Skip to main content

തീവണ്ടികളെ വളർത്തുന്ന തോട്ടത്തിൽ



തീവണ്ടികളെ വളർത്തുന്ന തോട്ടത്തിൽ

കയ്പ്പമണമുള്ള
പാവൽവള്ളികളിൽ 
മഞ്ഞപ്പൂക്കൾ പിടിക്കുവാൻ
തിരക്ക് കൂട്ടുന്ന നേരത്ത്
അനൗൺസ്മെൻറുകളുടെ വള്ളികൾ
കഴിഞ്ഞ്
തിരക്കുകളുടെ പാകമായ 
കായകൾ വകഞ്ഞ്
തീവണ്ടികൾ
വള്ളികളിൽ വന്നുനിൽക്കുന്നു

പാളങ്ങൾ 
തീവണ്ടിവളളികൾ
കാഴ്ച്ചയുടെ സ്റ്റേഷനിൽ
ശബ്ദങ്ങളെ ഇറക്കുന്നു
തിരക്കുകളെ ചരിക്കുന്നു

പുറത്ത്
ഓട്ടോറിക്ഷകൾ ചെടിച്ചെട്ടികളാണെന്ന് നീ
അവ നിരത്തിൽ 
കടുക്കങ്ങളിൽ തൂക്കിയിടുന്നു 

നീ കെട്ടിക്കിടക്കുന്ന ഭാഷയ്ക്ക് 
ചാലു കീറുന്നു
ഞാൻ മഴവെള്ളം അഴിക്കുന്നു
നമ്മൾ മനസ്സിന്റെ ചെടിച്ചെട്ടികൾ
ഉടലിൽ തൂക്കുന്നു
നടക്കുന്നു

നമ്മൾ 
പക്ഷിമന്ത്രങ്ങൾ അഴിക്കുന്ന സാവകാശങ്ങളിൽ കയറിനിൽക്കുന്നു
ഇരട്ടമഞ്ഞയുടെ ചുരം കയറുന്നു
മഴക്ക് സമാന്തരമായി സഞ്ചരിക്കുന്നു

ഓട്ടോറിക്ഷകൾ 
വാഹനങ്ങളിലെ മൈനകൾ
അവ മഞ്ഞ പുരട്ടി നമുക്കരികിലൂടെ
കടന്നുപോകുന്നു

കൂടുകുടു ശബ്ദത്തിന്റെ
അറ്റത്ത് നിന്ന്
നീ ഒരു ഓട്ടോറിക്ഷ 
കൈനീട്ടി ഇറുക്കുന്നു

സഞ്ചരിച്ച ദൂരത്തിന്റെ അറ്റത്ത്
നാഭിയിൽ താമര പോലെ
മീറ്ററിന്റെതുഞ്ചത്ത് ചെന്ന് 
വിരിയും ഓട്ടോറിക്ഷകൾ

തിരിഞ്ഞുനോക്കുമ്പോൾ
ഓട്ടോറിക്ഷകൾ അവയുടെ ആകൃതികൾ
ചെടിച്ചെട്ടികളിൽ നിന്നും 
പിഴിഞ്ഞുകളയുന്നു

കുടുക്കങ്ങൾ ഉപ്പിലിട്ടുവെച്ച
കടുമാങ്ങാ ആകൃതിയുള്ള ഉടലുകൾ
നാഭികൾ ഉപ്പ്മാങ്ങാ ഭരണികൾ

തട്ടലുകൾ മുട്ടലുകൾ ഇട്ട്
നോട്ടത്തിന്റെ വാവട്ടം കെട്ടി
ഓട്ടോറിക്ഷ ഭരണിയിൽ,
നമ്മൾ
നമ്മുടെ ഉടലുകൾ 
ഉപ്പിലിട്ടുവെയ്ക്കുന്നു

മഴയുടെ പെയ്ത്ത് പരിശീലനകേന്ദ്രമാകും മുമ്പ് 
നാഭികൾ മേഘങ്ങൾ

മേഘം കടന്നുപോയ ഉടനെ നമ്മൾ,
ഉടൽ കൊണ്ട് ആകാശങ്ങളിൽ
പ്രവേശിക്കുന്നു
മേഘങ്ങൾ, 
കടന്നുപോയ പാടുകൾ കൊണ്ട് ആകാശം നമുക്കരികിലുള്ള പൂക്കളെ
മൂടി വെയ്ക്കുന്നു

ഏഴ് അമ്പത്തൊമ്പത് 
എട്ടുമണിയാവുന്ന ശബ്ദത്തിൽ
നാരങ്ങാമണമുള്ള മയിൽപ്പീലിയിൽ
നിറങ്ങളില്ലാതെ നമ്മുടെ ഉടലുകൾ

കറിവേപ്പില മണമുള്ള മഴയിൽ നിന്നും തുള്ളികളുടെ ഒരു തണ്ടിറുത്ത് 
എനിക്കും മഴക്കും നീ വിളമ്പുന്നു
അരികിൽ നീ മനസ്സ് വെക്കുന്നു

വല്ലപ്പോഴും
ഏകാന്തതയുടെ താക്കോൽ 
ഇട്ടുവെക്കുമായിരുന്നു
ഉടൽ,
സമയത്തിന്റെ ചെടിച്ചട്ടി
പ്രണയത്തിന്റെ വള്ളിച്ചെടിയും

മാനപൂർണ്ണിമ എന്ന വാക്കിൽ തൊടും
നീലയാവും വിരൽ
ജമന്തികൾ മഞ്ഞ മേഘങ്ങൾ

മൈനക്ക് മഞ്ഞ തീപിടിക്കും ശബ്ദത്തിൽ
തിരിഞ്ഞുനോട്ടങ്ങളിലേക്ക് കലരും
നമ്മുടെ തവിട്ടുടൽ

നമുക്കരികിൽ മടക്കത്തിന്റെ മാടത്ത 
വിരലുകളുടെ തീ പിടിയ്ക്കും
ലൈറ്ററാകും കാലുകൾ
ഉടലുകൾ മുയലുകൾ

വിരലുകൾ ഓരോന്നും ഊതിക്കെടുത്തി
നൃത്തത്തിലേക്ക് മുദ്രങ്ങൾ എന്ന പോലെ
മടക്കത്തിലേയ്ക്ക് നമ്മൾ കാലുകൾ
തിരിച്ചുവെയ്ക്കുന്നു






Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...