Skip to main content

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും
ഓരോ നക്ഷത്രങ്ങളും
ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു,

അതിൻ്റെ നീല 
അതിൻ്റെ പ്രവർത്തിപരിചയം
അതിൻ്റെ ശൂന്യത
അത് പ്രവർത്തിക്കുന്ന ഇടങ്ങൾ

ദൈവമേ 
എൻ്റെ ബയോഡേറ്റയിലെ,
തൊഴിൽരഹിതനായ ദൈവത്തോട്
ദൈവമായിരുന്നതിൻ്റ 
പ്രവൃത്തിപരിചയം,
നീ ചോദിക്കുന്നില്ല

ഒന്നും നോക്കാതെ
ഒന്നും കാണാതെ
ദൈവമായി നീ തൊഴിൽ കൊടുക്കുന്നു

മനുഷ്യനായി ഞാൻ നിനക്ക്
തൊഴിൽ തന്ന പോലെ 
എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു

നിനക്ക് മാത്രമല്ല,
ദൈവത്തിന്നും
ഭൂമിയിലെ സകല ഉപമകളും 
പോരാതെ വരുന്നു
മനുഷ്യനായിരിക്കുന്നതിൻ്റെ നാണം
എന്നിൽ

നാണംകുണുങ്ങുന്ന 
അതിൻ്റെ തൊഴിൽ
എൻ്റെ ബയോഡേറ്റയിലെ മതം, 
നഗ്നമായി ചെയ്യുന്നു

എൻ്റെ നഗ്നതയുടെ
എൻ്റെ നാണത്തിൻ്റെ 
ബയോഡേറ്റ മാത്രമാകും ഞാൻ

ഒരു രാജ്യത്തെ ജനത മുഴുവനും
നാണത്തോടെ
തെരുവുമുറിച്ച് കടക്കുവാൻ
കാത്തുനിൽക്കുന്ന ഒരിടം

വിശ്വസിക്കുമോ നീ,
ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന്
കറുപ്പിലും വെളുപ്പിലും പതിയേ
തീ പിടിച്ചുതുടങ്ങുന്നു!

Comments