Skip to main content

ക്ഷമിക്കണം, എല്ലാ ഇലകളുടേയും പകുതിക്ക് വെച്ച് എൻ്റെയാകാശം നിർത്തുന്നു

മണ്ണിലലിയാൻ മടിക്കും
ഒരു അടർന്ന ഇല പോലെ

അടർന്നുവീഴാൻ മടിക്കും
ഉപമയുടെ ഒരിലയാവും ഉടൽ
മടിയുടെ ഒരില
കരിയിലയുടെ മാറ്റിനി

ഒരിലയും പൊഴിക്കുവാനില്ലാത്ത കാറ്റ്
അനുസരണയുടെ കല

ശാസ്ത്രത്തിൽ നിന്ന് 
ഊർജ്ജത്തെ മാറ്റിനിർത്തുന്നു
ഊർജ്ജത്തോട്, ഒരു കലയാകുവാൻ ആവശ്യപ്പെടുന്നു

ശലഭത്തിൻ്റെ ചിറകടി, 
ആകാശം കലകളിൽ
അടർത്തിയെടുക്കുന്നിടത്ത്
ഊർജ്ജത്തെ, പറഞ്ഞ് പഠിപ്പിക്കുന്നു,
കലകളുടെ സൗമ്യത.

വീശുവാൻ മാത്രമല്ല
ഓരോ ഇലയേയും നിലനിർത്തുവാനും
പരിശീലിക്കും കാറ്റ്

ആകാശം ശൂന്യതയുടെ കല
ശലഭസ്മൃതികളിൽ 
ജനിമൃതികളുടെ ആകാശം

ഗോലിയുടെ ഉരുളൽ
ഒരു കുഴിയാകും ചന്ദ്രൻ

വിരലുകളുടെ കല
കലയിലേക്ക് അതിൻ്റെ ഉരുളൽ 
ഇനി കുഴികളിലേക്ക്
പുറപ്പെട്ടുപോകുന്നുണ്ടാവുമോ
വിരലുകൾ

വിരലുകളിൽ നിന്നും 
അകലം പാലിക്കും
ശൂന്യതയുടെ ഗോലി

പടികൾക്കരികിൽ
ഒരു വാതിൽക്കാലം 
പണിഞ്ഞ് വെയ്ക്കും വീട്

നടത്തത്തിൻ്റെ മാതൃകയുണ്ടാക്കി
കാൽവിരലുകളിൽ നിന്നും
ഉടലിലേക്ക് ഒരു,
നടത്തം പടർത്തുകയായിരുന്നു

മുന്തിരിവള്ളികളിൽ
പാകമായ കൊത്തുപണികൾ പോലെ
ശിൽപ്പം അതിൻ്റെ നിശ്ചലത
പടർത്തും ഇടം
നോക്കിനിൽക്കലുകൾ മാത്രം അടർത്തുന്നു

കാൽവിരലുകൾക്ക് 
പിന്നാലെ പായും ഉടൽ

ഉടൽ മടുക്കുമ്പോൾ 
നിശ്ചലത അടർത്തുമ്പോലെ
ചലിക്കുവാനല്ല
മുകളിൽ നിർത്തിയിടുവാൻ പരിശീലിക്കും
ആകാശം

അതിൻ്റെ നീലനിർത്തലുകൾ
അവയുടെ മേഘനിർത്തുകൾ
ആകൃതികളിൽ കയറി,
മനുഷ്യരുടെ അതിശയങ്ങൾ വരുന്നു
മരണവീട്ടിലെന്നപോലെ
ഉടലില്ലാത്തവരുടെ ആകൃതികളിൽ
അവ കയറിയിറങ്ങുന്നു

ശൂന്യത നിലനിർത്തും ആകാശം
മേഘങ്ങളും നിർത്തുന്നു
ആകൃതികൾ ഇപ്പോഴും പടവുകൾ

ഭ്രമണം കൊണ്ടൊപ്പ് വെച്ച
ഒത്തുതീർപ്പുകളുടെ ഭാരം
ഒരു വാക്കിന് കൊടുക്കുമ്പോൾ
ഭൂമിയാകുന്നത് പോലെ

ഇനിയും നൂഴാത്ത ജനിമൃതി
ഇട്ടുതീരാത്ത ഒപ്പ്

ആകാശം എന്നോ കുടഞ്ഞുകളഞ്ഞ പക്ഷി
ഇനി ആകാശം പരിശോധിക്കുമോ
കലർപ്പുള്ള ആകാശം
അഥവാ ആകാശങ്ങളുടെ മിശ്രണം
എന്ന ഒത്തുതീർപ്പിലെത്തുമോ?

ലയിച്ചുചേരാൻ മടിക്കും
ശൂന്യതയുടെ മടി ഇനി ഒരു പക്ഷി,
സൗമ്യമായ് എടുത്തുവച്ചതാകുമോ
ആകാശം

അതോ എല്ലാം കഴിഞ്ഞ്
പിന്നേയും ബാക്കിവരുമോ
ഒരു പക്ഷിയോളം ശൂന്യത ആകാശത്തിൽ

പിന്നെ പൂക്കൾ എപ്പോഴും പൂക്കൾ,
എന്ന ഒത്തുതീർപ്പിലെത്തി കൊഴിഞ്ഞു
കൊത്തുപണി പൂർത്തിയാക്കിയ വാക്ക്,
ശിൽപ്പത്തിൽ നിന്നിറങ്ങി നടന്നു
കല വഷളാക്കിയ മനുഷ്യൻ എന്ന,
ശിൽപ്പഭംഗി കവിത കഴിഞ്ഞുവന്ന വാക്കിലുറഞ്ഞു.

ഒരാകാശം അതിന്റെ എത്രമത്തെ പ്രാവശ്യം എന്ന് 
എൻ്റെ ശൂന്യത എത്തിനോക്കുന്നതിലേക്ക്

ആകാശം നിർത്തുന്നു
മറ്റൊരാകാശത്തെ കയറ്റുന്നു
പുറപ്പെട്ട് പോകണ്ടാത്ത വിധം
ആകാശത്തിൻ്റെ നിർത്തിയിടൽ
എന്നൊരു ഒത്തുതീർപ്പിലെത്തുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!