Skip to main content

തുറുപ്പ് ചീട്ട്

തലയിണയിൽ നിറയേ പുല്ല് നിറച്ച്
അത് കിളിർത്ത് വരുന്ന  
സ്വരത്തിന്റെ മടിയിൽ തലവെച്ച്
ഞാൻ ഉറങ്ങുവാൻ പോകുന്നു

തലയിണയിൽ രാത്രി
അരികിൽ ചന്ദ്രക്കല

ഒരു നക്ഷത്രത്തിന്റെ സ്റ്റാൻഡിട്ട് 
ചാരി വെച്ചിരിക്കുന്ന ഭാരമുള്ള
ബൈക്ക് പോലെ രാത്രി

ഉരുണ്ടുരുണ്ട് വീഴാവുന്ന
ചാക്കുകെട്ടുകൾ പോലെ
അട്ടിയട്ടിയായി അടുക്കിവെച്ചിരിക്കുന്ന
ബൈക്കിന്റെ ശബ്ദം,
അതിനോട് താരാട്ടാകുവാൻ
വന്യമായ ശബ്ദത്തിൽ ആവശ്യപ്പെടുകയായിരുന്നു

ഇമകളിൽ നിന്നും വലിച്ചീമ്പി കുടിക്കാവുന്ന പാല് പോലെ ഉറക്കം
നക്ഷത്രാകൃതിയുള്ള ക്ഷീണം

ഉറക്കം എന്നത് 
എന്റെ കുതിരയുടെ പേരല്ല

ഗ്രാമാതിർത്തിയോട് ചേർന്ന്
അടയ്ക്കുവാൻ പോകുന്ന കടയിൽ
തുകലിന്റെ അതിരുകളുള്ള
ജീനിവള്ളിക്ക് 
ഞാനും എന്റെ കുതിരയും
താരാട്ടിന്റെ ഭാഷയിൽ
വിലപേശുന്നു

മൈനയുടെ ഗീയർബോക്സിലെ
തവിട്ട്ക്ലച്ച് അമർത്തിമാറാവുന്ന
ന്യൂട്രലിന്നരികിലെ മഞ്ഞ 

നിറം കൊണ്ട് തവിട്ടാണ് എന്റെ കാലുകൾ
മൈനയുമായി ഞാനത് 
നടക്കുമ്പോഴും
പറക്കുമ്പോഴും പങ്കിടുന്നില്ല

ചിനപ്പുകൾ നനച്ച്
കാലുകൾ കുടഞ്ഞ്
അരുവിയരുകിലെ
എന്റെ ഉടലും അതിന്റെ കുതിരയും

അതിന്റെ തവിട്ടുവേഗത്തിൽ
മഞ്ഞയുടെ ഗീയറുമാറി
മൈന
അതിന്റെ തവിട്ട്നിറമുള്ള എട്ടുമണിയിരുട്ട് എന്റെ രാത്രിയിൽ ചേർക്കുന്നു

ചോക്ലേറ്റ് നിറമുള്ള എന്റെ കുതിര
അതിന്റെ പാൽനിറമുള്ള 
ചാറ്റൽ വേഗങ്ങളോട് സന്ധിചെയ്തു തുടങ്ങിയിരിക്കുന്നു

ചോക്ക്ലേറ്റ് നിറമുള്ള വേനൽ
അതിന്റെ മഴ കലർന്ന പ്രതിബിംബങ്ങളോട്

കുതിരയുടെ ചോക്കളേറ്റ് ഉടൽ അവസാനിക്കുന്നിടത്ത്
പാലിന്റെ കുഞ്ചിരോമങ്ങൾ 
കുതിര തുടങ്ങിവെക്കുന്നു

പാലിന്റെ പിൻകഴുത്തുള്ള കുതിര
സവാരിയിലേക്ക് തൂക്കിയിടും
അതിന്റെ ചോക്ക്ലേറ്റുടൽ
പകലിന് പകരമുള്ള എന്തും
ഇപ്പോൾ എന്റെ ഉടലെന്ന് ഞാൻ

കളിയിൽ ചീട്ടുകൾ എന്ന പോലെ
ഓടുന്തോറും കുതിര അതിന്റെ കുളമ്പടിയൊച്ചകൾ ഇറക്കുന്നു

ഇറക്കുന്നതിന് മുമ്പ് കുതിര
അതിന്റെ കുളമ്പടിയൊച്ചകൾ കശക്കുന്നു
കശക്കുന്ന ചീട്ടിൽ 
ഓടുന്ന കുതിരയുടെ ചിത്രം മാത്രം,
ഞാൻ കാണുന്നു

ഓടുന്നതിന് മുമ്പിലേക്കിറങ്ങി
ചിനക്കുന്നതിന്റെ തുറുപ്പ് ചീട്ടിറക്കി
എന്റെ കുതിര അതിന്റെ ഓട്ടം വെട്ടുന്നു
അതിന്റെ വേഗങ്ങളിൽ മൈന

ഒഴുക്കിന്റെ നാല് കുളമ്പടിയൊച്ചകൾ ഇറ്റിക്കുമെങ്കിൽ 
പുഴയെന്ന് വിളിക്കുവാൻ 
ഇഷ്ടമുള്ള കുതിരയുണ്ടായിരുന്നു
എനിക്ക് 
ഞാനത് കുതിരകൾ പായുന്ന
താളത്തിൽ ഓർത്തെടുക്കുന്നു

എന്റെ കുതിര
അതിന്റെ കുളമ്പടിയൊച്ചയുള്ള മറുകിന്റെ അരികിൽ കിടക്കുന്നു
ഭാഷയുടെ ജീനിവള്ളികളോട്
അത് കവിതയുടെ താളത്തിൽ കലഹിക്കുന്നു

എന്റെ ഉടലിന്റെ കുരങ്ങുവള്ളികൾ
രാത്രിയിലേക്ക് പടരുന്നതിന്റെ താളത്തിൽ 
അത് മൈനയിൽ അലസമായി കുരുങ്ങുന്നു

ആത്മാവിന്റെ മൗത്ത്ഓർഗൻ പോലെ
കളം കളം ചതുരങ്ങളിൽ 
അടുക്കിവെച്ചിരിക്കുന്ന രാത്രി 

ഉറക്കം ഒരു മൗത്ത് ഓർഗനാവുന്നു

എന്റെ തവിട്ട് ഞാനൊരു മൈനയിലെടുക്കുന്നു
സോഡാ കുപ്പിയുടെ മൂടി പോലെ മൈനയിൽ നിന്നും തെറിക്കും മഞ്ഞ

ശിൽപ്പത്തിന്റെ ബാറിൽ നിന്നും 
ശിൽപ്പത്തിന്റെ ഛായയുള്ള മൈക്കലാഞ്ജലോയെ 
പുറത്താക്കുന്നത് പോലെ
ഉറക്കത്തെ പുറത്താക്കുകയാണ്
എന്റെ ഉറയ്ക്കാത്ത കാലടികളുള്ള 
സ്വപ്നം

നിശ്ചലതയുടെ ചഷകം 
ശിൽപ്പത്തിന്റെ കൈയ്യിൽ

അരോഗദൃഡഗാത്രത 
ഒരു ചന്ദ്രക്കലയിലാരോപിക്കുകയാണ്
തുറുപ്പ്ചീട്ടുകളുടെ നഗരം

അരോഗദൃഡഗാത്രമായ ഒരു ചന്ദ്രക്കലക്കരികിൽ
നഗ്നത നഷ്ടപ്പെട്ട ദൈവം

ഒരു തുറുപ്പ്ചീട്ടാവും നഗ്നത

കലയിൽ നിന്നും 
ഒരു ഇറോട്ടിക് ചന്ദ്രനെ 
ദൈവത്തിന്റെ രാത്രി 
മൈനയറിയാതെ അഴിച്ചുവിടുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!