Skip to main content

കാലം കാനേഷുമാരി എന്ന് കവിതകൾ




വറുത്തമീനുകളുടെ മ്യൂസിയം, പൂച്ചക്കണ്ണുള്ള ഒരാൾ  
സന്ദർശിക്കുന്നത് പോലെ

മൊരിഞ്ഞ നാവ്
അരപ്പ് പുരണ്ട അയാളുടെ വിരലുകൾ 
ചെറുപയർതോരന്റെ ഗ്രന്ഥം 
നഗരം തുറക്കുന്നു

വേനലിന്റെ വിധിയുമായി 
നഗ്നതയുടെ ആഴം കടക്കും
സൂര്യസെൻസസ് എടുക്കുവാൻ വരും എന്യൂമറേറ്ററിൻ നഗ്നത

ഉടൽ അതിന്റെ കാനേഷുമാരിയിൽ
പങ്കെടുക്കുന്നു
ശേഖരിക്കപ്പെട്ട യാതൊരു സ്ഥിതിവിവരക്കണക്കുകളുമില്ലാതെ
തൊട്ടാവാടി ഇല പോലെ 
മടങ്ങുന്നു

ഭഗവാൻ എന്ന ഇല
അതിൽ വീഴും ജലം പോലെ പ്രാർത്ഥനകൾ

വിളിക്കുവാൻ പേരില്ലാതെ മരം
എന്റെ മൃതദേഹം
അതിന്റെ വേരുകളുമായി പ്രണയത്തിലാവുന്നു

അഴുകുന്ന ഇലയിൽ ചുവക്കുന്ന ദൈവം
മണ്ണുകളുടെ കലാശാല
ചുവക്കുന്നഭ്രാന്തും ജമന്തിയും 

അന്ത:പുരങ്ങൾ വകഞ്ഞ്
ജമന്തിഇതളുകൾ വകഞ്ഞ്
ഹസ്തരേഖകൾ തിരുത്തി
ശരീരമില്ലാത്ത നഗ്നത
പൗരാണികതയുടെ നഗരം കടക്കുന്നു.

കൂണുകളും അവയുടെ ദൈവവും.

ഒരിക്കൽ കൂടി പ്രണയം
വനദേവതകളുടെ ഏകാന്തതയെ തൊട്ടു

പൂക്കളിൽ തേൻ എന്ന പോലെ
പ്രണയിക്കുവാനാവശ്യമായ നാണം
എന്നിൽ ശേഖരിക്കപ്പെട്ടു

ദിശകളുടെ 
കൊത്തുപണികളിൽ പങ്കെടുത്ത്
കാറ്റിലെന്നപോലെ 
മടങ്ങും പൂക്കൾ

കരിയില നിറങ്ങളിൽ
മരിച്ചുപോയവരുടെ പൂത്താങ്കീരിയുടൽ

പച്ചിലകൾ കൊണ്ട് മേഞ്ഞ
മഞ്ഞകോളാമ്പിപ്പൂക്കളിൽ 
ഞാനെന്റെ ഉലച്ചിൽ ഇട്ടുവെക്കുന്നു
ചീന്തിയെടുത്ത കാറ്റ് എന്റെ ശ്വാസത്തിലും

കൂണുകളുടെ പരാഗണത്തിൽ പങ്കെടുത്ത് 
നാണത്തോടെ മടങ്ങും ദൈവം.

ഭാഷ കൊണ്ട് ചിനയ്ക്കപ്പെടും
കുതിരയാവും രതി

അവളുടെ മൂക്കിൻതുമ്പിലെ
നനഞ്ഞമൂക്കൂത്തി പോലെ 
എന്നിലും അവളിലും
ഒട്ടിക്കിടന്നു ഭാഷ

ഞാൻ പറയേണ്ടതൊക്കെ
അവൾ പറഞ്ഞു
അപ്പോഴൊക്കെ അവളുടെ ചുണ്ടുകൾക്ക്
ഏറ്റവും ഇളം ചൂടുള്ള 
തീ പിടിച്ചു

അതിന്റെ ഏകാന്തതയുടെ 
ടാറ്റുവിന് പിന്നിൽ 
എന്റെ ചുണ്ടിന്റെ ബുദ്ധൻ
അവളുടെ മാറിൽ 
അതിന്റെ ധ്യാനത്തിന്റെ 
കിളിക്കൂട്

എന്റെ കാതുകളിൽ 
തീ നാളങ്ങളുണ്ടായി
അവളുടെ ശരീരം ഒന്നാളി 
അതണച്ചു

അവളുടെ വിരലിൽ 
വന്നിരിക്കും മുമ്പ്
ചിറകുകൾ വരച്ചു 
തുമ്പികൾ

അവ നുകർന്നു
അവളുടെ വിരലിലിലെ 
ശ്രുതിയിടും വീണയുടെ കൊത്തുപണികൾ

അപ്പോൾ പിറന്ന കുഞ്ഞിന്റെ
മയക്കം അവളുടെ കണ്ണുകളിൽ

എന്റെ കാത് 
അവളുടെ കാതിന്റെ കുഞ്ഞായി

ഞങ്ങളേ കടന്നുപോയി
നിശ്ശബ്ദതയുടെ മൃഗങ്ങൾ.

അവധി അഴിച്ചിട്ട കലാലയത്തെ
പൂർവ്വവിദ്യാർത്ഥി സമീപിക്കുന്നത് പോലെ
അവസാനകവിതയെ സമീപിക്കുന്നു.

മഴയുടെ ഉടമയായ ദിവസം

വിദൂരതയിലേക്ക് ഇറ്റി
ജാലകങ്ങൾക്ക് പകരം
വീടുകളിൽ ജീവിച്ചിരിക്കുന്നവർ
കവിതയിലേക്ക് വരികളുമിറ്റുന്നു

മഴയിൽ അലിഞ്ഞുചേരും ജാലകം
പതിയേ പെയ്യുന്ന മഴയിൽ ലയിക്കുന്നു

നീലയുടെ കാന്തത്തിലേക്ക്
ഒട്ടിപ്പിടിക്കും ആകാശം

ഇന്നലെയിലേക്ക് ഇറ്റുന്ന 
അതിലെ ഒരു തുള്ളി
മഞ്ഞിന്റെ കണ്ണുള്ള ഒരു പക്ഷി

ഇന്നലെയിലേക്കുള്ള ഒരു തുളുമ്പലിൽ
മിനിയാന്നിന്റെ മേൽവിലാസമെഴുതുന്നു
വിശേഷങ്ങൾ ഒന്നുമില്ലാത്ത ഒരു
കത്താവും കവിത

അന്തരിച്ച വേഴാമ്പലിനെ
സംസ്ക്കരിച്ച് അയാളുടെ
വീട്ടിലേക്ക് മടങ്ങും
അയൽക്കാരൻ

അയാളുടെ അകൽച്ചയിൽ
നീല പുരട്ടുന്നു
അയാളുടെ വീട് നീലിക്കുന്നു

ശൂന്യതയെ അരിച്ച 
തരി കൊണ്ട് കളഞ്ഞ് തിരിച്ച്
 ചരിച്ചുവെക്കും ആകാശം

അവസാനത്തെ പക്ഷിയിൽ നിന്നും
ആകാശത്തെ വിടുവിക്കുന്നു
ശൂന്യതയുടെ പക്ഷികൾ എന്ന് കവിതയിൽ വാക്കുകൾ.







Comments

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!