Skip to main content

ഞാനല്ലാത്ത ഒരാൾ


നഗരം അതിന്റെ തിരക്കിനുള്ളിലേയ്ക്ക്
ഒരാളെക്കൂടി കൂട്ടുവാനുള്ള
തയ്യാറെടുപ്പിലാണ്

അതിനിടയിൽ
എന്റെ
തിരക്കിനെ
മറ്റൊരാളെ വിട്ടു ലാളിയ്ക്കുന്നു
താരാട്ടുന്നു
ഉറക്കുന്നു

ഉറങ്ങിക്കഴിഞ്ഞാൽ
ഉമ്മ വെച്ച്
നഗരം
മറക്കുന്ന
ഒരാളെന്ന നിലയ്ക്ക്
ഇനി
എന്തിന് എന്ന വാക്കിനെ
എനിയ്ക്ക്
ഇറക്കി വിടണം

പക്ഷേ
എവിടെ?
എങ്ങിനെ?
എന്ന ചിന്തയിലാണ് ഞാൻ

അങ്ങിനെ ചിന്തിയ്ക്കുമ്പോൾ
ഞാൻ തന്നെ
എന്തിന്
എന്ന
വാക്കാകുന്നു

ആരോടും
ഒന്നും പറയാനാവാത്തത് പോലെ
വിക്കുന്നു
വിങ്ങുന്നു

അടക്കാനാവാത്തത്
പോലെ കരയുന്നു

വലിയ്ക്കുന്ന പുക പോലെ
അടുക്കാനാവാത്ത കാലുകളിൽ
നടന്നു പോകുന്ന ചിലർ
എന്നേ നോക്കി
ചിരിയ്ക്കുന്നു

നേർത്ത് നേർത്ത്
ഒരു വരയെന്ന നിലയിൽ
ഒരു വരിയിലും
ഇറക്കിവിടാനാവാതെ
അധികം തിരക്കില്ലാത്ത
ഒരുനിറത്തിലേയ്ക്ക്
ഒറ്റനോട്ടത്തിൽ
കയറിപ്പോകുന്ന ഞാൻ

ഐസ് കട്ട ഇട്ട
ഗ്ലാസിൽ നിന്നും
ഊഷ്മാവിനേയും
സുതാര്യതയേയും
പുറത്താക്കുന്ന ലാഘവത്തോടെ
ലഹരി എന്ന നൃത്തം
നിറത്തിൽ നിന്നും
എന്നെ പുറത്താക്കുന്നു

കറുപ്പെന്ന നിറം മാത്രം
ചെറുപ്പമാകുന്ന രാത്രിയിൽ
ജലവും
ഗോളാകൃതിയും
പകലോളം
വൃദ്ധരാകുന്നത്
എന്തിനെന്നറിയാതെ
ഞാനല്ലാത്ത
ഒരാൾ
നോക്കിനിൽക്കുന്നു!

Comments

  1. പക്ഷേ
    എവിടെ?
    എന്തിന് ?
    എങ്ങിനെ?
    എന്തിനെന്നറിയാതെ
    ഞാനല്ലാത്ത ഒരാൾ നോക്കിനിൽക്കുന്നു!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...