലിന്റെ ക്ഷണക്കത്ത്
തുളുമ്പുന്ന ലിപികളിൽ
അവൾ തയ്യാറാക്കുന്നത്
ഒരു പക്ഷേ ഇറ്റുന്നതിനും മുമ്പ്

തുറക്കുമ്പോഴൊക്കെ പുതുക്കപ്പെടും
ക്ഷണക്കത്തിൻ്റെ മജ്ജയും
ഭാഷയുമാവും പ്രണയം

ഇനി ചുംബനങ്ങളിലേക്ക്
തുളുമ്പും
പ്രണയമജ്ജയാകുമോ ചുണ്ടുകൾ

ഉടുത്തിരിക്കുന്ന സാരി
ചുളിവുകളോടെ അവൾ അഴിച്ചിടുമ്പോലെ
എഴുതിയ വിരലുകൾ, 
കവിത പതിയേ അഴിച്ചിടുന്നു
ചുളിവുകൾ എൻ്റെ ഉടലിൽ

മഞ്ഞുതുള്ളികൾ,
തുളുമ്പുവാനുള്ള ലജ്ജയുടെ
വക്കത്ത്
ഒപ്പം കവിതയായി ഭാഷയുടെ ക്ഷണക്കത്തും

തീയതികൾ വെച്ച് 
മഞ്ഞുതുള്ളികൾ അലങ്കരിക്കുകയാണ്
ഭാഷ

പ്രണയമേൽവിലാസത്തോടൊപ്പം
ഓരോ വാക്കും
അയക്കുന്നതിൻ്റെ അരികിലിരിക്കുന്നു

എൻ്റെ മനുഷ്യത്തം
ഒരു ലാളനയ്ക്കും വിട്ടുകൊടുക്കാത്ത
പൂച്ചയുടൽ കൊണ്ട് നടക്കുന്നു,
എന്നവൾ

ജീവിച്ചിരിക്കുക എന്നത് ഒരു ഭാഷയാണ്
ആരും സംസാരിച്ചില്ലെങ്കിലും
അതിൻ്റെ 
ഒളിഞ്ഞുകേൾപ്പ് മാത്രമാവുകയാണ് ഉടൽ
ഒരു പക്ഷേ അവളുടേതും

സൂര്യന്നരികിൽ 
അതിൻ്റെ ഭാഷ തുന്നും അസ്തമയം
എൻ്റെ പകൽ
അസ്തമിച്ച ശേഷമുള്ള
പുതിയൊരു സൂര്യനിലേക്ക് തുളുമ്പുന്നു

ലജ്ജാലുവായ ഒരു മാനത്തിൻ്റെ
നീല മാത്രമാവും അവളുടെ നഗ്നത

പക്ഷികളുടെ ഏകാന്തതയുമായി
ആകാശം നടത്തും അഭിമുഖസംഭാഷണങ്ങൾ
ഒരു തൂക്കണാംകിളി മാത്രം 
അത് കൂടായി ഉപയോഗിക്കുന്നതാവണം

ഒരു പക്ഷേ
ഇന്നലെയിലേക്ക് എന്ന പോലെ 
ഇന്നിലേക്കും നാളെയിലേക്കും തുളുമ്പി
പൗർണ്ണമിയിലേക്കും കലയിലേക്കും
ഒരേസമയം വീഴും ചന്ദ്രൻ

ഒരു തൂക്കണാംകിളിക്കൂടാവും നഗ്നത
ഉടലുകൾ ഇപ്പോൾ കുരുവികൾ

അവയുടെ ശാന്തതക്കും
സമാന്തരമായി,
തുള്ളികൾ അതിൻെ തുളുമ്പലിൽ
തുമ്പികൾ,
തുമ്പികളുടെ ഇരുത്തത്തിന്നരികിലെ
ജനഗണമനയുടെ ജനാല

ഏഴ് തവണകൾക്കും
അതിൻ്റെ ഏഴ്  ശാന്തതകൾക്കും അപ്പുറം
അതിൻ്റെ നിശ്ശബ്ദകൾക്കും 
ശേഷം,
പുറത്തുപോകാതെ തുളുമ്പും 
ഒരു പക്ഷേ
തുമ്പികളുടെ ജനഗണമനയിലെ
ജയഹേ എന്ന വാക്കിന്
സമാനമായ വാക്ക്

ഒരു പക്ഷേ
തുമ്പികളേയും തുള്ളികളേയും 
പുറത്ത് നിർത്തി
അതിൻ്റെ തുളുമ്പലിൽ 
വാക്കുകൾ കൊണ്ട് പ്രണയം,
പങ്കെടുക്കും വിധം!












Comments

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!