Skip to main content

പവിഴമല്ലി വിചാരങ്ങൾ

നിറയെ പൂത്ത്
കൊഴിഞ്ഞുവീഴാറായ പവിഴമല്ലിയെ
കാറ്റ് സമീപിയ്ക്കും വിധം
ഞാൻ നിന്നെ സമീപിയ്ക്കുന്നു.

നിനക്ക് ഞെട്ടുള്ള കാറ്റിന്റെ വെള്ളനിറം

അതേ കാറ്റിൽ
പവിഴമല്ലിച്ചോപ്പിന്റെ നിറം
കലരും വിധം
സമീപനങ്ങളിൽ
മാറ്റം വരുത്തുന്ന
നമ്മൾ

ഇപ്പോൾ നീ പൂത്തെന്ന് വരുത്തുന്നു.
ഞാൻ വീശി കാറ്റിന്റെ അറ്റത്ത് നിൽക്കുന്നു
നീ ഉലഞ്ഞെന്ന്
ഒരു തോണിപ്പൂക്കൾ കൊഴിഞ്ഞെന്ന്
കൊഴിഞ്ഞു വീഴുന്നിടം
പുഴയായെന്ന്
അതിന് പവിഴമല്ലിയൊഴുക്കെന്ന്
അതിലൊരു പവിഴമല്ലിപ്പൂവിന്
സൂര്യൻ പ്രണയിക്കുന്ന മണമെന്ന്

കൊഴിഞ്ഞുവീഴുന്ന മല്ലിപ്പൂക്കൾ
അങ്ങിനെ ഓരോന്ന്
വിചാരിയ്ക്കുന്ന ശബ്ദത്തിൽ
നമ്മൾ ചാരിയിരിയ്ക്കുന്നു.

നമുക്കിടയിൽ
പവിഴമല്ലിപ്പൂക്കളെ പ്പോലെ
വെള്ളയിൽ ചോപ്പ് കലർന്ന
ഇരുനിറമുള്ള നിശ്ശബ്ദത

നിന്റെ ചുണ്ടിലെ ചോപ്പ്
ചുംബനത്തിലേയ്ക്ക് വീണ്
എന്റെ കണ്ണിന്റെ വെള്ളയിൽ കലരുന്ന
നിശ്ശബ്ദത.

ഒരു ചെരിവും
ചുവരുമാകുന്നു
അസ്തമയത്തിന്റെ
പവിഴമല്ലികളിൽ
ചാരിയിരിയ്ക്കുന്ന സൂര്യൻ.

Comments

  1. കൊഴിഞ്ഞുവീഴുന്ന മല്ലിപ്പൂക്കൾ
    അങ്ങിനെ ഓരോന്ന്
    വിചാരിയ്ക്കുന്ന ശബ്ദത്തിൽ
    നമ്മൾ ചാരിയിരിയ്ക്കുന്നു.

    നമുക്കിടയിൽ
    പവിഴമല്ലിപ്പൂക്കളെ പ്പോലെ
    വെള്ളയിൽ ചോപ്പ് കലർന്ന
    ഇരുനിറമുള്ള നിശ്ശബ്ദത...

    ReplyDelete

Post a Comment